മലപ്പുറം: മുസ്ലിം ലീഗ് അധ്യക്ഷന്‍ സാദിഖലി തങ്ങളെ അധിക്ഷേപിക്കുന്ന പോസ്റ്റ് മാപ്പര്‍ഹിക്കാത്ത മഹാപരാധമെന്ന് തവനൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ ടി ജലീല്‍. തങ്ങളെ താറടിച്ചു കാണിക്കാനുള്ള കുല്‍സിത ശ്രമമാണ് നടക്കുന്നത്. ഏതു മാന്യനേയും മോശമാക്കാന്‍, എഐ ചിത്രങ്ങള്‍ ഉപയോഗിക്കുന്നത് വലിയ തെറ്റാണ്. പൊലീസ് ശക്തമായ ഇടപെടല്‍ നടത്തണമെന്ന് കെ ടി ജലീല്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയെ ബന്ധപ്പെട്ട് കാര്യങ്ങളുടെ ഗൗരവം ധരിപ്പിക്കുമെന്നും കെ ടി ജലീല്‍ പ്രതികരിച്ചു.
|
വ്യാജ ഐഡിയില്‍ നിന്ന് തങ്ങളെ അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചാണ് പോസ്റ്റിട്ടിരിക്കുന്നതെന്ന് മുസ്ലിം ലീഗ് ആരോപിച്ചു. ലീഗ് നല്‍കിയ പരാതിയില്‍ മലപ്പുറം സൈബര്‍ ക്രൈം പൊലീസ് കേസെടുത്തു. അപകീര്‍ത്തിപ്പെടുത്തല്‍, പ്രകോപനം സൃഷ്ടിക്കല്‍, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്
കുറിപ്പിന്റെ പൂര്‍ണരൂപം
സാദിഖലി തങ്ങളെ അപമാനിക്കാനുള്ള ശ്രമം കരുതിയിരിക്കുക. കക്ഷി രാഷ്ട്രീയ ഭേദമന്യെ ബഹുമാനിക്കുന്ന വ്യക്തിയാണ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. ഞാന്‍ ഉള്‍കൊള്ളുന്ന തൊഴുവാനൂര്‍ മഹല്ലിന്റെ ഖാളി കൂടിയാണ് ആദരണീയനായ തങ്ങള്‍. അദ്ദേഹത്തെ സമൂഹ മദ്ധ്യത്തില്‍ താറടിച്ചു കാണിക്കാന്‍ നടത്തുന്ന കുല്‍സിത നീക്കങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം. പുതിയ സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ച് ആരെയും എന്തും ആക്കാന്‍ സാധിക്കും.
സാദിഖലി തങ്ങളെ സ്‌കൂള്‍ പഠന കാലം തൊട്ട് വ്യക്തിപരമായി എനിക്കറിയാം. എന്റെ മൂന്നു വര്‍ഷം സീനിയറായി ചേളാരി ‘സമസ്താലയ’ത്തില്‍ ഞങ്ങള്‍ ഒരുമിച്ച് പഠിച്ചവരാണ്. അന്ന് മുതല്‍ക്കേ സാദിഖലി തങ്ങളെ എനിക്ക് വളരെ അടുത്തറിയാം. മാന്യമായ പെരുമാറ്റം കൊണ്ടും കുലീനമായ സമീപനം കൊണ്ടും എന്റെ മനസ്സില്‍ ഇടം നേടിയ വ്യക്തിയാണ് സാദിഖലി തങ്ങള്‍. രാഷ്ട്രീയമായി ഞാന്‍ അദ്ദേഹത്തെ വിമര്‍ശിച്ചിട്ടുണ്ട്. ആ വിമര്‍ശനം മേലിലും തുടരും. പക്ഷെ ഒരിക്കലും വ്യക്തിഹത്യ നടത്തിയിട്ടില്ല. നടത്തുകയുമില്ല.
സാദിഖലി തങ്ങളുടെ സഹധര്‍മ്മിണി സുല്‍ഫത്ത് ബീവി, പി.എസ്.എം.ഒ കോളേജില്‍ എന്റെ ക്ലാസ്‌മേറ്റാണ്. ഇംഗ്ലീഷിനും അറബിക്കിനും ഞങ്ങള്‍ ഒരേ ക്ലാസിലായിരുന്നു. സാദിഖലി തങ്ങള്‍ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന നിര്‍മ്മിത ബുദ്ധി (എഐ) ഉപയോഗിച്ചുള്ള ചിത്രങ്ങള്‍ തീര്‍ത്തും വ്യാജമാണ്. ഏതു മാന്യനേയും മോശമാക്കാന്‍ ഇതുപോലുള്ള വഴികള്‍ സ്വീകരിക്കുന്നവര്‍ ചെയ്യുന്ന മഹാപരാധം മാപ്പര്‍ഹിക്കാത്തതാണ്. ശക്തമായ നിയമ നടപടി വ്യാജ പ്രചരണങ്ങള്‍ക്കെതിരെ സ്വീകരിക്കുമെന്ന ലീഗ് നേതൃത്വത്തിന്റെ നിലപാട് സ്വാഗതാര്‍ഹമാണ്. പോലീസ് ശക്തമായ ഇടപെടല്‍ നടത്തണം. കുറ്റക്കാരെ കര്‍ശനമായി ശിക്ഷിക്കണം. മുഖ്യമന്ത്രിയെ ബന്ധപ്പെട്ട് കാര്യങ്ങളുടെ ഗൗരവം ധരിപ്പിക്കും. ഇക്കാര്യത്തില്‍ സാദിഖലി തങ്ങള്‍ക്കൊപ്പം.
ഫേസ്ബുക്ക് പോസ്റ്റിനെതിരേ കേസ്
മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങള്‍ക്കെതിരെ വ്യാജ പ്രചാരണം നടത്തിയെന്ന പരാതിയില്‍ കേസെടുത്തു. ലൈംഗികാരോപണം ഉന്നയിച്ച അജ്ഞാത ഐഡിക്കെതിരെ മുസ്‌ലിം ലീഗ് പരാതിയില്‍ മലപ്പുറം സൈബര്‍ ക്രൈം പൊലീസാണ് കേസെടുത്തു. അപകീര്‍ത്തിപ്പെടുത്തല്‍, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. അക്കൗണ്ട് വഴിയാണ് സാദിഖലി തങ്ങള്‍ക്കെതിരെ ആരോപണം ഉന്നയിച്ചത്. അടുത്തിടെയാണ് അക്കൗണ്ട് ആരംഭിച്ചതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
വ്യാജ പോസ്റ്റ് പ്രചരിപ്പിച്ച സൈബര്‍ ഹാന്‍ഡിലുകള്‍ക്കെതിരെയും ലീഗ് പരാതി നല്‍കും.ആരോപണം ഉന്നയിച്ച ഫേസ്ബുക്ക് അക്കൗണ്ട് ഫോളോ ചെയ്തിരിക്കുന്നത് സിപിഎം സൈബര്‍ ഹാന്‍ഡിലായ അഫ്‌സല്‍ പാണക്കാടിനെ മാത്രമാണ്. എന്നാല്‍ ആരോപണം ഉന്നയിച്ച ഫേസ്ബുക്ക് അക്കൗണ്ടിനെക്കുറിച്ച് അറിയില്ലെന്ന് അഫ്സല്‍ പാണക്കാട് പ്രതികരിച്ചു.





