09
Mar 2026
Mon
09 Mar 2026 Mon
Baby memorial hospital nurses strike

മാന്യമായ വേതനം തേടി സമരം ചെയ്തതിന് നഴ്സുമാരെ പിരിച്ചുവിട്ട് കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലെ മാനേജ്‌മെന്റിന്റെ പ്രതികാര നടപടി. സംസ്ഥാനത്ത് സ്വകാര്യ മേഖലയിലെ ആശുപത്രികളിലെ നഴ്സുമാര്‍ നടത്തുന്ന സമരത്തില്‍ പങ്കെടുത്തതിനാണ് രണ്ട് നഴ്സുമാരെ പിരിച്ചുവിട്ടത്. മറ്റുള്ളവരോട് ഹോസ്റ്റല്‍ ഒഴിയാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇവര്‍ക്കെതിരെയും മറ്റു നടപടികള്‍ ഉണ്ടാകുമെന്ന ആശങ്കയിലാണ് നഴ്സുമാര്‍. എന്നാല്‍ ബേബി മെമ്മോറിയല്‍ മാനേജ്‌മെന്റിന്റെ നടപടി അംഗീകരിക്കില്ലെന്നും സമരം ഹോസ്പിറ്റലിനു മുന്നിലേക്ക് മാറ്റുമെന്നും യു.എന്‍.എ അധ്യക്ഷന്‍ ജാസ്മിന്‍ ഷാ പറഞ്ഞു.

പിരിച്ചുവിട്ടവരെ ഉടന്‍ തിരിച്ചെടുക്കണം. 24 മണിക്കൂറിനുള്ളില്‍ ഹോസ്റ്റലില്‍ നിന്ന് പുറത്തുപോകാന്‍ പറഞ്ഞ പ്രതികാര നടപടിയും പിന്‍വലിക്കണം. ഇല്ലെങ്കില്‍ ഞങ്ങള്‍ ആശുപത്രിക്ക് മുന്നില്‍ ഉറങ്ങുമെന്നും സമരം അവിടെ നടത്തുമെന്നും ജാസ്മിന്‍ ഷാ പറഞ്ഞു. ബേബി മെമ്മോറിയലിലേത് ഉള്‍പ്പെടെ നാല് പ്രധാന ആശുപത്രികളിലെ നഴ്സുമാരാണ് കോഴിക്കോട് കലക്ടറേറ്റിന് മുന്നില്‍ സമരം ചെയ്യുന്നത്.

ALSO READ: പ്രമുഖ ചരിത്രകാരന്‍ കെഎന്‍ പണിക്കര്‍ അന്തരിച്ചു

ഇന്ന് രാവിലെ സമരം ചെയ്യുന്ന നഴ്സുമാരില്‍ പുതുതായി ജോലിയില്‍ പ്രവേശിച്ച നഴ്സുമാരെ മാനേജ്‌മെന്റ് ആശുപത്രിയിലേക്ക് വിളിച്ചുവരുത്തിയിരുന്നു. പരിശീലന ക്ലാസിനെന്ന് പറഞ്ഞ് വിളിച്ചു വരുത്തിയ ഇവരോട് ജോലിക്ക് കയറാന്‍ മാനേജ്മെന്റ് നിര്‍ബന്ധിക്കുകയായിരുന്നു. എന്നാല്‍, സമരത്തില്‍ ഉള്ള ഇവര്‍ അതിന് തയ്യാറായില്ല. പിന്നാലെയാണ് ഇവരെ എല്ലാം പുറത്താക്കിയതായി പ്രഖ്യാപിച്ചത്. എല്ലാവരെയും ബ്ലാക്ക് ലിസ്റ്റില്‍ ചേര്‍ക്കുമെന്നും ഒരിടത്ത് നിന്നും ജോലി കിട്ടില്ലെന്നും ഭീഷണിപ്പെടുത്തിയതായും നഴ്സുമാര്‍ പറഞ്ഞു.

ഈ സംഭവം ചോദ്യം ചെയ്യാന്‍ എത്തിയ സീനിയര്‍ നഴ്‌സുമാരോട് ആശുപത്രി മേധാവി ഉള്‍പ്പെടെയുള്ള മാനേജ്മന്റ് പ്രതിനിധികള്‍ കയര്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. നഴ്‌സുമാരും മാനേജ്‌മെന്റ് പ്രതിനിധികളും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

തുടര്‍ന്ന് നഴ്സുമാര്‍ കോഴിക്കോട് കലക്ടറിന് മുന്നിലെ സമര വേദിയിലേക്ക് എത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഹോസ്റ്റല്‍ ഒഴിയണമെന്ന് പറഞ്ഞ് സന്ദേശം ലഭിച്ചത്. പിന്നാലെ രണ്ട് പേരെ പിരിച്ചുവിട്ടതായുള്ള അറിയിപ്പും ലഭിച്ചു. സംഭവത്തില്‍ ശക്തമായി പ്രതിഷേധിക്കുമെന്ന് ജാസ്മിന്‍ ഷാ പറഞ്ഞു. നഴ്സുമാര്‍ ഒരുമിച്ച് ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തും.