
Bihar congress alleged lakhs of votes deleted ന്യൂഡല്‍ഹി: പ്രത്യേക തീവ്ര പരിഷ്കരണത്തിലൂടെ ബിഹാറിലെ വോട്ടര്‍പട്ടികയില്‍ നിന്ന് മുസ്ലിം വനിതകളുടെയും ദലിതരുടെയും വോട്ടുകള്‍ കൂട്ടത്തോടെ വെട്ടിമാറ്റിയതിന് കൂടുതല്‍ തെളിവുകളുമായി കോണ്‍ഗ്രസ്.
![]() |
|
2020 നിയമസഭ തെരഞ്ഞെടുപ്പില്‍ ശക്തമായ മത്സരം നടന്ന ആറ് ജില്ലകളിലാണ് വ്യാപക വെട്ടിമാറ്റല്‍ നടന്നതെന്ന് അഖിലേന്ത്യാ മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് അല്‍ക ലംബ ആരോപിച്ചു. എസ്.ഐ.ആറിലൂടെ 22.7 ലക്ഷം വനിതാ വോട്ടര്‍മാരെയാണ് വെട്ടിമാറ്റിയതെന്നും അവര്‍ ചൂണ്ടികാട്ടി.
തെരഞ്ഞെടുപ്പ് കമ്മീഷനു കീഴില്‍ നടന്ന പ്രത്യേക തീവ്ര പരിശോധനയിലൂടെ ബിഹാറില്‍ വ്യാപക വോട്ടര്‍പട്ടിക അട്ടിമറി നടന്നുവെന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങളുടെ തുടര്‍ച്ചയായാണ് കോണ്‍ഗ്രസ് വനിതാ നേതാവും രംഗത്തെത്തിയത്.
കഴിഞ്ഞ വര്‍ഷം ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തവര്‍ക്കാണ് അടുത്ത നിയമ സഭാ തെരഞ്ഞെടുപ്പില്‍ വോട്ടില്ലാതായതെന്നും അല്‍ക ലംബ പറഞ്ഞു.
‘കഴിഞ്ഞ ലോക്സഭയില്‍ ഈ സ്ത്രീകള്‍ വോട്ട് ചെയ്തപ്പോള്‍ അവരുടെ വോട്ടുകള്‍ വ്യാജമായിരുന്നോ എന്നും ‘വ്യാജ വോട്ടുകളിലൂടെ’ തിരഞ്ഞെടുക്കപ്പെട്ട എം.പിമാര്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സഹായിച്ചോ എന്നും അവര്‍ ചോദിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും നിര്‍ദേശപ്രകാരംമാണ് വോട്ടര്‍ പട്ടിക അട്ടിമറിക്കുന്നതെന്നും അല്‍ക ലാംബ ആരോപിച്ചു.
2020 തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയും മഹാഗഡ്ബന്ധന് മുന്നണിയും തമ്മില്‍ ശക്തമായ മത്സരം നടന്ന 59 മണ്ഡലങ്ങളിലാണ് വ്യാപകമായ വോട്ട് വെട്ടിനിരത്തല്‍ നടന്നത്. എന്‍.ഡി.എക്കു വേണ്ടി വലിയ ഗൂഡാലോചന നടന്നു. ഗോപാല്‍ഗഞ്ച്, സരന്‍, ബെഗുസാരായ്, ബോജ്പൂര്‍, പൂര്‍ണിയ എന്നീ ആറ് ജില്ലകളിലെ 59 മണ്ഡലങ്ങളിലാണ് അട്ടിമറി. 23 ലക്ഷം വനിതകളുടെയും 15 ലക്ഷം പുരുഷന്മാരുടെയും വോട്ടുകള്‍ എസ്.ഐ.ആറിന്റെ പേരില്‍ വെട്ടിമാറ്റി. ബി.ജെ.പിക്കെതിരെ വോട്ട് ചെയ്യുന്നവരുടെ വോട്ടവകാശം നിഷേധിക്കുകയാണ് ഇതുവഴിയെന്നും അവര്‍ ആരോപിച്ചു.
വോട്ടുകൊള്ള വിവാദങ്ങള്‍ക്കിടെ എസ്.ഐ.ആര് പൂര്‍ത്തിയാക്കി ബിഹാറിലെ അന്തിമ വോട്ടര്‍പട്ടിക കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു.
65 ലക്ഷം പേരെ നീക്കിയ ആഗസ്റ്റ് ഒന്നിലെ കരട് വോട്ടര്‍പട്ടികയില്‍നിന്ന് 3.66 ലക്ഷം പേരെ കൂടി വെട്ടിമാറ്റിയും 21.53 ലക്ഷം പേരെ പുതുതായി കൂട്ടിച്ചേര്‍ത്തും തയാറാക്കിയ അന്തിമ വോട്ടര്‍പട്ടികയില്‍ ആകെ 7.42 കോടി പേര്‍ക്കാണ് വോട്ടവകാശം അനുവദിച്ചത്. ഇതോടെ ഈ വര്‍ഷം ജൂണ്‍ 24 വരെ 7.89 കോടി വോട്ടര്‍മാരുണ്ടായിരുന്ന ബിഹാറില്‍ എസ്.ഐ.ആറിലൂടെ വെട്ടിമാറ്റിയ ആകെ വോട്ടര്‍മാര്‍ 68.66 ലക്ഷമായി.