09
Mar 2026
Mon
09 Mar 2026 Mon
CM Pinarayi Vijayan apologises to Mammotty over cyber attack

മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കായി നിര്‍മിച്ച വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ നടന്‍ മമ്മൂട്ടി സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖിനോട് നടത്തിയ നിര്‍ദേശവുമായി ബന്ധപ്പെട്ടുണ്ടായ സൈബര്‍ ആക്രമണത്തിലും വിവാദത്തിലും താരത്തോടു ക്ഷമചോദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മമ്മൂട്ടിയോട് പരസ്യമായി ക്ഷമ ചോദിക്കുകയാണെന്നും മഹാനടനെ മനസ്സിലാക്കണമായിരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിന് എത്തിയപ്പോള്‍ സിപിഐഎം ജില്ലാ സെക്രട്ടറി കെ റഫീഖിനോട് മമ്മൂട്ടി ഇടപെട്ടത് സദുദ്ദേശത്തോടെയാണെന്നും മമ്മൂട്ടിയെ അപമാനിക്കരുതായിരുന്നുവെന്നും മനസിന് വിഷമം ഉണ്ടായതില്‍ ക്ഷമ ചോദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എന്നും കേരളത്തിന്റെ നന്മ ആഗ്രഹിക്കുന്നയാളാണ് മമ്മൂട്ടിയെന്നും പെരുമ്പളം പാലത്തെ മമ്മൂട്ടി പ്രകീര്‍ത്തിച്ചിരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആരെയും അറിയിച്ചശേഷമല്ല വയനാട് ടൗണ്‍ഷിപ്പ് കാണാന്‍ മമ്മൂട്ടിയെത്തിയത്. ചെന്നൈയില്‍ നിന്ന് യാത്ര ചെയ്താണ് മമ്മൂട്ടി വയനാട്ടിലെത്തിയത്. ആരെയും അറിയിക്കാത്ത യാത്രയായിരുന്നു അത്. അതിനാല്‍ തന്നെ സദുദ്ദേശത്തോടെയാണ് മറ്റൊരു തരത്തില്‍ വ്യാഖ്യാനിക്കപ്പെടുമെന്നും വിവാദമാകുമെന്നും കരുതി മമ്മൂട്ടി അത്തരത്തില്‍ ജില്ലാ സെക്രട്ടറിയോട് സ്വകാര്യമായി കാര്യം പറഞ്ഞത്. എന്നാല്‍, നമ്മുടെ നാട്ടില്‍ എന്തിനേയും വിവാദമാക്കുന്ന ചിലരുണ്ട്. നല്ല നിലയില്‍ ഇടപെടുന്നയാളാണ് സിപിഐഎം ജില്ലാ സെക്രട്ടറിയായ കെ റഫീഖ്. മമ്മൂട്ടി സ്വകാര്യമായി പറഞ്ഞ കാര്യം കാമറ വസ്ത്രത്തില്‍ വച്ച് നടക്കുന്നവര്‍ വിവാദമാക്കി.

മമ്മൂട്ടിയെ സാമൂഹിക മാധ്യമത്തില്‍ അധിക്ഷേപിച്ചത് ദൗര്‍ഭാഗ്യകരമാണ്. എന്തിനാണത് വിവാദമാക്കിയത്? സിപിഎം സാമൂഹിക മാധ്യമ പോരാളികല്‍ വലിയ തോതില്‍ മമ്മൂട്ടിയെ ആക്രമിച്ചുവെന്ന പ്രചാരണം ഉണ്ടായി. സിപിഐഎം സോഷ്യല്‍ മീഡിയ പ്രവര്‍ത്തകര്‍ക്ക് മമ്മൂട്ടിയെ അറിയാതെയായോ? ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ മനസിന് വിഷമം ഉണ്ടായതില്‍ പരസ്യമായി ക്ഷമ ചോദിക്കുന്നു. മമ്മൂട്ടിയെ അപമാനിക്കരുതായിരുന്നു. മമ്മൂട്ടിയെന്ന മഹാനടനെ മനസിലാക്കണമായിരുന്നു. എങ്ങനെ ഒരു നല്ല കാര്യത്തെ ചീത്തയാക്കാന്‍ ശ്രമിക്കുന്നു എന്നതിന്റെ ഉദാഹരണമാണിതെന്നും പിണറായി വിജയന്‍ പറഞ്ഞു.

ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ കൂടെ നടന്ന റഫീഖിനോട് എപ്പോഴും കൂടെ നടക്കണ്ട ഞാന്‍ വന്നത് നിങ്ങള്‍ക്കു വേണ്ടിയാണെന്ന് തെറ്റിദ്ധരിക്കുമെന്നായിരുന്നു മമ്മൂട്ടിയുടെ പരാമര്‍ശം. എന്നാല്‍ ഈ വീഡിയോ പുറത്തുവന്നതോടെ അദ്ദേഹത്തിനെതിരേ പാര്‍ട്ടി പ്രവര്‍ത്തകരുടെ ഭാഗത്തു നിന്ന് കടുത്ത സൈബര്‍ ആക്രമണമുണ്ടായിരുന്നു. ഇതിനു പിന്നാലെ മമ്മൂട്ടി റഫീഖിനെ ഫോണില്‍ വിളിക്കുകയും താന്‍ ഉദ്ദേശിച്ചതെന്താണെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.

ALSO READ: പൊന്‍കുന്നത്ത് വാടകവീട്ടില്‍ ദമ്പതികള്‍ മരിച്ച നിലയില്‍; കരഞ്ഞുതളര്‍ന്ന് രണ്ടരവയസ്സുകാരന്‍