Car accident three died in Palakkad പാലക്കാട്: കാട്ടുപന്നി കുറുകെച്ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞ് മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം. പാലക്കാട് ചിറ്റൂര്‍ റോഡില്‍ കല്ലിങ്കല്‍ ജംക്ഷനു സമീപം ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്.
|
കാട്ടുപന്നിയെ ഇടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട കാര്‍ മൈല്‍ക്കുറ്റിയിലും മരത്തിലും ഇടിച്ച് പാടത്തേക്ക് മറിയുകയായിരുന്നു. കാറിലുണ്ടായിരുന്ന മൂന്ന് യുവാക്കളും തല്‍ക്ഷണം മരിച്ചു. മൂന്ന് പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്.
പാലക്കാട് നൂറടി റോഡ് രഞ്ജിത്തിന്റെ മകന്‍ റോഹന്‍(24), നൂറണി സ്വദേശി സന്തോഷിന്റെ മകന്‍ റോഹന്‍ സന്തോഷ്(22), യാക്കര സ്വദേശി ശാന്തകുമാറിന്റെ മകന്‍ സനൂഷ്(19) എന്നിവരാണ് മരിച്ചത്. കാര്‍ ഓടിച്ചിരുന്ന ചന്ദ്രനഗര്‍ സ്വദേശി ആദിത്യന്‍(23), യാക്കര സ്വദേശി ഋഷി(24), നെന്മാറി സ്വദേശി ജിതിന്‍(21) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിലെത്തിച്ചു.

ചിറ്റൂരില്‍ നിന്നു പാലക്കാട്ടേക്കു വരികയായിരുന്ന കാറാണ് അപകടത്തില്‍പെട്ടത്. സുഹൃത്തുക്കളായ 6 പേരും ആഴ്ചാവസാനം പാലക്കാട്ടെത്തി യാത്രപോകുന്നതു പതിവാണ്. ഇങ്ങനെ പോയി മടങ്ങുന്നതിനിടെയാണ് അപകടം.
കാറില്‍ മുന്നിലിരുന്ന രണ്ടുപേരും പിറകിലുണ്ടായിരുന്ന ഒരാളുമാണ് രക്ഷപ്പെട്ടത്. പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് യുവാക്കളെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.





