RTI ACT സര്‍ക്കാരിന്റെ കള്ളക്കളികളും അഴിമതികളും മറ്റും പുറത്തുകൊണ്ടു വരുന്നതില്‍ വലിയ പങ്കുവഹിച്ച വിവരാവകാശ നിയമത്തിന്റെ കഴുത്തില്‍ കത്തിവയ്ക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. വിവരാവകാശ നിയമത്തില്‍ (ആര്‍.ടി.ഐ) പുനഃപരിശോധന വേണമെന്ന് സാമ്പത്തിക സര്‍വേയില്‍ ആവശ്യം. വിവരങ്ങള്‍ നല്‍കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഒരു ‘മന്ത്രിതല വീറ്റോ’ കൊണ്ടുവരണമെന്നും ഉദ്യോഗസ്ഥരുടെ സേവന രേഖകളും സ്ഥലം മാറ്റങ്ങളും പൊതുപരിശോധനയില്‍ നിന്ന് സംരക്ഷിക്കണമെന്നും ഇതില്‍ നിര്‍ദ്ദേശിക്കുന്നു.
|
ആര്‍.ടി.ഐ നിയമത്തെ ആസൂത്രിതമായി വക വരുത്തുകയാണ് മോദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മോദി അധികാരമേറ്റതു മുതല്‍ തന്നെ ഇതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. 2025 ലെ കണക്കനുസരിച്ച് 26,000-ത്തിലധികം കേസുകളാണ് കെട്ടിക്കിടക്കുന്നത്.
2019-ല്‍ നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തി ഇന്‍ഫര്‍മേഷന്‍ കമ്മീഷനുകളുടെ സ്വതന്ത്ര അധികാരങ്ങള്‍ ഇല്ലാതാക്കി.
2023-ലെ ഡാറ്റാ സംരക്ഷണ നിയമവും വിവരങ്ങള്‍ ലഭ്യമാക്കുന്നതില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ALSO READ: ‘തോക്ക് അടങ്ങിയ ബ്രീഫ് കേസ് എപ്പോഴും കൂടെ കരുതും’; സി ജെ റോയി ആരെയെങ്കിലും ഭയപ്പെട്ടിരുന്നോ?
പൗരന്മാരോടുള്ള സര്‍ക്കാരിന്റെ മറുപടി പറയേണ്ട ഉത്തരവാദിത്തം ഉറപ്പാക്കാനാണ് ഈ നിയമം നിലവില്‍ വന്നത്. ഇത് അഴിമതി പുറത്തുകൊണ്ടുവരുന്നതിനും പൊതു സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ജനാധിപത്യം ശക്തിപ്പെടുത്തുന്നതിനും സഹായിച്ചിട്ടുണ്ട്. പൗരന്മാരും ഭരണകൂടവും തമ്മിലുള്ള വിശ്വാസത്തിന് ഭരണപരമായ സുതാര്യത അത്യന്താപേക്ഷിതമാണ്.
കോവിഡ് സമയത്തെ അതിഥി തൊഴിലാളികളുടെ മരണം പോലുള്ള കാര്യങ്ങളെ കുറിച്ച് മതിയായ വിവരങ്ങളില്ലെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിച്ചിട്ടുണ്ട്.
2014-ന് ശേഷം നൂറിലധികം വിവരാവകാശ പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. ഇത് സത്യം തേടുന്നവരെ ഭയപ്പെടുത്തുന്ന സാഹചര്യം ഫാസിസം സൃഷ്ടിച്ചതിന്റെ മതിയായ തെളിവാണെന്ന് സാമൂഹിക, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
വന്‍കിട ബാങ്കുകളെയും മറ്റ് ശക്തമായ സ്ഥാപനങ്ങളെയും ചോദ്യം ചെയ്യാനും അധികാര ദുര്‍വിനിയോഗം തടയാനും ആര്‍.ടി.ഐ അനിവാര്യമാണ് എന്നു തെളിയിക്കപ്പെട്ട നേരത്താണ് ഇതിനെ കശാപ്പ് ചെയ്യാന്‍ കത്തികള്‍ ഉയരുന്നത്. കോര്‍പ്പറേറ്റ് അഴിമതികളെയും മറ്റ് ആസൂത്രിത രഹസ്യ നീക്കങ്ങളെയും കുറേയൊക്കെ തുറന്നു കാണിക്കാന്‍ പര്യാപ്തമായിരുന്ന ഒരു നിയമത്തെയാണ് മോദി സര്‍ക്കാര്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.




