
കേരളത്തില്‍ വീണ്ടും കോളറ.! തിരുവനന്തപുരത്തെ സ്‌പെഷ്യല്‍ സ്‌കൂള്‍ അന്തേവാസിക്ക് കോളറയെന്ന് സംശയം
![]() |
|
തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും കോളറ റിപ്പോര്‍ട്ട്‌ചെയ്തു. തിരുവനന്തപുരത്തെ സ്‌പെഷ്യല്‍ സ്‌കൂള്‍ അന്തേവാസിക്കാണ് കോളറ സ്ഥിരീകരിച്ചത്. കോളറ സംശയിക്കപ്പെട്ട നെയ്യാറ്റിന്‍കര ഭിന്നശേഷിക്കാരുടെ ഹോസ്റ്റലിലെ അന്തേവാസിയായ അനു (26) കഴിഞ്ഞദിവസം മരിച്ചിരുന്നു. അനുവിനൊപ്പം വയറിളക്കം ബാധിച്ച കുട്ടിക്കാണ് കോളറ സ്ഥിരീകരിച്ചു. എസ്എടിയില്‍ ചികിത്സയിലുള്ള കുട്ടിക്ക് മെഡിക്കല്‍ കോളജ് ആശുപത്രി ലാബിലെ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
ഹോസ്റ്റലിലെ ഒമ്പത് അന്തേവാസികള്‍ കൂടി വയറിളക്കം ബാധിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ച അനുവിന് കോളറ ബാധിച്ചിരുന്നോയെന്ന് കണ്ടെത്താന്‍ പരിശോധന നടത്തുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സംസ്ഥാനത്ത് കഴിഞ്ഞ 6 മാസത്തിനിടെ 9 പേര്‍ക്കാണ് കോളറ സ്ഥിരീകരിച്ചത്. ഒടുവിലായി 2017ലാണ് സംസ്ഥാനത്ത് കോളറ ബാധിച്ച് മരണം സംഭവിക്കുന്നത്.
വെള്ളിയാഴ്ച രാത്രി അനു മരിച്ചെങ്കിലും വിവരം തിങ്കളാഴ്ച മാത്രമാണ് പുറത്തറിഞ്ഞത്. ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഹോസ്റ്റല്‍ സന്ദര്‍ശിച്ചു. അനുവിന്റെ മരണവും കോളറ ബാധിച്ചതുമൂലമാണെന്നാണ് സംശയിക്കുന്നത്. അനുവിന്റേതുള്‍പ്പെടെയുള്ള പരിശോധനാ ഫലങ്ങള്‍ ലഭിക്കാനുണ്ട്. ഇവിടെ കോളറ സ്ഥിരീകരിച്ചെങ്കിലും അനുവിന്റെ മരണകാരണം കോളറയാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കണമെങ്കില്‍ ഫലം പുറത്തുവരണം.
ഹോസ്റ്റലില്‍ നഗരസഭ ആരോഗ്യവിഭാഗം പരിശോധന നടത്തി. എന്നാല്‍ സംഭവത്തെക്കുറിച്ച് സ്‌കൂള്‍ അധികൃതര്‍ പ്രതികരിച്ചിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയശേഷം അനുവിന്റെ മരണത്തെക്കുറിച്ച് പ്രതികരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. അനുവിന്റെ മരണത്തെത്തുടര്‍ന്ന് മാരായമുട്ടം പോലീസ് കേസ് എടുത്തു.
cholera outbreak in kerala