06
Mar 2023
Thu
06 Mar 2023 Thu

കന്യാകുമാരി: യുവതിയുമായി നടത്തിയ അശ്ലീല സംഭാഷണവും വീഡിയോയും ഫോട്ടോകളും പുറത്തായതോടെ ഇടവക വികാരിയായ വൈദികൻ ഒളിവിൽ. അഴകിയമണ്ഡപത്തിന് സമീപം പ്ലാങ്കാലയിലെ സിറോ മലങ്കര കത്തോലിക്കാ സഭയുടെ കീഴിലെ ലിറ്റിൽ ഫ്ലവർ ഫൊറാന പള്ളി ഇടവകവികാരിയായ ബെനഡിക്റ്റ് ആന്റോ (30)യാണ് മൂന്ന് ദിവസമായി മുങ്ങിയിരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കളിയിക്കാവിളയ്ക്ക് സമീപം ഫാത്തിമ നഗർ സ്വദേശിയായ വൈദികനും ഒരു യുവതിയുമൊപ്പമുള്ള അശ്ലീല ഫോട്ടോകളും വാട്ട്സ്ആപ്പ് വീഡിയോയുമാണ് സോഷ്യൽമീഡിയയിൽ പ്രചരിച്ചത്. അതേസമയം, തന്റെ മകനെ കള്ളക്കേസിൽ കുടുക്കി എന്ന് നിയമ വിദ്യാർഥിയുടെ അമ്മയുടെ പരാതിയിൽ കന്യാകുമാരി പൊലീസ് വൈദികനെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതും മുങ്ങാൻ കാരണമാണെന്നാണ് സൂചന.

കുറച്ചു ദിവസം മുമ്പ് ബെനഡിക്ട് ആന്റോ ഒരു സംഘമാളുകൾ തന്റെ വീട്ടിലെത്തി ആക്രമിച്ച് ലാപ്‌ടോപ്പും മൊബൈൽ ഫോണും മറ്റും തട്ടിയെടുത്തുവെന്ന് കൊല്ലങ്കോട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പരാതിയിൽ ഓസ്റ്റിൻ ജിനോ എന്ന നിയമ വിദ്യാർഥിയെ കൊല്ലങ്കോട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഓസ്റ്റിൻ ജിനോയെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് അമ്മ മിനി അജിത കന്യാകുമാരി ജില്ലാ പൊലീസ് സൂപ്രണ്ടിന് അദ്ദേഹത്തിന്റെ ഓഫീസിൽ ചെന്ന് തന്റെ മകനെതിരെ വൈദികൻ കള്ളക്കേസ് നൽകിയതായി പരാതി നൽകി. വികാരിക്ക് പല സ്ത്രീകളുമായുള്ള അവിഹിത ബന്ധം തെളിയിക്കുന്ന ഫോട്ടോകളും വീഡിയോയും സഹിതമാണ് നിവേദനം നൽകിയത്. ഇതിനു ശേഷം നിയമ വിദ്യാർഥിയുടെ അമ്മ മാധ്യമങ്ങളോടു സംസാരിച്ചു.

ബെനഡിക്ട് ആന്റോ പല യുവതികൾക്കും അശ്ലീല മെസേജുകൾ അയയ്ക്കുന്ന ആളാണ്. ഇയാൾ യുവതികളുമായും വാട്ട്സാപ്പ് ചാറ്റിലും കോളിലും ഇത്തരം സംഭാഷണങ്ങൾ പതിവായിരുന്നു എന്നാണ് സൂചന. തന്റെ മകനൊപ്പം പഠിക്കുന്ന ഒരു നിയമ വിദ്യാർഥിനിക്ക് വികാരി ഇത്തരം അശ്ലീല സന്ദേശങ്ങൾ അയച്ചിരുന്നതായും ആ പെൺകുട്ടിയുടെ ഫോട്ടോ പകർത്തിയതായും അവർ പറഞ്ഞു.

ഇത് യുവതിയ്ക്ക് ഇഷ്ടമായില്ല. തുടർന്ന് തന്റെ മകൻ ചിലർക്കൊപ്പം വൈദികനെ സമീപിച്ചു. പെൺകുട്ടിയുടെ ചിത്രങ്ങൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടു. ഇതിനെ തുടർന്നാണ് വികാരി മകനും സുഹൃത്തുക്കൾക്കുമെതിരെ വ്യാജ പരാതി നൽകിയത് എന്നും മകനെ കൊല്ലങ്കോട് പൊലീസിനെക്കൊണ്ട് അറസ്റ്റ് ചെയ്യിപ്പിച്ചതെന്നും വിദ്യാർഥിയുടെ അമ്മ ആരോപിച്ചു.

നിരപരാധിയായ തന്റെ മകന് നീതി ലഭിക്കണം എന്നും ഇടവക വികാരിയുടേതായി പുറത്തുവന്ന അശ്ലീല വീഡിയോയുടേയും ഫോട്ടോയുടേയും അടിസ്ഥാനത്തിൽ കേസെടുത്ത് നടപടി സ്വീകരിക്കണം എന്നും മകന് നീതി ലഭിക്കണമെന്നും ഇയാൾക്കെതിരെ നടപടിയെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു. വൈദികൻ ഒളിവിൽ പോയ സാഹചര്യത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയെന്നാണ് സൂചന.