12
Oct 2025
Sun
12 Oct 2025 Sun
CM Pinarayi Vijayan's Jeddah visit postponed

കബീര്‍ കൊണ്ടോട്ടി

whatsapp മുഖ്യമന്ത്രിയുടെ സന്ദര്‍ശനം തല്‍ക്കാലത്തേക്ക് മാറ്റിവച്ചതായി ജിദ്ദയിലെ സംഘാടക സമിതി
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജിദ്ദ: മുഖ്യമന്ത്രി പിണറായി വിജയന്റെ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള സന്ദര്‍ശനാര്‍ഥം സൗദി അറേബ്യയിലെ ജിദ്ദയില്‍ നടത്താനിരുന്ന പരിപാടികള്‍ തല്‍ക്കാലത്തേക്ക് മാറ്റിവച്ചതായി ജിദ്ദയിലെ സംഘാടക സമിതി അറിയിച്ചു. മുഖ്യമന്ത്രിയുടെ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള സന്ദര്‍ശനത്തിന് കേന്ദ്രം പ്രത്യേകിച്ച് കരണമൊന്നും കാണിക്കാതെ അനുമതി നിഷേധിച്ചതിനാലാണ് പരിപാടികള്‍ തല്‍ക്കാലത്തേക്ക് റദ്ദാക്കേണ്ടി വന്നത്.

ജിദ്ദയില്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ മലയാളി പ്രവാസികളുടെ ജനകീയ സംഗമം സംഘടിപ്പിക്കുന്നതിന് വേണ്ടി വിപുലമായ സംഘാടന സമിതിക്ക് രൂപം നല്‍കി പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. മലയാളം മിഷന്റെ കീഴിലാണ് ജിദ്ദയില്‍ സ്വീകരണത്തിന് വേണ്ട ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്.

15,000 പേര്‍ക്ക് ഒരേ സമയം ഇരിക്കാവുന്ന ബെഞ്ച്മാര്‍ക്ക് ജിദ്ദ തീയേറ്ററിലായിരുന്നു മുഖ്യമന്ത്രിയുടെ പരിപാടി ഒരുക്കാന്‍ സംഘാടകര്‍ പദ്ധതിയിട്ടിരുന്നത്. ഈ മാസം 16ന് രാത്രി ബഹ്‌റൈന്‍ കേരളീയ സമാജത്തിലാണ് പൊതുപരിപാടി നിശ്ചയിച്ചിരുന്നത്. പ്രവാസികള്‍ക്കായി ഇടതുസര്‍ക്കാര്‍ ചെയ്ത കാര്യങ്ങളും പുതിയ പദ്ധതികളും വിശദീകരിക്കുക, നോര്‍ക്ക, മലയാളം മിഷന്‍ പരിപാടികളില്‍ പങ്കെടുക്കുക എന്നിവയായിരുന്നു സന്ദര്‍ശനത്തിന്റെ ലക്ഷ്യം.

ബഹ്‌റയ്‌നില്‍ നിന്ന് സൗദിയിലേക്ക് പോവാനായിരുന്നു തീരുമാനം. മലയാള ഭാഷാ പഠനത്തിനും പ്രചാരണത്തിനുമായി കേരള സര്‍ക്കാര്‍ ആഗോള തലത്തില്‍ ഒരുക്കിയിട്ടുള്ള വേദിയായ മലയാളം മിഷന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 17ന് ദമ്മാമിലും 18ന് ജിദ്ദയിലും 19ന് റിയാദിലുമായി നടക്കുന്ന ‘മലയാളോല്‍സവം’ പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ നിശ്ചയിച്ചിരുന്നു. 24, 25 തീയതികളില്‍ ഒമാനിലെ മസ്‌കത്ത്, സലാല എന്നിവിടങ്ങളിലെ യോഗങ്ങളില്‍ പങ്കെടുക്കാനും. 30ന് ഖത്തര്‍ സന്ദര്‍ശിക്കാനുമായിരുന്നു പദ്ധതി. നവംബര്‍ 7ന് കുവൈത്തിലും 9ന് അബൂദബിയിലും പരിപാടി നിശ്ചയിച്ചിരുന്നു.

കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി നിഷേധിച്ചുകൊണ്ടുള്ള അറിയിപ്പ് മുഖ്യമന്ത്രിയുടെ ഓഫിസില്‍ ലഭിച്ചതോടെ ഓരോ പ്രദേശത്തെയും സംഘാടകര്‍ ആശയകുഴപ്പത്തിലായി. വലിയ സാമ്പത്തിക ബാധ്യതയും ഇതിന്റെ പേരില്‍ സംഘാടകര്‍ക്ക് ചിലപ്പോള്‍ നേരിടേണ്ടി വരും. എന്നാല്‍ ബഹ്റൈനില്‍ നടത്തപ്പെടുന്ന പരിപാടികളില്‍ മുഖ്യമന്ത്രി എത്തുമെന്ന് ചില കേന്ദ്രങ്ങളില്‍ നിന്ന് സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുകളുണ്ട്.

ALSO READ: പള്ളിവളപ്പില്‍ കയറി ഇമാമിന്റെ ഭാര്യയെയും രണ്ടുമക്കളെയും കൊന്നത് പ്രായപൂര്‍ത്തിയാവാത്ത രണ്ട് വിദ്യാര്‍ഥികള്‍