തിരുവനന്തപുരം: വെള്ളിയാഴ്ച ജുമുഅ നമസ്കാര സമയത്ത് നടത്താൻ നിശ്ചയിച്ചിരുന്ന പിഎസ്‌സി പരീക്ഷ വിവാദമായതോടെ മാറ്റിവച്ചു. ഈ മാസം ജൂൺ 23ന് (വെള്ളിയാഴ്ച) നടത്താൻ നിശ്ചയിച്ച ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ ജൂനിയർ– അറബിക് (കാറ്റഗറി നമ്പർ 732/2021) തസ്തികയിലേക്കുള്ള ഓൺലൈൻ പരീക്ഷയാണ് മാറ്റിവച്ചതെന്ന് പിഎസ്‌സി അറിയിച്ചു.
|
പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ജുമുഅ നിസ്കാരം തടസപ്പെടുന്ന രീതിയിൽ വെള്ളിയാഴ്ച നിശ്ചയിച്ച ഹയർസെക്കൻഡറി അറബി അധ്യാപക എച്ച്എസ്എസ്ടി ഓൺലൈൻ പരീക്ഷ മാറ്റണമെന്ന് ആവശ്യപ്പെട്ട് കേരള മുസ്‌ലിം ജമാഅത്ത് ഉൾപ്പെടെയുള്ള സംഘടനകൾ രംഗത്തെത്തിയിരുന്നു. പിഎസ്‌സി നീക്കത്തിനെതിരെ പ്രതിഷേധവുമായി നിരവധി പേരാണ് രംഗത്തുവന്നത്.
ജൂൺ 23 വെള്ളിയാഴ്ച പകൽ 11.15 മുതൽ 1.45 വരെയാണ് പരീക്ഷാ സമയം നിശ്ചയിച്ചിരിക്കുന്നത്. ഇത് പരീക്ഷ എഴുതുന്ന ഭൂരിഭാഗം ആളുകളുടെയും ജുമുഅ നിസ്കാരം തടസപ്പെടുത്തുമെന്ന് സംഘടനകൾ ചൂണ്ടിക്കാട്ടി. നിലവിലെ സമയക്രമം ഒരു നിലയ്ക്കും അംഗീകരിക്കാനാകില്ലെന്നും ബന്ധപ്പെട്ടവർ പ്രായോഗിക സമീപനം സ്വീകരിച്ച് ഉദ്യോഗാർഥികൾക്ക് ആശ്വാസകരമായ സമയം അനുവദിക്കണമെന്നും കേരള മുസ്‌ലിം ജമാഅത്ത് ആവശ്യപ്പെട്ടിരുന്നു.





