കോണ്‍ഫിഡന്റ് ഗ്രൂപ് ഉടമയും പ്രമുഖ വ്യവസായിയുമായ സി.ജെ. റോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കവേ ദുരൂഹത വര്‍ധിക്കുന്നു. റോയി ആത്മഹത്യ ചെയ്യാന്‍ നേരത്തേതന്നെ തീരുമാനിച്ചിരുന്നു എന്നു സൂചിപ്പിക്കുന്ന ഡയറിക്കുറിപ്പുകള്‍ സ്ഥിരീകരിക്കാതെ എസ്ഐടി. അന്വേഷണത്തില്‍ സാക്ഷികള്‍ നല്കിയ മൊഴികളിലും വൈരുധ്യം.
|
നിക്ഷേപകരെ കൈവിടരുത്, ജീവനക്കാരെ കൂടെ നിര്‍ത്തണം, കുടുംബത്തോട് ക്ഷമ ചോദിക്കുന്നു, ബിസിനസില്‍ ആരാണ് പിന്‍ഗാമി എന്നും വിദേശത്തെ ബിസിനസില്‍ ചില പ്രശ്നങ്ങള്‍ ഉണ്ട് എന്നുമുള്ള വിവരങ്ങള്‍ ഡയറിക്കുറിപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവിധ റിപോര്‍ട്ടുകളിലുള്ളത്. എന്നാല്‍, ഒമ്പത് പേജുള്ള ഒരു മരണക്കുറിപ്പും 20 പേജുള്ള ഒരു ഡയറിയും സംബന്ധിച്ച് കിംവദന്തികള്‍ പ്രചരിക്കുന്നുണ്ടെന്ന് മാത്രമാണ് എസ്ഐടി ഇതേക്കുറിച്ച് പറയുന്നത്. അതു സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയാലോ അല്ലെങ്കില്‍ അന്വേഷണത്തിനിടെ എന്തെങ്കിലും ഇലക്ട്രോണിക് തെളിവുകള്‍ ലഭിച്ചാലോ മാത്രമേ ഞങ്ങള്‍ അതിനെ മരണക്കുറിപ്പായി കണക്കാക്കൂ എന്നും അത്തരം രേഖകളെക്കുറിച്ച് ആരെങ്കിലും അടിസ്ഥാനരഹിതമായ പ്രചാരണങ്ങള്‍ ഉന്നയിച്ചാല്‍ ഞങ്ങള്‍ അതു പരിഗണിക്കില്ല എന്നും മുതിര്‍ന്ന എസ്.ഐ.ടി. ഉദ്യോഗസ്ഥന് പറഞ്ഞു.
അതേസമയം റോയ് സ്വയം വെടിയുതിര്‍ത്ത ഓഫീസിലെ കാബിനില്‍ മറ്റാരെങ്കിലും അതിക്രമിച്ച് കയറിയതിന് തെളിവില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. സംഭവ സമയത്ത് ഓഫീസിലുണ്ടായിരുന്ന ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ മൊഴി ഇന്ന് വീണ്ടും രേഖപ്പെടുത്തും. റോയ്യുടെ ഓഫീസിലെ ജീവനക്കാരുടെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു. റോയ്യുടെ ഓഫീസ് പ്രവര്‍ത്തിക്കുന്ന ഭാഗത്തെ സിസിടിവികള്‍ പ്രവര്‍ത്തനരഹിതമായത് സംബന്ധിച്ച് ഇവരോട് വിവരങ്ങള്‍ തേടി.
ALSO READ: സിജെ റോയി മരണം മുന്‍കൂട്ടി തീരുമാനിച്ചതോ? കുടുംബത്തോട് ക്ഷമ ചോദിച്ചുകൊണ്ടുള്ള കുറിപ്പ് പുറത്ത്
റെയ്ഡില്‍ പങ്കെടുത്ത എല്ലാ ആദായനികുതി ഉദ്യോഗസ്ഥരുടെയും മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി. ഉദ്യോഗസ്ഥര്‍ കര്‍ണാടക വിട്ടു പോകരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. റോയിയെ ഒരു മണിക്കൂര്‍ ചോദ്യം ചെയ്തു എന്നത് തെറ്റായ വിവരം ആണെന്നും രേഖകള്‍ പരിശോധിക്കുക മാത്രമാണ് ചെയ്തത് എന്നും ആദായ നികുതി ഉദ്യോഗസ്ഥര്‍ മൊഴി നല്കി. റോയിയെ സമ്മര്‍ദത്തിലാക്കുന്ന യാതൊരുവിധ പെരുമാറ്റവും തങ്ങള്‍ നടത്തിയിട്ടില്ലെന്നും റോയി അന്വേഷണത്തോട് സഹകരിച്ചിരുന്നെന്നും മൊഴിയിലുണ്ട്.
മൊഴികളില്‍ വൈരുധ്യം
സംഭവ ദിവസം സി.ജെ. റോയ് ഓഫിസില്‍ എത്തിയതുമായി ബന്ധപ്പെട്ട് സുരക്ഷ ജീവനക്കാരും ഡയറക്ടറും നല്കിയ മൊഴികളില്‍ വൈരുധ്യമുണ്ട്. വെള്ളിയാഴ്ച മൂന്നിന് റോയ് ഓഫിസില്‍ എത്തി എന്നു ഡയറക്ടര്‍ പറയുമ്പോള്‍ രണ്ടിന് എത്തി എന്നാണ് സുരക്ഷാ ജീവനക്കാരന്റെ മൊഴി. ബന്ധുക്കളുടെയും ഓഫിസിലെ മറ്റ് ജീവനക്കാരുടെയും മൊഴി ഉടന്‍ രേഖപ്പെടുത്തും.
സാമ്പത്തിക ഇടപാടുകള്‍ റോയി കൃത്യമായി ഡയറിയില്‍ രേഖപ്പെടുത്തിയിരുന്നു. യു.എ.ഇയിലെ ബിസിനസുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ റോയിയെ മനോസംഘര്ഷത്തിലാക്കിയിരുന്നു. 20 മിനിറ്റ് കാബിനില്‍ പോയിരുന്ന സമയം ഏതെങ്കിലും കാളുകള്‍ വന്നോ എന്നതും അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിക്കും.
ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി
കോണ്‍ഫിഡന്റ് ഗ്രൂപ് ചെയര്മാന് സി.ജെ റോയിയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്. അന്വേഷണ കമീഷന് അധ്യക്ഷനായി ഭരണഘടനാ കോടതിയില്‍ ജഡ്ജിയായി പ്രവര്‍ത്തിച്ച ആളെ നിയമിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. സമയബന്ധിതമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ആദായനികുതി വകുപ്പിന്റെ റെയ്ഡിനിടെ പ്രോട്ടോകോള്‍ ലംഘനം ഉണ്ടായെന്നും, രണ്ട് സാക്ഷികള്‍ വേണമെന്നുണ്ടെന്നും ഇതുള്‍പ്പെടെ പാലിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.
നടപടിക്രമം പാലിച്ചിട്ടുണ്ടെന്ന ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പൊതുസമൂഹത്തില്‍ വിശ്വാസ്യത ഉറപ്പാക്കാന്‍ പര്യാപ്തമല്ല. ആവശ്യപ്പെട്ട എല്ലാ രേഖകളും നല്‍കിയെന്ന് കുടുംബം പറഞ്ഞിട്ടുണ്ട്. എന്നിട്ടും മാനസികമായി പീഡിപ്പിക്കുന്നുവെന്ന് റോയ് പറഞ്ഞതായി കുടുംബം ചൂണ്ടിക്കാട്ടുന്നു. ഇത് ഗൗരവമുള്ളതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
നികുതി വെട്ടിപ്പ് ഗുരുതരമായ പ്രശ്നമാണെന്നും അത് തടയാന്‍ എല്ലാ ശ്രമങ്ങളും നടത്തേണ്ടതുണ്ടെന്നും പൂര്‍ണമായി സമ്മതിക്കുമ്പോള്‍ തന്നെ, സി.ജെ. റോയിയുടെ കാര്യത്തില്‍ സംഭവിച്ചതുപോലെ വിലയേറിയ മനുഷ്യജീവിതം നഷ്ടപ്പെടുന്നതിലേക്ക് നയിക്കുന്ന ഒരു നടപടിയും പരിഷ്കൃത ജനാധിപത്യ സമൂഹത്തില്‍ ന്യായീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി കത്തില്‍ പറയുന്നു.
സഭയില്‍ ചര്‍ച്ച ആവശ്യപ്പെട്ട് ഹൈബി ഈഡന്
സി.ജെ. റോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ഹൈബി ഈഡന് എം.പി തിങ്കളാഴ്ച ലോക്സഭ സ്പീക്കര്‍ക്ക് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും കേന്ദ്ര സര്‍ക്കാറിന്റെ ഏജന്‍സികളുടെ നീണ്ട പീഡനം, നിര്‍ബന്ധിത ചോദ്യം ചെയ്യല്‍, തുടര്‍ച്ചയായ സമ്മര്‍ദം എന്നിവയെ തുടര്‍ന്ന് ബിസിനസുകാര്‍ ആത്മഹത്യ ചെയ്തതായി ആരോപിക്കപ്പെടുന്ന നിരവധി കേസുകള്‍ ബി.ജെ.പി ഭരണകാലത്ത് രാജ്യത്തുടനീളം ഉണ്ടായിട്ടുണ്ടെന്നും എം.പി ചൂണ്ടിക്കാട്ടി.
കിറ്റെക്സ് ഗാര്‍മെന്റ്സിന്റെ മാനേജിങ് ഡയറക്ടറും ട്വന്റി20 പാര്‍ട്ടിയുടെ പ്രസിഡന്റുമായയാള്‍ എന്‍.ഡി.എയില്‍ ചേര്‍ന്നത് ഇ.ഡി പരിശോധനയില്‍നിന്ന് രക്ഷപ്പെടാനാണെന്ന ആക്ഷേപമുയര്‍ന്നിട്ടുണ്ട്. രാഷ്ട്രീയ തീരുമാനങ്ങളെ സ്വാധീനിക്കാന്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുന്നുവെന്ന ധാരണയെ ഇത്തരം സംഭവങ്ങള്‍ ശക്തിപ്പെടുത്തുന്നുവെന്നും നോട്ടീസില്‍ ചൂണ്ടിക്കാട്ടി.
ജനുവരി 30നാണ് സി ജെ റോയ് ബെംഗളൂരുവിലെ സ്വന്തം സ്ഥാപനത്തില്‍ ജീവനൊടുക്കിയത്. 57കാരനായ റോയ് ഓഫീസ് മുറിക്കുള്ളില്‍ കയറി സ്വന്തം നെഞ്ചിലേക്ക് നിറയൊഴിക്കുകയായിരുന്നു. ഈ സമയം ഓഫീസില്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. കാബിനില്‍ ചില ഡോക്യുമെന്റുകള്‍ ഉണ്ടെന്നും അതെടുത്ത് വരാമെന്നും ആദായനികുതി ഉദ്യോഗസ്ഥരോട് പറഞ്ഞ് റോയ് അകത്തേക്ക് പോയി. മിനിറ്റുകള്‍ക്കുളളില്‍ ഉദ്യോഗസ്ഥര്‍ വെടിയൊച്ചയാണ് കേട്ടത്. ആദായനികുതി വകുപ്പിന്റെ സമ്മര്‍ദമാണ് മരണത്തിലേക്ക് നയിച്ചതെന്നായിരുന്നു ഉയര്‍ന്ന ആരോപണം എന്നാല്‍ ഇത് ഉദ്യേഗസ്ഥര്‍ തള്ളിയിരുന്നു.
സി ജെ റോയിയെ ആത്മഹത്യക്ക് തൊട്ടുമുമ്പ് ആദായനികുതി വകുപ്പ് ചോദ്യം ചെയ്തിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ ആദായനികുതി വകുപ്പിന്റെ ഉദ്യോഗസ്ഥരുമായി തര്‍ക്കമുണ്ടായതായി കണ്ടെത്തിയിട്ടില്ലെന്നും റോയ് മരിച്ച വെള്ളിയാഴ്ച റെയ്ഡ് ഉണ്ടായില്ലെന്ന ഐടി വകുപ്പിന്റെ വാദവും പൊലീസ് ശരിവെച്ചിരുന്നു.





