31
Jan 2026
Fri
31 Jan 2026 Fri
confident group owner CJ Roy

 Confident group owner CJ Roy ബെംഗളൂരു: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമയും മലയാളി വ്യവസായിയുമായ സി ജെ റോയ് ജീവനൊടുക്കി. ആദായ നികുതി റെയ്ഡിനിടെ കൈവശമുണ്ടായിരുന്ന സ്വന്തം തോക്ക് ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

57 വയസായിരുന്നു. ബെംഗളൂരുവിലെ ലാംഫോര്‍ഡ് റോഡിലുള്ള റിച്ച്മണ്ട് സര്‍ക്കിളിന് സമീപം ഗ്രൂപ്പ് ഓഫീസിനുള്ളിലാണ് സംഭവം. ഐടി റെയ്ഡിനിടെ അദ്ദേഹം സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക വിവരം.

വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. ഓഫീസിനുള്ളിലെ തന്റെ മുറിയില്‍ വെച്ച് റോയി സ്വന്തം തോക്കുപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ എച്ച്.എസ്.ആര്‍ ലേഔട്ടിലെ നാരായണ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ALSO READ: മമ്മൂട്ടിയുടെയും ദുല്‍ഖറിന്റെയും വീടുകളില്‍ ഇഡി റെയ്ഡ്

നികുതി വെട്ടിപ്പ് ആരോപണങ്ങളെത്തുടര്‍ന്ന് ദക്ഷിണേന്ത്യയിലെ പ്രമുഖ ബില്‍ഡര്‍മരില്‍ ഒരാളായ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമയുടെ ഓഫീസുകളിലും വസതികളിലും ആദായനികുതി വകുപ്പ് വ്യാപകമായ പരിശോധന നടത്തിയിരുന്നു. കേരളത്തിനകത്തും പുറത്തും ഗള്‍ഫിലുമായി നിരവധി സംരംഭങ്ങളുള്ള വ്യക്തിയാണ് സി ജെ റോയി.

കൊച്ചിയില്‍ നിന്നുള്ള ഇന്‍കം ടാക്‌സ് സംഘമാണ് റെയ്ഡിന് എത്തിയത്. രാവിലെ പത്ത് മണിക്ക് ശേഷമാണ് ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥര്‍ റെയ്ഡ് ആരംഭിച്ചത്. പല തവണ ഇന്‍കം ടാക്‌സ് സ്ഥാപനത്തില്‍ പരിശോധന നടത്തിയതിനെതിരെ സി ജെ റോയി കോടതിയെ സമീപിച്ചിരുന്നു.

റിയല്‍ എസ്റ്റേറ്റ് വ്യവസായ മേഖലയില്‍ വലിയ രീതിയിലുള്ള ഞെട്ടലുണ്ടാക്കുന്നതാണ് സി ജെ റോയിയുടെ ആത്മഹത്യ. റെയ്ഡിനിടെ ഉദ്യോഗസ്ഥര്‍ സിജെ റോയിയെ ചോദ്യം ചെയ്തിരുന്നു. ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ട രേഖകള്‍ എടുക്കാനായി അടുത്ത മുറിയിലേക്ക് പോയ സി ജെ റോയി സ്വയം വെടിയുതിര്‍ക്കുകയായിരുന്നു.