കണ്ണൂർ: തെരഞ്ഞെടുപ്പ് നടന്ന കർണാടകയില്‍ കോൺഗ്രസിന്‍റെ വിജയത്തിനായി കണ്ണൂർ മാടായിക്കാവിൽ വഴിപാട് നടത്തി പ്രവർത്തകർ. 220 സ്ഥാനാർഥികളുടെയും പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗേ അടക്കമുള്ള നേതാക്കളുടേയും പേരിലാണ് വഴിപാട് നടത്തിയത്.
|
കണ്ണൂർ എരിപുരം ടൗൺ കോൺഗ്രസ് കമ്മിറ്റിയാണ് അർച്ചന നടത്തിയത്. സ്ഥാനാർഥികൾക്കായി അകപൂജയും മല്ലികാർജുൻ ഖാർഗേയുടെ പേരിൽ കോഴിപൂജയും ആണ് നടത്തിയത്. നേതൃഗുണം വരുന്നതിനാണ് കോഴിപൂജ.
അതേസമയം, തെരഞ്ഞെടുപ്പ് അവസാനിച്ചതിനു പിന്നാലെ പുറത്തുവന്ന മൂന്ന് എക്സിറ്റ് പോൾ പ്രവചനങ്ങൾ സംസ്ഥാനത്ത് തൂക്കുസഭ വരുമെന്നാണ് സൂചിപ്പിക്കുന്നത്. ഇതില്‍ കോൺഗ്രസിനാണ് മുൻതൂക്കം പ്രവചിച്ചിരിക്കുന്നത്. റിപബ്ലിക് ടിവി-പി മാർഖ്, ടിവി9 ഭാരത് വർഷ്-പോൾസ്റ്റാർട്ട്, സീ ന്യൂസ് മാർസിസ് ഏജൻസി എക്സിറ്റ് പോൾ പ്രവചനങ്ങളാണ് ഇത്തരമൊരു സാധ്യത കൽപ്പിക്കുന്നത്.
സംസ്ഥാനത്ത് വലിയ പ്രതീക്ഷയിലാണ് കോൺഗ്രസും ബിജെപിയും ജെഡിഎസും. പൂജകൾക്ക് ശേഷമായിരുന്നു മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും കർണാടക പിസിസി അധ്യക്ഷൻ ഡി കെ ശിവകുമാറും അടക്കമുള്ള പ്രമുഖ നേതാക്കളെല്ലാം വോട്ട് ചെയ്യാനെത്തിയത്. ബിജെപി ഭരണത്തിൽ തിരിച്ചെത്തുമെന്ന് മുതിർന്ന നേതാവ് യെദിയൂരപ്പ പറഞ്ഞപ്പോൾ, ഗ്യാസ് സിലിണ്ടറിനെ നോക്കി വോട്ട് ചെയ്യാനിറങ്ങാൻ ജനങ്ങളോട് ഡി കെ ശിവകുമാർ അഭ്യർഥിച്ചു. തെരഞ്ഞെടുപ്പിന് ശേഷം ജെഡിഎസുമായി സഖ്യമുണ്ടാവില്ലെന്നും കോൺഗ്രസ് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്നും ശിവകുമാർ വ്യക്തമാക്കി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





