ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണകക്ഷിയായ ഡിഎംകെ (DMK) നയിക്കുന്ന സഖ്യത്തിലേക്ക് എസ്ഡിപിഐ (SDPI) ഔദ്യോഗികമായി ചേര്‍ന്നു. സഖ്യചര്‍ച്ചകള്‍ക്കായി ഡിഎംകെ നേതൃത്വം ക്ഷണിച്ചതിനെത്തുടര്‍ന്ന് എസ്ഡിപിഐ പ്രതിനിധികള്‍ ഇന്ന് അണ്ണാ അറിവാലയത്തിലെത്തി.
|
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എഐഎഡിഎംകെ (AIADMK) സഖ്യത്തിലായിരുന്ന എസ്ഡിപിഐ, നിലവില്‍ എഐഎഡിഎംകെ ബിജെപിയുമായി സഖ്യമുണ്ടാക്കിയതിനെത്തുടര്ന്നാണ് ആ ബന്ധം ഉപേക്ഷിച്ചത്.
ഡിഎംകെയുമായി നടത്തിയ ആദ്യഘട്ട ചര്‍ച്ചയില്‍ എസ്ഡിപിഐ മൂന്ന് സീറ്റുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നെല്ലൈ, തെങ്കാശി, വെല്ലൂര്‍ ഉള്‍പ്പെടെ 10 മണ്ഡലങ്ങളുടെ പട്ടിക ചര്‍ച്ചയില്‍ സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഒന്നോ രണ്ടോ സീറ്റുകള്‍ നല്‍കാനാണ് ഡിഎംകെ നീക്കമെന്നാണ് സൂചന.
ഡിഎംകെയുടെ ‘ഉദയസൂര്യന്’ ചിഹ്നത്തില്‍ തന്നെയാകും എസ്ഡിപിഐ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുകയെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ നെല്ലൈ മുബാറക് വ്യക്തമാക്കി.
ശക്തമാകുന്ന ഡിഎംകെ സഖ്യം
ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് മുസ്ലിം ലീഗ് (IUML), മനിതനേയ മക്കള്‍ കക്ഷി (MMK) എന്നിവര്‍ക്ക് പുറമെ എസ്ഡിപിഐയെയും കൂടെക്കൂട്ടാന്‍ ഡിഎംകെ തീരുമാനിച്ചത്. നിലവില്‍ കോണ്‍ഗ്രസ്, വിസികെ (VCK), എംഡിഎംകെ (MDMK), ഇടതുപക്ഷ പാര്‍ട്ടികള്‍, കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യം (MNM) എന്നിവരടങ്ങുന്ന ശക്തമായ നിരയാണ് ഡിഎംകെ സഖ്യത്തിലുള്ളത്. അടുത്തിടെ വിജയകാന്തിന്റെ ഡിഎംഡികെയും (DMDK) ഈ സഖ്യത്തിന്റെ ഭാഗമായിരുന്നു.
തിരഞ്ഞെടുപ്പ് ചിത്രം
ഡിഎംകെ സഖ്യവും എഐഎഡിഎംകെ-ബിജെപി സഖ്യവും തമ്മില്‍ നേരിട്ടുള്ള പോരാട്ടത്തിന് തമിഴ്നാട് ഒരുങ്ങുകയാണ്. ഇതിന് പുറമെ വിജയിയുടെ തമിഴക വെട്രി കഴകം (TVK), സീമാന്റെ നാം തമിഴര്‍ കക്ഷി എന്നിവരും മത്സരരംഗത്തുണ്ട്.



