കാസർഗോഡ്: ഗാനമേളയ്ക്കായി സമാഹരിച്ച പണവുമായി സംഘാടകര്‍ മുങ്ങി. കാസർഗോഡ് തൃക്കരിപ്പൂരിലാണ് ഈവന്റ് മാനേജ്മെന്റ് ടീം ഗാനമേളയ്ക്കായി പിരിച്ച തുകയുമായി മുങ്ങിയത്. എന്നാൽ ഗാനമേള സംഘം ആസ്വാദകരെ നിരാശരാക്കാതെ പാട്ടു പാടിയ ശേഷമാണ് മടങ്ങിയത്.
|
പിരിച്ച പണവുമായി മുങ്ങിയ സംഭവത്തിൽ സംഘാടകർക്കെതിരെ ചന്തേര, പയ്യന്നൂർ പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകി. കണ്ണൂർ, ഇരിക്കൂർ സ്വദേശികളാണ് മൈ ഈവന്റ് മാനേജ്മെന്റിന്റെ നേതൃത്വത്തിൽ തൃക്കരിപ്പൂർ ഇളമ്പച്ചി മിനി സ്റ്റേഡിയത്തിൽ മെഹ്ഫിൽ എന്ന പേരിൽ ഗാനമേള സംഘടിപ്പിച്ചത്.
കണ്ണൂർ ഷെരീഫ്, കൊല്ലം ഷാഫി, രഹന എന്നീ പ്രമുഖ ഗായകരെ അണിനിരത്തിയാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. അമ്പതോളം കലാകാരന്‍മാരാണ് സംഘാടകരുടെ ക്ഷണം സ്വീകരിച്ച് തൃക്കരിപ്പൂരില്‍ എത്തിയത്. എന്നാല്‍ സമയം കഴിഞ്ഞിട്ടും സംഘാടകരെ കാണാതായതോടെയാണ് പറ്റിക്കപ്പെട്ടെന്ന് മനസിലായത്.
ആസ്വാദകര്‍ അസ്വസ്ഥരാകുന്നത് കണ്ടതോടെ കലാകാരന്‍മാര്‍ പരിപാടി അവതരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പരിപാടി ബുക്ക് ചെയ്ത് പണം പിരിച്ചെടുത്ത രണ്ടംഗ സംഘം മുങ്ങിയെന്നും പക്ഷേ ആസ്വാദകരെ മാനിച്ച് പരിപാടി അവതരിപ്പിക്കുകയാണെന്നും വ്യക്തമാക്കി സംഘം പാട്ട് പാടുകയായിരുന്നു.
ഓൺലൈനിലൂടെ അഡ്വാൻസ് ബുക്ക് ചെയ്ത മുഴുവൻ തുകയുമായാണ് ഇവർ മുങ്ങിയത്. രണ്ട് ലക്ഷത്തോളം രൂപ നൽകാനുള്ള ലൈറ്റ് ആൻഡ് സൗണ്ടിന് അമ്പതിനായിരം രൂപയുടെ ചെക്കാണ് നൽകിയത്.





