ഒരിക്കലും തിരിച്ചു കിട്ടില്ലെന്ന് കരുതിയ സ്വര്‍ണാഭരണങ്ങള്‍ ഒരു മനുഷ്യന്റെ സത്യസന്ധതയില്‍ തിരികെ ലഭിച്ച സന്തോഷത്തില്‍ കുടുംബം. അബദ്ധത്തില്‍ ആക്രിവസ്തുക്കള്‍ക്കിടയില്‍ പെട്ട 15 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണം ഉടമയ്ക്ക് തിരികെ നല്‍കി ആക്രിക്കച്ചവടക്കാരന്‍. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം. ഹാജി അക്തര്‍ ഖാന്‍ എന്ന മധ്യവയസ്‌കരനാണ് സ്വര്‍ണത്തെക്കാള്‍ വില സത്യസന്ധതക്കുണ്ടെന്ന് തെളിയിച്ചത്.
|
അശോക് ശര്‍മ എന്നയാളുടെ സ്വര്‍ണാഭരണങ്ങളാണ് നാല് മാസം മുമ്പ് നഷ്ടപ്പെട്ടത്. കഴിഞ്ഞ വര്‍ഷം വീടടച്ച് കുംഭമേളക്ക് പോകുമ്പോള്‍ മോഷ്ടാക്കളെ ഭയന്ന് സ്വര്‍ണാഭരണങ്ങള്‍ ഒരു ചെറിയ പെട്ടിയിലാക്കി ചാക്കില്‍ ഒളിപ്പിച്ചുവെച്ചതായിരുന്നു. പിന്നീട് ഇത് തിരിച്ചെടുക്കാന്‍ മറന്നുപോയി. ദീപാവലി സമയത്ത് വീട് വൃത്തിയാക്കുമ്പോള്‍ സ്വര്‍ണം വെച്ചിരുന്ന ചാക്ക് ഉള്‍പ്പെടെ എടുത്ത് ആക്രിക്കച്ചവടക്കാരന് കൊടുത്തു.
പിന്നീടാണ് സ്വര്‍ണം നഷ്ടപ്പെട്ട കാര്യം മനസ്സിലായത്. ആക്രി വസ്തുക്കള്‍ കൊണ്ടുപോയ ഹാജി അക്തര്‍ ഖാനെ സമീപിച്ച് കാര്യം പറഞ്ഞു. ഇവര്‍ ആക്രിവസ്തുക്കള്‍ക്കിടയില്‍ ഏറെ തിരഞ്ഞെങ്കിലും സ്വര്‍ണം കിട്ടിയില്ല. മാസങ്ങള്‍ പിന്നിട്ടു. സ്വര്‍ണം ഇനി തിരികെ കിട്ടില്ലെന്ന് അശോക് ശര്‍മയും കുടുംബവും കരുതിയിരിക്കുകയായിരുന്നു.
അതിനിടെ, കഴിഞ്ഞ ദിവസം ആക്രിവസ്തുക്കള്‍ ലോറിയില്‍ കയറ്റുന്നതിനിടയിലാണ് സ്വര്‍ണാഭരണങ്ങള്‍ അടങ്ങിയ ചാക്ക് കെട്ട് ഹാജി അക്തര്‍ ഖാന്‍ കണ്ടെത്തിയത്. ലക്ഷങ്ങള്‍ വിലയുള്ള സ്വര്‍ണം മുന്നില്‍ കണ്ടിട്ടും അദ്ദേഹത്തിന്റെ മനസ്സിളകിയില്ല. സ്വര്‍ണവുമെടുത്ത് നേരെ പൊലീസ് സ്റ്റേഷനിലേക്ക് ചെന്നു. അസി. കമീഷണര്‍ മല്‍ഹോത്രക്ക് സ്വര്‍ണം കൈമാറി. പൊലീസ് അശോക് ശര്‍മയെ ബന്ധപ്പെട്ട് സ്റ്റേഷനിലെത്താന്‍ പറഞ്ഞു. എല്ലാവരുടെയും സാന്നിധ്യത്തില്‍ സ്വര്‍ണം കൈമാറി.
സ്വര്‍ണം യഥാര്‍ഥ ഉടമസ്ഥന് കൈമാറുന്ന കാര്യത്തില്‍ തനിക്ക് രണ്ടാമതൊന്ന് ചിന്തിക്കേണ്ടിവന്നില്ലെന്ന് ഹാജി അക്തര്‍ ഖാന്‍ പറഞ്ഞു. സത്യസന്ധതക്ക് ഇപ്പോഴും വിലയുണ്ടെന്നുള്ളതിന്റെ വലിയ ഉദാഹരണമാണ് ഹാജി അക്തര്‍ ഖാന്‍ കാണിച്ചതെന്നാണ് എസിപി മല്‍ഹോത്ര അദ്ദേഹത്തെ അഭിനന്ദിച്ച് പറഞ്ഞത്.


