17കാരി ഓടിച്ച സ്‌കൂട്ടര്‍ എംവിഡി പിടിച്ചെടുത്തു. പകരത്തിന് മോട്ടോര്‍വാഹനവകുപ്പിന്റെ വാഹനത്തിന്റെ താക്കോലൂരിയെടുത്ത പെണ്‍കുട്ടിയുടെ അച്ഛനെ പോലീസ് പിടികൂടി. പത്തനംതിട്ട ജില്ലാ ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിലെ തിരുവല്ല സ്‌ക്വാഡ് പൊടിയാടി വൈക്കത്തില്ലം ഭാഗത്ത് പരിശോധന നടത്തുന്നതിനിടെയാണ് സംഭവം.
|
മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും ഔദ്യോഗിക വാഹനത്തിന്റെ താക്കോല്‍ ഊരിയെടുക്കുകയും ചെയ്ത തിന് പെരിങ്ങര സ്വദേശി പാണാറ ഹൗസില്‍ അജേഷ് പി എസിനെ(47)യാണ് പുളിക്കീഴ് പോലീസ് പിടികൂടിയത്.
വാഹനപരിശോധനയ്ക്കിടെയാണ് 17കാരിയെ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. പെണ്‍കുട്ടിക്ക് ലൈസന്‍സോ മറ്റ് രേഖകളോ ഇല്ലാത്തതിനാല്‍ എംവിഐ ഷെമീര്‍, എഎംവിഐ ഷാജി ജോസഫ് എന്നിവരടങ്ങുന്ന സംഘം വാഹനം കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് രക്ഷിതാക്കളെ വിവരമറിയിക്കാന്‍ പെണ്‍കുട്ടിയോട് നിര്‍ദേശിച്ചു.
സ്ഥലത്തെത്തിയ പെണ്‍കുട്ടിയുടെ അച്ഛന്‍ അജേഷ് കസ്റ്റഡിയിലെടുത്ത സ്‌കൂട്ടര്‍ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗസ്ഥരുമായി തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. ആദ്യം എഎംവിഐയുടെ കൈവശമിരുന്ന സ്‌കൂട്ടറിന്റെ താക്കോല്‍ ബലമായി പിടിച്ചുവാങ്ങാന്‍ ശ്രമിച്ചു. ഇത് പരാജയപ്പെട്ടതോടെ, തന്റെ സ്‌കൂട്ടര്‍ വിട്ടുതരാതെ മോട്ടോര്‍ വാഹന വകുപ്പിന്റെ വണ്ടിയും വിടില്ല എന്ന് ഇയാള്‍ ഭീഷണി മുഴക്കി.
തുടര്‍ന്ന് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക വാഹനമായ ടാറ്റാ നെക്‌സോണ്‍ ഇലക്ട്രിക് കാറിന്റെ ഡോര്‍ ബലമായി തുറന്ന് ഉള്ളിലിരുന്ന താക്കോല്‍ അജേഷ് ഊരിയെടുക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പുളിക്കീഴ് പോലീസ് പ്രതിയെ ഉടന്‍ കസ്റ്റഡിയിലെടുത്തു. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ പരാതിയില്‍ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനടക്കം കേസെടുത്ത പൊലീസ് പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ALSO READ: മലപ്പുറത്ത് ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് ലോറി വീണ് ഒരാള്‍ മരിച്ചു





