31
Jan 2026
Sun
31 Jan 2026 Sun
us immigration crackdown

Another US citizen killed in Minneapolis മിനിയാപൊളിസില്‍ നടന്ന കുടിയേറ്റ വിരുദ്ധ നടപടികള്‍ക്കിടയില്‍ ഫെഡറല്‍ ഏജന്റുമാര്‍ മറ്റൊരാളെ കൂടി വെടിവച്ചു കൊന്നു. ഇതോടെ മിനിയാപൊളിസില്‍ നിന്ന് സായുധ ഉദ്യോഗസ്ഥരെ ഉടന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം കത്തുകയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശനിയാഴ്ച വെടിയേറ്റ 37 കാരന്‍ ആശുപത്രിയില്‍ വച്ചാണ് മരിച്ചതെന്ന് മിനിയാപൊളിസ് പോലീസ് ചീഫ് ബ്രയാന്‍ ഒഹാര വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കൊല്ലപ്പെട്ടയാള്‍ മിനിയാപൊളിസ് നിവാസിയും അമേരിക്കന്‍ പൗരനുമാണെന്നും അദ്ദേഹം പറഞ്ഞു.

തീവ്രപരിചരണ വിഭാഗത്തിലെ (ICU) നഴ്‌സായ അലക്‌സ് പ്രെറ്റിയാണ് കൊല്ലപ്പെട്ടതെന്ന് മാതാപിതാക്കള്‍ തിരിച്ചറിഞ്ഞു. ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയത്തിന്റെ ഭാഗമായി മിനിയാപൊളിസില്‍ ആഴ്ചകളായി തുടരുന്ന റെയ്ഡുകള്‍ക്കിടയിലാണ് ഈ സംഭവം നടന്നത്. ജനുവരി 7-ന് ഐസ് (ICE) ഉദ്യോഗസ്ഥന്റെ വെടിയേറ്റ് കൊല്ലപ്പെട്ട റെനി ഗുഡ് എന്ന 37 കാരിയുടെ മരണത്തെത്തുടര്‍ന്ന് നഗരത്തില്‍ പ്രതിഷേധങ്ങള്‍ തുടരുകയാണ്. കഴിഞ്ഞ ആഴ്ചയും ഒരു വെനിസ്വേലന്‍ പൗരനെ ഫെഡറല്‍ ഏജന്റുമാര്‍ വെടിവെച്ചിരുന്നു.

ഗവര്‍ണറുടെയും ഉദ്യോഗസ്ഥരുടെയും പ്രതികരണം

‘ഇത് കേവലം കുടിയേറ്റ നിയമങ്ങള്‍ നടപ്പിലാക്കുന്ന ഒന്നല്ല, മറിച്ച് നമ്മുടെ നാട്ടിലെ ജനങ്ങള്‍ക്കെതിരെയുള്ള സംഘടിത ക്രൂരതയാണ്,’ എന്ന് മിനസോട്ട ഗവര്‍ണര്‍ ടിം വാള്‍സ് പറഞ്ഞു. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, ആയുധധാരിയായ ഒരാള്‍ തങ്ങളെ പ്രതിരോധിക്കാന്‍ ശ്രമിച്ചപ്പോഴാണ് ബോര്‍ഡര്‍ പട്രോള്‍ ഏജന്റ് വെടിയുതിര്‍ത്തതെന്ന് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി (DHS) അവകാശപ്പെട്ടു. തോക്കുമായി എത്തിയ ഒരാള്‍ ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ സ്വയരക്ഷയ്ക്കായി വെടിവെച്ചതാണെന്ന് വക്താവ് തൃഷ മക്ലോഗ്ലിന്‍ പറഞ്ഞു.

വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്

സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമായി. അലക്‌സ് പ്രെറ്റി തെരുവില്‍ നിന്ന് തന്റെ സെല്‍ഫോണില്‍ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നത് വീഡിയോയില്‍ കാണാം. ഏജന്റുമാര്‍ പ്രെറ്റിക്കും മറ്റ് പ്രതിഷേധക്കാര്‍ക്കും നേരെ പെപ്പര്‍ സ്‌പ്രേ ഉപയോഗിക്കുകയും, തുടര്‍ന്ന് അദ്ദേഹത്തെ നിലത്തിട്ട് മര്‍ദ്ദിക്കുകയും ചെയ്തു.

പ്രെറ്റിയെ നിലത്ത് അമര്‍ത്തിപ്പിടിച്ചിരിക്കെ തന്നെ ഒരു ഉദ്യോഗസ്ഥന്‍ തോക്കെടുത്ത് വെടിയുതിര്‍ക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. വെടിയേറ്റ പ്രെറ്റിയുടെ ശരീരം തെരുവില്‍ കിടക്കുന്നതും കാണാം. കൊല്ലപ്പെട്ടയാളുടെ പക്കല്‍ നിന്നും തോക്ക് തട്ടിയെടുത്തിന് ശേഷമാണ് ആദ്യ വെടി ഉതിര്‍ത്തതെന്ന് ഓപ്പണ്‍ സോഴ്‌സ് അന്വേഷണ ഏജന്‍സിയായ ‘ബെല്ലിംഗ്കാറ്റ്’ (Bellingcat) നിരീക്ഷിച്ചു. ആകെ 10 തവണ വെടിയൊച്ച കേള്‍ക്കുന്നുണ്ടെന്നും ഇതില്‍ ഭൂരിഭാഗവും അദ്ദേഹം അനക്കമില്ലാതെ കിടക്കുമ്പോഴാണ് സംഭവിച്ചതെന്നും അവര്‍ പറഞ്ഞു.

കൊല്ലപ്പെട്ടയാള്‍ തോക്ക് കൈവശം വെക്കാന്‍ അനുമതിയുള്ള വ്യക്തിയാണെന്ന് പോലീസ് ചീഫ് ഒഹാര വ്യക്തമാക്കി. മിനസോട്ടയില്‍ നിയമപരമായി തോക്ക് കൈവശം വെക്കാന്‍ അനുവാദമുണ്ട്.

രാഷ്ട്രീയ തര്‍ക്കം

മിനസോട്ട ഗവര്‍ണര്‍ ടിം വാള്‍സിനും മേയര്‍ ജേക്കബ് ഫ്രേയ്ക്കും എതിരെ ട്രംപ് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തി. പ്രാദേശിക പോലീസ് എന്തുകൊണ്ടാണ് ഐസ് (ICE) ഉദ്യോഗസ്ഥരെ സംരക്ഷിക്കാത്തതെന്നും, ഗവര്‍ണറും മേയറും ചേര്‍ന്ന് കലാപത്തിന് പ്രേരിപ്പിക്കുകയാണെന്നും ട്രംപ് കുറ്റപ്പെടുത്തി.

എന്നാല്‍, ‘നമ്മുടെ പൗരനെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തുന്നതാണ് ഞാന്‍ വീഡിയോയില്‍ കണ്ടത്’ എന്ന് മേയര്‍ ഫ്രേയ് തിരിച്ചടിച്ചു. ഈ നടപടി ഉടന്‍ അവസാനിപ്പിക്കണമെന്ന് സെനറ്റര്‍ ആമി ക്ലോബുച്ചറും ഇല്‍ഹാന്‍ ഒമറും ആവശ്യപ്പെട്ടു. ഇല്‍ഹാന്‍ ഒമര്‍ ഇതിനെ ഒരു ‘വധശിക്ഷ’ എന്നാണ് വിശേഷിപ്പിച്ചത്.

നിലവില്‍ മിനിയാപൊളിസ് അതീവ സംഘര്‍ഷാവസ്ഥയിലാണ്. ഫെഡറല്‍ ഏജന്റുമാര്‍ കണ്ണീര്‍വാതകവും ഗ്രനേഡുകളും ഉപയോഗിച്ച് പ്രതിഷേധക്കാരെ നേരിടുകയാണ്. സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ സംസ്ഥാന അധികാരികള്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് ഗവര്‍ണര്‍ അറിയിച്ചു.