ദുബായ്: ലോകത്തെ അതി സമ്പന്നരുടെ റാങ്കിങ്ങുമായി ഈ വർഷത്തെ ഫോബ്സ് ആഗോള പട്ടിക പുറത്ത്. ലോകത്താകെ 2640 ശതകോടീശ്വരന്മാരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പട്ടികയിൽ 211 ബില്യൺ ഡോളർ ആസ്തിയുമായി ലൂയി വിറ്റൻ, സെഫോറ ഫാഷൻ ആഡംബര ബ്രാൻഡുകളുടെ ഉടമ ബെർണാഡ് അർണോൾട്ടാണ് ഒന്നാമത്. ടെസ്ല, സ്പേസ് എക്‌സ് സഹസ്ഥാപകനായ ഇലോൺ മസ്‌ക് (180 ബില്യൺ), ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് (114 ബില്യൺ) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
|
169 ഇന്ത്യക്കാർ ഇടം നേടിയ ശതകോടീശ്വര പട്ടികയിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയമാൻ മുകേഷ് അംബാനി 83.4 ശതകോടി ആസ്തിയുമായാണ് ഒന്നാം സ്ഥാനത്തെത്തിയത്. കഴിഞ്ഞ വർഷം മുകേഷിനെ മറികടന്ന് ഒന്നാമതെത്തിയ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി ഇപ്രാവശ്യം രണ്ടാം സ്ഥാനത്താണ്. അദാനിയുടെ ആസ്തി 90 ശതകോടി ഡോളറിൽ നിന്ന് 47.2 ശതകോടി ഡോളറായി കുറഞ്ഞു. എച്ച്‌സിഎൽ സഹസ്ഥാപകൻ ശിവ് നാടാറാണ് 25.6 ശതകോടിയുമായി മൂന്നാം സ്ഥാനത്ത്. ലോക കോടീശ്വൻമാരുടെ പട്ടികയിൽ മുകേഷ് അംബാനി ഒമ്പതാം സ്ഥാനത്തും അദാനി 24-ാമതുമാണ്. നേരത്തെ അദാനി രണ്ടാംസ്ഥാനത്തെത്തിയിരുന്നു.
പട്ടികയിൽ ഒമ്പത് മലയാളികളാണുള്ളത്. ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാൻ എം.എ യൂസഫലിയാണ് ഏറ്റവും സമ്പന്നനായ ലോക മലയാളി. 5.3 ബില്യൺ ഡോളർ സമ്പത്തുള്ള അദ്ദേഹം ലോകറാങ്കിങ്ങിൽ 497 ആം സ്ഥാനത്താണ്. ഇൻഫോസിസ് സഹ സ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ (3.2 ബില്യൺ), ആർപി ഗ്രൂപ്പ് സ്ഥാപകൻ രവി പിള്ള (3.2 ബില്യൺ), ജെംസ് എഡ്യൂക്കേഷൻ മേധാവി സണ്ണി വർക്കി (3 ബില്യൺ), ജോയ് ആലുക്കാസ് ഗ്രൂപ്പ് ഉടമ ജോയ് ആലുക്കാസ് (2.8 ബില്യൺ), ബുർജീൽ ഹോൾഡിങ്സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ, ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രൻ എന്നിവരാണ് സമ്പന്ന മലയാളികളിൽ മുൻനിരയിൽ. 2.2 ബില്യൺ സമ്പത്തുള്ള ഡോ. ഷംഷീറാണ് ഏറ്റവും സമ്പന്നനായ യുവ മലയാളി.


