പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള (Anti-CAA) പ്രതിഷേധങ്ങളുടെ ഭാഗമായി ഡല്‍ഹി കലാപ ഗൂഢാലോചനക്കേസില്‍ യുഎപിഎ (UAPA) ചുമത്തപ്പെട്ട് ജയിലിലായിരുന്ന അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകരില്‍ നാല് പേര്‍ പുറത്തിറങ്ങി. സുപ്രീം കോടതി ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്ന് ബുധനാഴ്ച രാത്രിയോടെയാണ് ഇവര്‍ തിഹാര്‍ ജയിലില്‍ നിന്ന് മോചിതരായത്. വിചാരണത്തടവുകാരായി 2,000-ത്തിലധികം ദിവസങ്ങള്‍ ജയിലില്‍ കഴിഞ്ഞ ശേഷമാണ് ഇവരുടെ മോചനം.
|
ഗുല്‍ഫിഷ ഫാത്തിമ, ഷിഫാ ഉര്‍ റഹ്‌മാന്‍, മുഹമ്മദ് സലീം ഖാന്‍, മീരാന്‍ ഹൈദര്‍ എന്നിവരാണ് ജയില്‍ മോചിതരായത്. സുപ്രീം കോടതി നിര്‍ദ്ദേശിച്ച ജാമ്യവ്യവസ്ഥകള്‍ പാലിച്ചുവെന്ന് വിചാരണക്കോടതി സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് റിലീസ് ഓര്‍ഡര്‍ പുറപ്പെടുവിച്ചത്.
2 ലക്ഷം രൂപയുടെ ബോണ്ടും തുല്യമായ രണ്ട് പ്രാദേശിക ജാമ്യക്കാരെയുമാണ് കോടതി ആവശ്യപ്പെട്ടിരുന്നത്. ഈ വ്യവസ്ഥകള്‍ പൂര്‍ത്തിയാക്കിയതോടെ നാല് പേരും ജയിലിന് പുറത്തിറങ്ങി. ജാമ്യം ലഭിച്ച അഞ്ചാമത്തെ പ്രവര്‍ത്തകനായ ഷദാബ് അഹമ്മദ് ജാമ്യരേഖകള്‍ ഹാജരാക്കാത്തതിനാല്‍ നിലവില്‍ ജയിലില്‍ തുടരുകയാണ്.
ഉമര്‍ ഖാലിദും ഷര്‍ജീല്‍ ഇമാമും
ഇതേ കേസില്‍ പ്രതികളായ പ്രമുഖ ആക്ടിവിസ്റ്റുകള്‍ ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം എന്നിവരുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തിങ്കളാഴ്ച തള്ളിയിരുന്നു. ഇവര്‍ക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് നിരീക്ഷിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്.
അഥര്‍ ഖാന്‍, ഖാലിദ് സൈഫി, താഹിര്‍ ഹുസൈന്‍, സലീം മാലിക്, തസ്ലീം അഹമ്മദ് എന്നിവര്‍ ഇതേ കേസില്‍ അഞ്ച് വര്‍ഷത്തിലേറെയായി ഇപ്പോഴും ജയിലില്‍ തുടരുകയാണ്.
നാല് പേര്‍ക്ക് ജാമ്യം ലഭിച്ചതില്‍ കുടുംബാംഗങ്ങളും അനുയായികളും സന്തോഷം പ്രകടിപ്പിച്ചെങ്കിലും, ഉമര്‍ ഖാലിദ് ഉള്‍പ്പെടെയുള്ളവര്‍ക്ക് ജാമ്യം നിഷേധിച്ചതിലും മറ്റുള്ളവരുടെ നീണ്ട തടവുശിക്ഷയിലും പ്രതിഷേധവും ദുഃഖവും നിലനില്‍ക്കുന്നുണ്ട്.





