27
Mar 2026
Fri
27 Mar 2026 Fri
Panchagavya rule

ഉത്തരാകാശി/ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ക്ഷേത്രങ്ങളില്‍ അഹിന്ദുക്കള്‍ക്കും സനാതന ധര്‍മ്മം പാലിക്കാത്തവര്‍ക്കും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. ഗംഗോത്രി ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന് തീര്‍ത്ഥാടകര്‍ ‘പഞ്ചഗവ്യം’ കഴിക്കണമെന്നാണ് നിര്‍ദേശം. മുസ്ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ക്ഷേത്രത്തില്‍ പ്രവേശിക്കണമെങ്കില്‍ സനാതനി ആണെന്നും ഹിന്ദുത്വ ധര്‍മം അംഗീകരിക്കുന്നുവെന്നും സത്യവാങ്മൂലം നല്‍കണമെന്നും നിബന്ധന വച്ചിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗംഗോത്രി ധാം ക്ഷേത്ര സമിതിയാണ് തീര്‍ത്ഥാടകര്‍ക്ക് പഞ്ചഗവ്യം നിര്‍ബന്ധമാക്കാന്‍ നിര്‍ദ്ദേശിച്ചത്.

എന്താണ് പഞ്ചഗവ്യം?

പശുവിന്റെ പാല്‍, തൈര്, നെയ്യ്, ഗോമൂത്രം, ചാണകം എന്നിവ ഗംഗാജലത്തില്‍ ചേര്‍ത്ത മിശ്രിതമാണിത്. ഇത് കഴിക്കുന്നത് ശുദ്ധീകരണത്തിന്റെ പരമാധികാര രൂപമാണെന്ന് ക്ഷേത്ര സമിതി സെക്രട്ടറി സുരേഷ് സെംവാള്‍ പറഞ്ഞു.

ഏപ്രില്‍ 19-ന് യാത്ര തുടങ്ങുന്നതോടെ ഇത് നടപ്പിലാക്കാനാണ് തീരുമാനം. ഇതിനായി പത്തംഗ വിദഗ്ധ സമിതിയെ നിയമിച്ചിട്ടുണ്ട്.
സിഖ്, ബുദ്ധ, ജൈന മതവിഭാഗങ്ങള്‍ സനാതന ധര്‍മ്മത്തിന്റെ ഭാഗമാണെന്ന് കരുതുന്നതിനാല്‍ അവര്‍ക്ക് ഈ നിയന്ത്രണങ്ങള്‍ ബാധകമാകില്ല. ഇതോടെ പുതിയ നിയമം മുസ്ലിംകളെയും ക്രിസ്ത്യാനികളെയും ലക്ഷ്യമിട്ടാണെന്ന് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നു.

ALSO READ: തമിഴ്‌നാട് ബിജെപിയില്‍ പൊട്ടിത്തെറി; മല്‍സരിക്കാനില്ലെന്ന് മുന്‍ സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈ

യമുനോത്രി ക്ഷേത്ര സമിതിയും സമാനമായ നിയന്ത്രണങ്ങളെക്കുറിച്ച് ചൊവ്വാഴ്ച ചര്‍ച്ച നടത്തും. സനാതന ധര്‍മ്മത്തോട് ആഭിമുഖ്യമില്ലാത്തവരുടെ തിരക്ക് നിയന്ത്രിക്കാനാണ് ഈ നീക്കമെന്ന് സമിതി വക്താവ് പുരുഷോത്തം ഉനിയാല്‍ ന്യായീകരിച്ചു.

ബദരീനാഥിലും കേദാര്‍നാഥിലും നിയന്ത്രണം

ബദരീനാഥ്-കേദാര്‍നാഥ് ക്ഷേത്ര സമിതി (BKTC) അഹിന്ദുക്കളുടെ പ്രവേശനം ഔദ്യോഗികമായി വിലക്കുന്ന പ്രമേയം പാസാക്കി.

കേദാര്‍നാഥിലെ സ്ഥിരം സന്ദര്‍ശകയായ നടി സാറാ അലി ഖാന്‍ ഇനി മുതല്‍ ക്ഷേത്ര ദര്‍ശനത്തിന് മുന്‍പ് ‘ഞാന്‍ ഒരു സനാതനിയാണ്, ഹിന്ദുത്വത്തില്‍ വിശ്വസിക്കുന്നു’ എന്ന് രേഖപ്പെടുത്തിയ സത്യവാങ്മൂലം സമര്‍പ്പിക്കേണ്ടി വരും.

സത്യവാങ്മൂലം നല്‍കുന്നതില്‍ സാറ മടിക്കേണ്ടതില്ലെന്നും എല്ലാവരും സനാതനികളാണെന്നും നടി കങ്കണ റണാവത്ത് പ്രതികരിച്ചു. സത്യം എഴുതാന്‍ എന്തിന് ഭയപ്പെടണം എന്ന് കങ്കണ ചോദിച്ചു.

ബദരീനാഥ്, കേദാര്‍നാഥ് ഉള്‍പ്പെടെ 47 ക്ഷേത്രങ്ങളില്‍ ഈ നിയമം ബാധകമായിരിക്കും. നിലവില്‍ ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ പരിഗണനയിലുള്ള ഈ നിര്‍ദ്ദേശങ്ങള്‍ക്ക് അംഗീകാരം ലഭിച്ചാല്‍ ഏപ്രില്‍ അവസാനവാരം നട തുറക്കുന്നതോടെ പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരും. ചാര്‍ ധാം തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ പവിത്രത നിലനിര്‍ത്താനാണ് ഇത്തരം കര്‍ശന നടപടികളെന്ന് ബി.കെ.ടി.സി ചെയര്‍മാന്‍ ഹേമന്ത് ദ്വിവേദി പറഞ്ഞു.