ലോകം നിര്‍മിത ബുദ്ധിയുടെ(ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്)സൗകര്യങ്ങള്‍ ആഘോഷിക്കുന്നതിനിടെ എഐയുടെ ഗോഡ്ഫാദര്‍ എന്നു വിളിക്കുന്ന ജിയോഫ്രി ഹിന്റണ്‍ ഗുഗിളിലെ ജോലി ഉപേക്ഷിച്ചു. നിര്‍മിതബുദ്ധിയുടെ അപകടങ്ങള്‍ ലോകത്തിനു മുമ്പാകെ വെളിപ്പെടുത്തുന്നതിനായാണ് ജോലി ഉപേക്ഷിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. എഐ വികസിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചയാളാണ് 75കാരനായ ജിയോഫ്രി ഹിന്റണ്‍. എഐ വികസിപ്പിച്ചതില്‍ താന്‍ ഖേദിക്കുന്നുവെന്ന് ന്യൂയോര്‍ക്ക് ടൈംസിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.
|
ഗൂഗിളിലെ ജോലി ഉപേക്ഷിച്ചതിനാല്‍ എഐയുടെ അപകടത്തെക്കുറിച്ച് തനിക്ക് സ്വതന്ത്രമായി സംസാരിക്കാമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ഒരു പതിറ്റാണ്ടിലേറെയായി ഗുഗിളില്‍ ജോലി ചെയ്തുവരികയായിരുന്നു ജിയോഫ്രി. 2012ല്‍ ടൊറന്റോയിലെ രണ്ടുവിദ്യാര്‍ഥികളുമായി ചേര്‍ന്നാണ് ജിയോഫ്രി ഫോട്ടോകള്‍ വിശകലനം ചെയ്യാനും പൊതുവായ വസ്തുക്കള്‍ തിരിച്ചറിയാനുമുള്ള അല്‍ഗോരിതം വികസിപ്പിച്ചത്. ഈ രണ്ടു വിദ്യാര്‍ഥികളില്‍ ഒരാള്‍ ഇപ്പോള്‍ ഓപണ്‍എഐയിലെ ചീഫ് സയന്റിസ്റ്റ് ആണ്.
ഇപ്പോള്‍ തരംഗമായി മാറിയ ചാറ്റ്ജിപിറ്റി അടക്കമുള്ള ഉല്‍പ്പന്നങ്ങളുടെ നെടുംതൂണ്‍ ജിഫ്രിയും സംഘവും വികസിപ്പിച്ച നിര്‍മിതി ബുദ്ധി സംവിധാനമാണ്. നിര്‍മിതി ബുദ്ധിയുടെ സഹായത്തോടെ സാങ്കല്‍പ്പിക ചിത്രങ്ങളും എഴുത്തുകളുമൊക്കെ പ്രചരിക്കപ്പെടുന്നതിലെ ആശങ്കയും അദ്ദേഹം പങ്കുവയ്ക്കുകയുണ്ടായി.
ഗൂഗിളിനെ വിമര്‍ശിക്കാനാണ് താന്‍ ജോലി വിട്ടതെന്ന പ്രചാരണം തെറ്റാണെന്നും നിര്‍മിത ബുദ്ധിയുടെ അപകടത്തെക്കുറിച്ച് പറയാനാണെന്നും ഇത് എങ്ങനെ ഗൂഗിളിനെ ബാധിക്കുമെന്നതിനെക്കുറിച്ച് താന്‍ കണക്കിലെടുക്കുന്നില്ലെന്നും വ്യക്തമാക്കിയ ജിയോഫ്രി ഗൂഗിള്‍ ഉത്തരവാദിത്വത്തോടെയാണ് പെരുമാറുന്നതെന്നും ട്വിറ്ററില്‍ കുറിച്ചു.
In the NYT today, Cade Metz implies that I left Google so that I could criticize Google. Actually, I left so that I could talk about the dangers of AI without considering how this impacts Google. Google has acted very responsibly.
— Geoffrey Hinton (@geoffreyhinton) May 1, 2023
കഴിഞ്ഞദിവസം നിര്‍മിതി ബുദ്ധി സഹായത്തോടെ നിര്‍മിച്ച ചിത്രമാണ് ബിടിഎസ് ഗായകന്‍ ജിമിനെപ്പോലെയാവാന്‍ ശസ്ത്രക്രിയ നടത്തി മരിച്ച കനേഡിയന്‍ നടന്‍ സെയിന്റ് വോന്‍ കൊലൂക്കി എന്ന വ്യാജ വാര്‍ത്തയ്ക്ക് ഉപയോഗിച്ചത്. ഇങ്ങനെയൊരു നടന്‍ ജനിച്ചിട്ടു പോലുമില്ലെന്നതാണ് വസ്തുത. വരാനിരിക്കുന്ന എഐ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള താക്കീതാണ് അവയുടെ ഗോഡ്ഫാദര്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.


