ലൈംഗിക ന്യൂനപക്ഷങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ അടുത്തിടെ മുഴങ്ങിക്കേള്‍ക്കുന്ന ഒരു വാക്കാണ് ‘ഗ്രേസെക്ഷ്വാലിറ്റി’. ലൈംഗികതയെക്കുറിച്ചുള്ള പരമ്പരാഗത കാഴ്ചപ്പാടുകള്‍ക്ക് മാറ്റം വരുത്തിക്കൊണ്ടാണ് ‘ഗ്രേസെക്ഷ്വാലിറ്റി’ എന്ന സ്വത്വം ജെന്‍ സി എന്ന് വിളിക്കപ്പെടുന്ന യുവതലമുറയില്‍ ചര്‍ച്ചയാവുന്നത്. സമൂഹത്തില്‍ പൊതുവായി നിലനില്‍ക്കുന്ന ധാരണ, ലൈംഗിക താല്‍പ്പര്യങ്ങള്‍ എല്ലാവര്‍ക്കും സ്ഥിരമായി ഉണ്ടാകണം എന്നതാണ്. ഇതില്‍നിന്ന് വ്യത്യസ്തമായ അനുഭവം ഉണ്ടാകുമ്പോള്‍ പലര്‍ക്കും വലിയ മാനസിക സംഘര്‍ഷം ഉണ്ടാകാറുണ്ട്. ഇത്തരത്തിലുള്ള ധാരണകളെ മറ്റിമറിക്കുന്നതാണ് ‘ഗ്രേസെക്ഷ്വാലിറ്റി’ എന്ന സങ്കല്‍പ്പം.
|
എന്താണ് ഗ്രേസെക്ഷ്വാലിറ്റി?
ഏസെക്ഷ്വാലിറ്റി അഥവാ ലൈംഗിക ആകര്‍ഷണം ഇല്ലാത്ത അവസ്ഥയ്ക്കും, അലോസെക്ഷ്വാലിറ്റി, അഥവാ പതിവായി ലൈംഗിക ആകര്‍ഷണം അനുഭവിക്കുന്ന അവസ്ഥയ്ക്കും ഇടയിലുള്ളതാണ് ഗ്രേസെക്ഷ്വാലിറ്റി. ഗ്രേസെക്ഷ്വല്‍ എന്ന് സ്വയം തിരിച്ചറിയുന്ന ആളുകള്‍ക്ക് ലൈംഗിക ആകര്‍ഷണം വളരെ വിരളമായി മാത്രമോ, അല്ലെങ്കില്‍ വളരെ കുറഞ്ഞ തീവ്രതയില്‍ മാത്രമേ അനുഭവപ്പെടാറുള്ളൂ.
പ്രധാന പ്രത്യേകതകള്‍:
അപൂര്‍വ ആകര്‍ഷണം: പല മാസങ്ങളോളം ലൈംഗിക താല്‍പര്യങ്ങളില്ലാതെ ഇരുന്നശേഷം, പെട്ടെന്ന് ചിലപ്പോള്‍ മാത്രം ആകര്‍ഷണം അനുഭവപ്പെടുക. തീവ്രതയില്ലായ്മ: ആകര്‍ഷണം തോന്നിയാല്‍ പോലും, അത് ലൈംഗിക ബന്ധത്തിലേക്ക് കടക്കാന്‍ പ്രേരിപ്പിക്കുന്നത്ര ശക്തമായിരിക്കില്ല.
ചിലരുമായി മാത്രം: വൈകാരികമായി വളരെ അടുത്ത ബന്ധം സ്ഥാപിച്ച വ്യക്തികളോട് മാത്രം ആകര്‍ഷണം തോന്നുക
ഗ്രേസെക്ഷ്വല്‍ ആയ ഒരാള്‍ക്ക് ലൈംഗികബന്ധം ആസ്വദിക്കാന്‍ സാധിക്കും. എന്നാല്‍ അവര്‍ ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ലൈംഗിക ആകര്‍ഷണം കൊണ്ടല്ല, മറിച്ച് പങ്കാളിയോടുള്ള സ്‌നേഹമോ, വൈകാരിക ബന്ധം ദൃഢമാക്കാനോ വേണ്ടിയായിരിക്കും. ലൈംഗികത അവര്‍ക്ക് ഒരു മുന്‍ഗണനാ വിഷയമായിരിക്കില്ല.
യുവതലമുറ അവരുടെ ലൈംഗിക സ്വത്വങ്ങളെക്കുറിച്ച് കൂടുതല്‍ തുറന്നു സംസാരിക്കുന്നു എന്നതാണ് ‘ഗ്രേസെക്ഷ്വാലിറ്റി’ ഇപ്പോള്‍ ചര്‍ച്ചയില്‍ കൂടുതലായി കേള്‍ക്കാന്‍ കാരണം. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് ഗ്രേസെക്ഷ്വല്‍ സ്വത്വത്തിന് വലിയ പ്രചാരം നല്‍കി.
ലൈംഗികത ഒരു കടമയല്ല എന്നും, ഓരോ വ്യക്തിയുടെയും അനുഭവം വ്യത്യസ്തമായിരിക്കും എന്നും ഇത് ഓര്‍മ്മിപ്പിക്കുന്നു. ഇങ്ങനെയുള്ള അവസ്ഥ വരുന്നത് തങ്ങള്‍ക്ക് ‘തകരാര്‍ ഉള്ളത് കൊണ്ടണോ’ എന്ന ആശങ്കയെ ഇല്ലാതാക്കുകയും, സ്വന്തം സ്വത്വത്തെ തിരിച്ചറിയാന്‍ ഗ്രേസെക്ഷ്വാലിറ്റി എന്ന വാക്ക് പലര്‍ക്കും സഹായകമാകുകയും ചെയ്യുന്നു.





