09
Oct 2025
Sat
09 Oct 2025 Sat
cough syrup

India cough syrup guideline രണ്ട് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ചുമ മരുന്ന് നല്‍കരുതെന്ന കര്‍ശന നിര്‍ദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. വിവിധ സംസ്ഥാനങ്ങളില്‍ ചുമ മരുന്ന് കഴിച്ച കുട്ടികള്‍ മരിച്ചെന്ന പരാതി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്.

whatsapp രണ്ട് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് കഫ് സിറപ്പ് നല്‍കരുതെന്ന് കേന്ദ്രത്തിന്റെ കര്‍ശന നിര്‍ദേശം
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇത്തരം മരുന്നുകളുടെ ഉപയോഗം കൃത്യമായ ക്ലിനിക്കല്‍ പരിശോധനയ്ക്കും ഡോക്ടര്‍മാരുടെ നിര്‍ദേശത്തിനും ശേഷം മാത്രം മതി. മരുന്ന് ഇതര രീതികള്‍ ആയിരിക്കണം രോഗികള്‍ക്ക് നല്‍കേണ്ട പ്രാഥമിക പരിചരണം. എല്ലാ ആരോഗ്യ സ്ഥാപനങ്ങളും ഇത്തരം മരുന്നുകളുടെ ഗുണനിലവാരം ഉറപ്പ് വരുത്തി മാത്രം ഉപയോഗിക്കുക.

അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് പൊതുവില്‍ കഫ് സിറപ്പുകള്‍ നിര്‍ദേശിക്കാറില്ലെന്ന് ഡിജിഎച്ച്എസ് മാര്‍ഗനിര്‍ദേശത്തില്‍ പറഞ്ഞു. ആവശ്യമെങ്കില്‍ കൃത്യമായ പരിശോധനകള്‍ക്കുശേഷം നിരീക്ഷണത്തിലും കുറച്ചുകാലയളവിലേക്ക് ഡോസ് നിശ്ചയിച്ചുമാകണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.

സ്വയം ചികിത്സ നടത്താതെ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം മാത്രമേ മരുന്നുകള്‍ കഴിക്കാവൂ. വിശ്രമവും മറ്റുമാകണം ഡോക്ടര്‍മാരുടെ പ്രഥമ പരിഗണന. എല്ലാ ആശുപത്രികളിലും നിര്‍ദേശം നടപ്പാക്കുന്നെന്ന് ഉറപ്പാക്കണം. മരുന്നുകളുടെ കാര്യത്തില്‍ ശ്രദ്ധവേണമെന്നും ആവശ്യപ്പെട്ടു.

മരുന്ന് നിര്‍ദേശിക്കുന്നതില്‍ സ്വകാര്യ സ്ഥാപനങ്ങളടക്കം ജാഗ്രത പാലിക്കാനും നിര്‍ദേശമുണ്ട്. ഈ മാര്‍ഗനിര്‍ദേശം സംസ്ഥാനങ്ങളിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളും കര്‍ശനമായി പാലിക്കണമെന്നും കേന്ദ്രം മുന്നറിയിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.

അതേ സമയം, മധ്യപ്രദേശിലും രാജസ്ഥാനിലും കുട്ടികള്‍ മരിച്ച സംഭവത്തില്‍ പരിശോധിച്ച കഫ് സിറപ്പുകളില്‍ പ്രശ്‌നങ്ങളില്ലെന്ന് കേന്ദ്ര ഏജന്‍സികള്‍ വ്യക്തമാക്കി. സാംപിളുകളില്‍ വൃക്കയെ ബാധിക്കുന്ന തരത്തിലുള്ള ഡയത്തലീന്‍ ഗ്ലൈസോളിന്റെയോ എത്തിലീന്‍ ഗ്ലൈസോളിന്റെയോ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

കുട്ടികളുടെ മരണം കഫ് സിറപ്പു മൂലമാണെന്ന ആരോപണം ഉയര്‍ന്നതോടെയാണ് എന്‍സിഡിസി, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, സിഎസ്ഡിസിഒ എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്.

കഫ് സിറപ്പ് കഴിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസം മൂന്ന് കുട്ടികള്‍ കൂടി മരിച്ചിരുന്നു. മധ്യപ്രദേശില്‍ രണ്ട് കുട്ടികളും രാജസ്ഥാനില്‍ ഒരുകുട്ടിയുമാണ് മരിച്ചത്. ഇതോടെ ആകെ മരണം 11 ആയി. കെയ്സണ്‍ ഫാര്‍മ നിര്‍മ്മിക്കുന്ന ഡെക്സ്‌ട്രോമെത്തോര്‍ഫാന്‍ ഹൈഡ്രോബ്രോമൈഡ് അടങ്ങിയ സിറപ്പ് കഴിച്ച കുട്ടികളാണ് മരിച്ചത്. കുട്ടികളുടെ മരണത്തോടെ സിറപ്പിന്റെ വിതരണം നിര്‍ത്തിവച്ചു. മരുന്നിന്റെ ഗുണനിലവാരം പരിശോധിച്ചു കൊണ്ടിരിക്കുകയാണ്.