India-Saudi Hajj agreement signed ജിദ്ദ: 2026ലെ ഹജ്ജ് ഉഭയകക്ഷി കരാറില്‍ സൗദി അറേബ്യയും ഇന്ത്യയും ഒപ്പുവെച്ചു. സൗദി ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് ബിന്‍ ഫൗസാന്‍ അല്‍ റബിഅയും ഇന്ത്യന്‍ പാര്‍ലമെന്ററി കാര്യ-ന്യൂനപക്ഷ ക്ഷേമ മന്ത്രി കിരണ്‍ റിജിജുവുമാണ് ഞായറാഴ്ച ജിദ്ദയില്‍ നടന്ന ചടങ്ങില്‍ സംബന്ധിച്ചത്. കഴിഞ്ഞ വര്‍ഷത്തെ അതെ ക്വോട്ടയായ 1,75,025 തീര്‍ഥാടകര്‍ തന്നെയാണ് ഇത്തവണയും ഇന്ത്യയില്‍ നിന്നെത്തുക.
|
ഇന്ത്യന്‍ തീര്‍ഥാടകര്‍ക്കുള്ള സൗകര്യങ്ങള്‍, ഗതാഗതം, താമസം, ആരോഗ്യ സേവനങ്ങള്‍ എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളും ഇരു മന്ത്രിമാരും ചര്‍ച്ച ചെയ്തു. തീര്‍ഥാടനം സുഗമവും സുഖകരവുമാക്കാന്‍ ആവശ്യമായ ഏകോപനവും ലോജിസ്റ്റിക് പിന്തുണയും ശക്തിപ്പെടുത്തും. ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കിരണ്‍ റിജിജു റിയാദിലെ ഇന്ത്യന്‍ എംബസിയിലെയും ജിദ്ദ കോണ്‍സുലേറ്റിലെയും ഉദ്യോഗസ്ഥരുമായി പ്രത്യേക അവലോകനയോഗം നടത്തി.
ഇന്ത്യന്‍ തീര്‍ഥാടകരുടെ ക്ഷേമവും സൗകര്യവും ഉറപ്പാക്കാന്‍ സൗദി അധികൃതരുമായി ചേര്‍ന്ന് നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ഹജ്ജ്, ഉംറയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട സ്ഥലങ്ങളായ ജിദ്ദ വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഒന്ന്, ഹറമൈന്‍ റെയില്‍വേ സ്‌റ്റേഷന്‍, ത്വാഇഫിലെ വിവിധ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശന നടത്തിയ മന്ത്രി തീര്‍ഥാടകര്‍ക്കായി ഒരുക്കിയിട്ടുള്ള അടിസ്ഥാന സൗകര്യങ്ങള്‍ നേരിട്ട് മനസ്സിലാക്കി.





