ബജറ്റ് എയര്‍ലൈനുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് പലപ്പോഴും പരിമിതമായ സൗകര്യങ്ങളാണ് ലഭിക്കുക. വൃത്തിഹീനമായ ടോയ്ലറ്റും സൗകര്യപ്രദമായി ഇരിക്കാന്‍ പറ്റാത്ത സീറ്റുമൊക്കെ മിക്കവരും സഹിക്കുകയാണ് ചെയ്യുക. എന്നാല്‍, അത്തരത്തില്‍ അനുഭവമുണ്ടായ ഒരു യാത്രക്കാരി പരാതിയുമായി ചെന്നപ്പോള്‍ ലഭിച്ചത് പ്രതീക്ഷിക്കാത്ത നഷ്ടപരിഹാരമാണ്.
|
യാത്രക്കാരിക്ക് വൃത്തിഹീനവും കറ പുരണ്ടതുമായ സീറ്റ് നല്‍കിയതിന് ഇന്‍ഡിഗോ എയര്‍ലൈന്‍സിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത് ഡല്‍ഹി ഉപഭോക്തൃ ഫോറമാണ്. സേവനത്തിലെ പോരായ്മ മൂലം അവര്‍ അനുഭവിച്ച അസ്വസ്ഥതക്കും മാനസിക പ്രയാസത്തിനും 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് ഉത്തരവിട്ടു. പുറമെ കേസിന് ചെലവായ 25,000 രൂപ നല്‍കാനും ഫോറം ഉത്തരവിട്ടു.
ഈ വര്‍ഷം ജനുവരി 2ന് ബാക്കുവില്‍ നിന്ന് ഡല്‍ഹിയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. ഈ യാത്രയില്‍ വൃത്തിഹീനവും കറ പുരണ്ടതുമായ സീറ്റ് നല്‍കിയെന്ന് ആരോപിച്ചാണ് പിങ്കി പരാതി സമര്‍പ്പിച്ചത്. പരാതിയില്‍ പൂനം ചൗധരി പ്രസിഡന്റും ബാരിഖ് അഹമ്മദ്, ശേഖര്‍ ചന്ദ്ര എന്നിവര്‍ അംഗങ്ങളുമായ ഡല്‍ഹി ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമീഷനാണ് വാദം കേട്ടത്. ഈ വിഷയത്തെക്കുറിച്ചുള്ള തന്റെ പരാതി അവഗണിക്കുകയും സെന്‍സിറ്റീവായ രീതിയില്‍ കൈകാര്യം ചെയ്തുവെന്നും പിങ്കി ആരോപിച്ചു.
ALSO READ: ‘വോട്ട് മോഷണം’: തെരഞ്ഞെടുപ്പ് കമ്മീഷന് കുരുക്കിട്ട് കര്‍ണാടക സര്‍ക്കാര്‍; അന്വേഷണത്തിന് ഉത്തരവ്
എന്നാല്‍, വാദത്തെ എതിര്‍ത്ത് പിങ്കി നേരിടുന്ന പ്രശ്നം ശ്രദ്ധയില്‍പ്പെട്ടെന്നും അവര്‍ക്ക് മറ്റൊരു സീറ്റ് നല്‍കിയതായും എയര്‍ലൈന്‍സ് പറഞ്ഞു. അതിലവര്‍ സ്വമേധയാ യാത്ര ചെയ്ത് ഡല്‍ഹിയിലേക്കുള്ള യാത്ര പൂര്‍ത്തിയാക്കിയതായും പറഞ്ഞു.
എന്നാല്‍, എതിര് കക്ഷി (ഇന്‍ഡിഗോ) സേവനത്തിലെ പോരായ്മക്ക് കുറ്റക്കാരനാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നുവെന്ന് ജൂലൈ 9ന് പുറത്തിറക്കിയ ഉത്തരവില്‍ ഫോറം വ്യക്തമാക്കി. അവര്‍ അനുഭവിച്ച അസ്വസ്ഥതയും മാനസിക വേദനയും സംബന്ധിച്ച് അവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ഞങ്ങള്‍ കരുതുന്നു. അതനുസരിച്ച്, നഷ്ടപരിഹാരമായി 1.5 ലക്ഷം രൂപ നല്കാന് എതിര് കക്ഷിയോട് ഞങ്ങള്‍ നിര്‍ദേശിക്കുന്നു’വെന്ന് ഫോറം കൂട്ടിച്ചേര്‍ത്തു. കേസിന് ചെലവായ 25,000 രൂപ നല്‍കാനും ഫോറം ഉത്തരവിട്ടു.
സ്റ്റാന്‍ഡേര്‍ഡ് ഏവിയേഷന്‍ പ്രോട്ടോക്കോളുകള്‍ പ്രകാരം ആഭ്യന്തര പ്രവര്‍ത്തന രേഖകളുടെ ഭാഗമായ ‘സിറ്റുവേഷന് ഡാറ്റ ഡിസ്പ്ലേ ‘ (എസ്.ഡി.സി) റിപ്പോര്‍ട്ട് ഹാജറാക്കുന്നതില്‍ എയര്‍ലൈനുകള്‍ പരാജയപ്പെട്ടുവെന്ന് ഫോറം ഉത്തരവില്‍ പറഞ്ഞു.
‘എഴുതിയ പ്രസ്താവനയിലോ എതിര് കക്ഷി സമര്‍പ്പിച്ച തെളിവുകളിലോ ഈ റിപ്പോര്‍ട്ടിനെക്കുറിച്ച് യാതൊരു പരാമര്‍ശവുമില്ല. വിമാന പ്രവര്‍ത്തന നിരീക്ഷണത്തിനും യാത്രക്കാരുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ രേഖപ്പെടുത്തുന്നതിനും ഉപയോഗിക്കുന്ന ഒരു നിര്‍ണായക രേഖയാണ് എസ്.എസ്.ഡി. ഈ രേഖയുടെ അഭാവം എതിര് കക്ഷിയുടെ പ്രതിരോധത്തെ ദുര്‍ബലമാക്കുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടി.





