27
Mar 2026
Fri
27 Mar 2026 Fri
strait of hormuz

Hormuz Crisis ടെഹ്റാന്‍/വാഷിംഗ്ടണ്‍: യുഎസ്-ഇസ്രായേല്‍ സഖ്യവുമായുള്ള യുദ്ധം കൊടുമ്പിരിക്കൊള്ളുമ്പോഴും എണ്ണ വില്പനയിലൂടെ കോടിക്കണക്കിന് ഡോളര്‍ അധിക വരുമാനം നേടി ഇറാന്‍. ഹോര്‍മുസ് കടലിടുക്കിന്മേലുള്ള നിയന്ത്രണം ഇറാനു മാത്രമായി ചുരുങ്ങിയതോടെയാണ് രാജ്യം ഈ വന്‍ സാമ്പത്തിക നേട്ടം കൊയ്യുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളറിന് മുകളില്‍ എത്തിയത് ഇറാന് ഗുണകരമായി. ഫെബ്രുവരിയില്‍ പ്രതിദിനം 115 മില്യണ്‍ ഡോളറായിരുന്ന ഇറാന്റെ എണ്ണ വരുമാനം മാര്‍ച്ചില്‍ 139 മില്യണ്‍ ഡോളറായി ഉയര്‍ന്നു.

മുന്‍പ് അന്താരാഷ്ട്ര വിലയേക്കാള്‍ വലിയ കുറവില്‍ (ഡിസ്‌കൗണ്ട്) എണ്ണ വിറ്റിരുന്ന ഇറാന്‍, ഇപ്പോള്‍ വളരെ കുറഞ്ഞ ഡിസ്‌കൗണ്ടിലാണ് ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് എണ്ണ നല്‍കുന്നത്.

ഹോര്‍മുസ് കടലിടുക്കിലെ ആധിപത്യം

മറ്റ് ഗള്‍ഫ് രാജ്യങ്ങളുടെ എണ്ണക്കപ്പലുകള്‍ക്ക് നിയന്ത്രണമുള്ളപ്പോള്‍ ഇറാന്റെ കപ്പലുകള്‍ തടസ്സമില്ലാതെ ഹോര്‍മുസ് കടലിടുക്ക് കടന്നുപോകുന്നു. കൂടാതെ, ഈ പാതയിലൂടെ പോകുന്ന മറ്റ് വാണിജ്യ കപ്പലുകളില്‍ നിന്ന് ‘ട്രാന്‍സിറ്റ് ഫീ’ ഇനത്തില്‍ 2 മില്യണ്‍ ഡോളര്‍ വരെ ഇറാന്‍ ഈടാക്കുന്നുണ്ട്.

ALSO READ: പെട്രോളിനും ഡീസലിനും എക്‌സൈസ് ഡ്യൂട്ടി കുറച്ചു; ഇന്ധന വില കുറയുമോ?

ഖാര്‍ഗ് ഐലന്‍ഡ്: തകര്‍ക്കപ്പെടാത്ത എണ്ണക്കോട്ട

അമേരിക്കയും ഇസ്രായേലും ഇറാനില്‍ ദിവസേന വ്യോമാക്രമണം നടത്തുന്നുണ്ടെങ്കിലും, ഇറാന്റെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാര്‍ഗ് ഐലന്‍ഡിനെ (Kharg Island) ഇതുവരെ കാര്യമായി ലക്ഷ്യം വെച്ചിട്ടില്ല. തിരിച്ചടിയായി ഗള്‍ഫില്‍ അമേരിക്കന്‍ നിയന്ത്രണത്തിലുള്ള എണ്ണപ്പാടങ്ങള്‍ ഇറാന്‍ ആക്രമിക്കുന്ന ഭയമാണ് ഇതിന് പിന്നില്‍. ഉപഗ്രഹ ചിത്രങ്ങള്‍ പ്രകാരം ഖാര്‍ഗ് ഐലന്‍ഡില്‍ എണ്ണ കയറ്റാനായി വലിയ കപ്പലുകള്‍ (VLCC) നിരന്തരമായി എത്തുന്നുണ്ട്. ഹോര്‍മുസ് കടലിടുക്കിന് പുറത്തുള്ള ജാസ്‌ക് (Jask) ടെര്‍മിനല്‍ വഴിയും ഇറാന്‍ എണ്ണ കയറ്റുമതി നടത്തുന്നു.

അമേരിക്കയുടെ ഇരട്ടത്താപ്പ്?

എണ്ണവില നിയന്ത്രിക്കാനായി, കടലിലുള്ള ഇറാന്റെ എണ്ണക്കപ്പലുകള്‍ക്കുമേല്‍ ഏര്‍പ്പെടുത്തിയിരുന്ന ഉപരോധം അമേരിക്ക താല്‍ക്കാലികമായി നീക്കിയത് ആശ്ചര്യകരമായ നീക്കമായാണ് നിരീക്ഷകര്‍ കാണുന്നത്. ‘ട്രംപ് ഭരണകൂടം പ്രായോഗികമായി ഇറാന്റെ കാലുപിടിച്ച് എണ്ണ വില്‍ക്കാന്‍ ആവശ്യപ്പെടുകയാണ്,’ എന്ന് മുന്‍ യുഎസ് ഉപരോധ നയരൂപീകരണ വിദഗ്ധന്‍ റിച്ചാര്‍ഡ് നെഫ്യൂ പരിഹസിച്ചു.

മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് കനത്ത പ്രഹരം

ഇറാന്‍ സാമ്പത്തികമായി നേട്ടമുണ്ടാക്കുമ്പോള്‍ ഇറാഖ്, കുവൈറ്റ്, സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങളുടെ എണ്ണ വരുമാനം കുത്തനെ ഇടിഞ്ഞു. ഖത്തറിലെ ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക കയറ്റുമതി കേന്ദ്രമായ റാസ് ലഫാന്‍ (Ras Laffan) ആക്രമിക്കപ്പെട്ടത് ആഗോള ഗ്യാസ് വിതരണത്തെയും ബാധിച്ചിട്ടുണ്ട്.

യുദ്ധം മൂലം തകര്‍ന്ന തങ്ങളുടെ സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനും സൈനിക ശേഷി വര്‍ദ്ധിപ്പിക്കാനും ഈ അധിക വരുമാനം ഇറാനെ സഹായിക്കുമെന്നാണ് കരുതുന്നത്.