Iran fires missiles ഇസ്രായേലിന് നേരെ ഇറാന്റെ തുടര്‍ച്ചയായ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം. ഇന്ന് നടന്ന രണ്ടാമത്തെ ആക്രമണത്തെത്തുടര്‍ന്ന് തെല്‍ അവീവിലും മധ്യ ഇസ്രായേലിലുടനീളം അപായ സൈറണുകള്‍ മുഴങ്ങി. ജനങ്ങള്‍ ഉടന്‍ തന്നെ സുരക്ഷിത മുറികളിലേക്ക് മാറണമെന്ന് സൈന്യം നിര്‍ദ്ദേശം നല്‍കി.
|
ഇറാന്റെ മിസൈലുകളെ പ്രതിരോധിക്കാന്‍ ഇസ്രായേല്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ സജീവമാണെന്ന് സൈന്യം അറിയിച്ചു.
ഹൈഫയിലും വടക്കന്‍ അധിനിവേശ പലസ്തീനിലും നിരവധി സ്‌ഫോടനങ്ങള്‍ കേട്ടതായി ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു
വടക്കന്‍ ഇസ്രായേലിന് നേരെയുണ്ടായ ആക്രമണത്തില്‍ നിലവില്‍ പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മഗന്‍ ഡേവിഡ് അഡോം (MDA) ആംബുലന്‍സ് സര്‍വീസ് വ്യക്തമാക്കി. കുറഞ്ഞത് രണ്ട് മിസൈലുകള്‍ എങ്കിലും തൊടുത്തുവിട്ടതായും അതിലൊന്ന് ആളൊഴിഞ്ഞ പ്രദേശത്താണ് പതിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ALSO READ: ഇറാനില്‍ യുഎസ്-ഇസ്രായേല്‍ സംയുക്ത ആക്രമണം: ടെഹ്റാനില്‍ ശക്തമായ സ്‌ഫോടനങ്ങള്‍
ഇറാനില്‍ നിന്ന് തുടര്‍ച്ചയായി ആക്രമണം നടക്കുന്നതായി ഐഡിഎഫ് (IDF) സ്ഥരീകരിച്ചു. വരും മിനിറ്റുകളില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ സൈറണുകള്‍ മുഴങ്ങാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ബോംബ് ഷെല്‍ട്ടറുകളില്‍ തുടരണമെന്ന് നിര്‍ദ്ദേശമുണ്ട്.
യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കരുത്: ലെബനന്‍ പ്രധാനമന്ത്രി
പ്രാദേശിക സംഘര്‍ഷം കടുക്കുന്നതിനിടെ പ്രതികരണവുമായി ലെബനന്‍ പ്രധാനമന്ത്രി നവാഫ് സലാം രംഗത്തെത്തി. രാജ്യത്തെ മറ്റൊരു യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇറാന്റെ സഖ്യകക്ഷിയായ ഹിസ്ബുള്ള ഇസ്രായേലിനെതിരെ ആക്രമണം നടത്തിയേക്കുമെന്ന ആശങ്കകള്‍ക്കിടയിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന.
‘എല്ലാ ലെബനന്‍ പൗരന്മാരും വിവേകത്തോടെയും ദേശസ്നേഹത്തോടെയും പ്രവര്‍ത്തിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ലെബനന്റെ സുരക്ഷയെയും ഐക്യത്തെയും ഭീഷണിപ്പെടുത്തുന്ന സാഹസങ്ങളിലേക്ക് രാജ്യത്തെ വലിച്ചിഴയ്ക്കാന്‍ ആരെയും അനുവദിക്കില്ല,’ സലാം എക്സില്‍ കുറിച്ചു.
അതിനിടെ ബഹ്‌റൈനിലെ അമേരിക്കന്‍ താവളത്തിലും സൈറണ്‍ മുഴങ്ങിയതായി മുന്നറിയിപ്പുണ്ട്. ഖത്തറിലെ യുഎസ് സൈനികരോട് ഷെല്‍ട്ടറിലേക്ക് മാറാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.




