Iran prepares for war അമേരിക്കയുടെ സൈനിക ആക്രമണ ഭീഷണി നിലനില്‍ക്കെ, രാജ്യത്തെ സംരക്ഷിക്കാന്‍ തങ്ങള്‍ സജ്ജമാണെന്ന സൂചനയുമായി ഇറാന് അധികൃതര്‍. മേഖലയില്‍ പുതിയൊരു യുദ്ധം ഒഴിവാക്കാനുള്ള നയതന്ത്ര ശ്രമങ്ങള്‍ തുടരുന്നതിനിടയിലാണ് ഇറാന്റെ ഈ നീക്കം.
|
ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വെള്ളിയാഴ്ച തുര്‍ക്കിയില്‍ ഉന്നതതല ചര്‍ച്ചകള്‍ നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഗായ് അറിയിച്ചു. അയല്‍രാജ്യങ്ങളുമായുള്ള ബന്ധം ദൃഢമാക്കുകയാണ് ഇറാന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമേരിക്കയെ ആക്രമണത്തില്‍ നിന്ന് പിന്തിരിപ്പിക്കാനും ഇരുപക്ഷവും തമ്മില്‍ ഒരു ഒത്തുതീര്‍പ്പിലെത്താനും പ്രാദേശിക നേതാക്കള്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ‘അര്‍മാഡ’ (യുദ്ധക്കപ്പല്‍ പട) എന്ന് വിശേഷിപ്പിച്ച യുഎസ്എസ് എബ്രഹാം ലിങ്കണ് വിമാനവാഹിനിക്കപ്പലിന്റെ നേതൃത്വത്തിലുള്ള സൈനിക വ്യൂഹം ഇറാന്റെ സമുദ്ര അതിര്‍ത്തിക്ക് സമീപം നിലയുറപ്പിച്ചിരിക്കുകയാണ്.
ALSO READ: യുഎസ് ഭീഷണി തള്ളി ഇറാന്; ആക്രമണമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കും; സൈന്യം സജ്ജം
പ്രതിരോധത്തിന് മുന്‍ഗണന
ഇറാന് നിലവില്‍ ചര്‍ച്ചകളേക്കാള്‍ ഉപരി പ്രതിരോധത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്ന് ഉന്നത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ‘ഇറാന്റെ മുന്‍ഗണന ഇപ്പോള്‍ അമേരിക്കയുമായി ചര്‍ച്ച നടത്തലല്ല, മറിച്ച് രാജ്യത്തെ സംരക്ഷിക്കാന്‍ 200 ശതമാനം സജ്ജമായിരിക്കുക എന്നതാണ്,’ ഇറാന്റെ ചര്‍ച്ചാ സംഘത്തിലെ മുതിര്‍ന്ന അംഗം കാസെം ഗരീബാബാദി പറഞ്ഞു.
കഴിഞ്ഞ ജൂണില്‍ ചര്‍ച്ചകള്‍ തുടങ്ങാനിരിക്കെ ഇസ്രായേലും പിന്നീട് അമേരിക്കയും ഇറാനെ ആക്രമിച്ച കാര്യം അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അതിനാല്‍ ഏത് സാഹചര്യത്തിലും പൂര്‍ണ്ണ സജ്ജമായിരിക്കാനാണ് ഇറാന്റെ തീരുമാനം.
സൈനിക സജ്ജീകരണം
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇറാന് തങ്ങളുടെ സൈനിക കരുത്ത് പ്രദര്‍ശിപ്പിക്കുന്നുണ്ട്. ശത്രു ലക്ഷ്യങ്ങളെ തകര്‍ക്കാന്‍ ശേഷിയുള്ള ആയിരത്തോളം പുതിയ ‘സ്ട്രാറ്റജിക്’ ഡ്രോണുകള്‍ സൈന്യത്തിന്റെ ഭാഗമായതായി ഇറാന് അറിയിച്ചു. ആത്മഹത്യാ ഡ്രോണുകളും സൈബര്‍ യുദ്ധത്തിന് ശേഷിയുള്ള വിമാനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.
അതേസമയം, രാജ്യത്തെ ജനങ്ങള്‍ ആശങ്കയിലാണ്. കഴിഞ്ഞ വര്‍ഷമുണ്ടായ യുദ്ധത്തിന് പിന്നാലെ മറ്റൊരു പോരാട്ടം കൂടി ഉണ്ടാകുന്നത് തങ്ങളെ തകര്‍ക്കുമെന്ന് സാധാരണക്കാര്‍ ഭയപ്പെടുന്നു. പട്ടിണിയും ആശയവിനിമയ സംവിധാനങ്ങളുടെ തകരാറും ഉണ്ടായേക്കാമെന്ന ഭീതിയും നിലനില്‍ക്കുന്നുണ്ട്.




