ഗസയില്‍ 24 പേരെ കൂടി കൊലപ്പെടുത്തി ഇസ്രായേല്‍. നിരവധി പേര്‍ക്ക് പരിക്ക്. ഇസ്രായേല്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ ലംഘിക്കുന്നത് തടയാന്‍ അടിയന്തിരമായി ഇടപെടണമെന്ന് മധ്യസ്ഥരോട് ഹമാസ് ആവശ്യപ്പെട്ടു.
|
ശനിയാഴ്ചത്തെ ഇസ്രായേലി വ്യോമാക്രമണത്തിന് ന്യായീകരണമായി ഇസ്രായേല്‍ ഉപയോഗിച്ച, തങ്ങളുടെ സൈന്യത്തെ ആക്രമിക്കാന്‍ ഹമാസ് അയച്ചുവെന്ന് ഇസ്രായേല്‍ ആരോപിക്കുന്ന തോക്കുധാരിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തണമെന്നും ഹമാസ് ആവശ്യപ്പെട്ടു.
ഈ അവകാശവാദം വ്യക്തമാക്കാന്‍ ഇസ്രായേലിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് മധ്യസ്ഥരോടും അമേരിക്കയോടും ഹമാസ് പ്രതിനിധി ഇസ്സത്ത് അല്‍-രിഷ്‌ക് അഭ്യര്‍ത്ഥിച്ചു. ‘കരാറില്‍ നിന്ന് ഒഴിഞ്ഞുമാറാനും വംശഹത്യ പുനരാരംഭിക്കാനുമായി ഇസ്രായേല്‍ ന്യായങ്ങള്‍ കെട്ടിച്ചമയ്ക്കുകയാണെന്ന് അദ്ദേഹം പ്രസ്താവിച്ചു. വെടിനിര്‍ത്തല്‍ ലംഘിക്കുന്നത് ഹമാസല്ല, മറിച്ച് ഇസ്രായേലാണെന്നുംഅദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വെടിനിര്‍ത്തല്‍ കരാര്‍ അവസാനിച്ചതായി ഹമാസ്, യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫിനെ അറിയിച്ചുവെന്ന ഇസ്രായേലി വൃത്തങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളും അല്‍-രിഷ്‌ക് നിഷേധിച്ചു.
വെടിനിര്‍ത്തല്‍ കരാര്‍ അട്ടിമറിക്കാനുള്ള ഇസ്രായേലിന്റെ ശ്രമങ്ങളെ നേരിടാനുള്ള ‘ഉത്തരവാദിത്തം’ മധ്യസ്ഥര്‍ക്കും അമേരിക്കന്‍ ഭരണകൂടത്തിനുമാണെന്ന് ഹമാസ് മുന്നറിയിപ്പ് നല്‍കി. ഇസ്രായേലി സൈന്യം യെല്ലോ ലൈന്‍ എന്ന് വിളിക്കപ്പെടുന്ന അതിര്‍ത്തിയില്‍ നിന്നും പടിഞ്ഞാറോട്ട് മുന്നേറുകയും കൂട്ട പലായനം നിര്‍ബന്ധമാക്കുകയും ഗാസ മുനമ്പിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ ഷെല്ലാക്രമണം നടത്തുകയും വ്യോമാക്രമണങ്ങള്‍ നടത്തുകയും ചെയ്തുവെന്ന് പ്രസ്താവന ആരോപിച്ചു. ഇത് വെടിനിര്‍ത്തല്‍ കരാറിന്റെ നഗ്നമായ ലംഘനമാണ്.
കരാറിന് വിരുദ്ധമായ പുതിയ കാര്യങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള നെതന്യാഹു സര്‍ക്കാരിന്റെ എല്ലാ ശ്രമങ്ങളെയും ഞങ്ങള്‍ തള്ളിക്കളയുന്നുവെന്നും ഹമാസ് പറഞ്ഞു.
സാക്ഷികള്‍ പറയുന്നതനുസരിച്ച്, ശനിയാഴ്ച്ച ആദ്യത്തെ ആക്രമണം വടക്കന്‍ ഗസ സിറ്റിയിലെ ഒരു കാറിന് നേരെയായിരുന്നു, അതിനുശേഷം ദീര്‍ അല്‍-ബലയിലും നുസെയ്റാത്ത് അഭയാര്‍ത്ഥി ക്യാമ്പിലും കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടായി.
ഗസ സിറ്റിയിലെ ഡ്രോണ്‍ ആക്രമണത്തില്‍ കുറഞ്ഞത് 11 പേര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അല്‍-ഷിഫാ ആശുപത്രിയുടെ മാനേജിംഗ് ഡയറക്ടര്‍ റാമി മ്ഹന്ന അറിയിച്ചു. നഗരത്തിലെ റീമാല്‍ പ്രദേശത്താണ് ഇത് സംഭവിച്ചത്.
ദീര്‍ അല്‍-ബലയില്‍, ഇസ്രായേല്‍ മിസൈല്‍ ഒരു വീടിന് നേരെ പതിച്ചപ്പോള്‍ ഒരു സ്ത്രീയടക്കം കുറഞ്ഞത് മൂന്ന് പേര്‍ കൊല്ലപ്പെട്ടു.





