ഇറാന്റെ മുന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ മകനും പിന്‍ഗാമിയാകാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള വ്യക്തിയുമായ മുജ്തബ ഖാംനഇ കഴിഞ്ഞയാഴ്ച നടന്ന വ്യോമാക്രമണത്തെ അതിജീവിച്ചതായി ഇസ്രായേല്‍. ആക്രമണത്തില്‍ അദ്ദേഹത്തിന് പരിക്കേറ്റതായാണ് ഇസ്രായേലിന്റെ വിലയിരുത്തല്‍.
|
മുജ്തബ ഖാംനഇയെ ഇറാന്റെ അടുത്ത പരമോന്നത നേതാവായി ‘അസംബ്ലി ഓഫ് എക്സ്പെര്‍ട്ട്സ്’ തിരഞ്ഞെടുത്തതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, അദ്ദേഹത്തെ ഔദ്യോഗികമായി പ്രഖ്യാപിച്ചാല്‍ അമേരിക്കയും ഇസ്രായേലും ലക്ഷ്യമിടുമെന്ന ഭയത്തിലാണ് ഇറാന്റെ ഉന്നത പുരോഹിത സമിതിയെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഖുമ്മിലെ ആക്രമണം
പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കാന്‍ ചുമതലപ്പെട്ട 88 അംഗ അസംബ്ലി ഓഫ് എക്സ്പെര്‍ട്ട്സ് യോഗം ചേരുന്ന ഖുമ്മിലെ കെട്ടിടത്തിന് നേരെ ചൊവ്വാഴ്ച ഇസ്രായേല്‍ സൈന്യം (IDF) ആക്രമണം നടത്തിയിരുന്നു. ഇറാന്റെ പുതിയ ‘ഭീകര തലവനെ’ നിയമിക്കാനുള്ള നീക്കങ്ങളെ തടയാന്‍ ഇത്തരം ലക്ഷ്യങ്ങള്‍ക്കെതിരെ ആക്രമണം തുടരുമെന്ന് ഐഡിഎഫ് വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ എഫി ഡെഫ്രിന്‍ വ്യക്തമാക്കി.
ഖുമ്മിലെ ആക്രമണം നടക്കുമ്പോള്‍ കെട്ടിടം ഏതാണ്ട് ഒഴിഞ്ഞ നിലയിലായിരുന്നുവെന്ന് ഇറാനിയന്‍ പ്രതിപക്ഷ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തിന്റെ കൃത്യമായ ഫലങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു.
ഫെബ്രുവരി 28-ന് നടന്ന യുദ്ധത്തിന്റെ ആദ്യ ദിനത്തില്‍ ആയത്തുല്ല അലി ഖാംനഇ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് ഇറാനില്‍ പുതിയ നേതൃത്വത്തിനായുള്ള തിരച്ചില്‍ ആരംഭിച്ചത്.





