Israel says US forces nearing readiness for Iran strike അമേരിക്കന്‍ ആക്രമണ സാധ്യത കണക്കിലെടുത്ത് ഇറാന്റെ പരമോന്നത നേതാവ് അലി ഖാംനഇയെ ടെഹ്റാനിലെ അതീവ സുരക്ഷയുള്ള ഭൂഗര്‍ഭ സങ്കേതത്തിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ടുകള്‍. പരസ്പരം ബന്ധിപ്പിക്കപ്പെട്ട തുരങ്കങ്ങളോടു കൂടിയ ഈ സങ്കേതം ഏത് വലിയ വ്യോമാക്രമണത്തെയും പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണെന്ന് ‘ഇറാന്‍ ഇന്റര്‍നാഷണല്‍’ റിപ്പോര്‍ട്ട് ചെയ്തു. ഖാംനഇയുടെ മൂന്നാമത്തെ മകന്‍ മസൂദ് ഖാംനഇയാണ് ഇപ്പോള്‍ ഓഫിസ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
|
വാഷിംഗ്ടണിന്റെ ഭീഷണികളെക്കുറിച്ച് ചോദിച്ചപ്പോള്‍, ട്രംപ് ‘ഒരുപാട് സംസാരിക്കുമെന്നും’ എന്നാല്‍ അതിനുള്ള മറുപടി ‘യുദ്ധക്കളത്തില്‍’ നല്‍കുമെന്നുമാണ് ഇറാന്‍ റിപബ്ലിക്കന്‍ ഗാര്‍ഡ്‌സ് (IRGC) എയ്റോസ്പേസ് ഫോഴ്സ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജനറല്‍ മജിദ് മൂസവി പ്രതികരിച്ചത്.
അമേരിക്കന്‍ സൈനിക കമാന്‍ഡര്‍ ഇസ്രായേലില്‍
ഇറാന്‍ വിഷയത്തില്‍ അമേരിക്കന്‍ സൈനിക നീക്കങ്ങള്‍ സജീവമാകുന്നതിനിടെ, യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് (CENTCOM) കമാന്‍ഡര്‍ അഡ്മിറല്‍ ബ്രാഡ് കൂപ്പര്‍ ഇസ്രായേലില്‍ സന്ദര്‍ശനം നടത്തി. ഐഡിഎഫ് ചീഫ് ഓഫ് സ്റ്റാഫ് ഇയാല്‍ സമീറുമായി ദീര്‍ഘനേരം കൂടിക്കാഴ്ച നടത്തി.
തെല്‍ അവീവിലെ കിര്യ സൈനിക ആസ്ഥാനത്ത് വെച്ച് നടന്ന കൂടിക്കാഴ്ചയില്‍ ഇറാന്റെ ഭാഗത്ത് നിന്നുള്ള ഭീഷണികളും മേഖലയിലെ സുരക്ഷാ വെല്ലുവിളികളും ചര്‍ച്ചയായി.
ഇസ്രായേല്‍ വ്യോമസേനാ മേധാവി തോമര്‍ ബാറും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. അമേരിക്ക ഇറാനെതിരെ ഒരു ‘സര്‍ജിക്കല്‍ സ്‌ട്രൈക്ക്’ നടത്തിയാല്‍ ഉണ്ടാകാനിടയുള്ള പ്രത്യാഘാതങ്ങള്‍ നേരിടാന്‍ ഇസ്രായേല്‍ വ്യോമസേനയെ അതീവ ജാഗ്രതയില്‍ (High Alert) നിലനിര്‍ത്തിയിരിക്കുകയാണ്
യുദ്ധഭീതിയും സൈനിക നീക്കങ്ങളും
മേഖലയിലേക്ക് അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ നീങ്ങുകയാണെന്ന ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇറാനും അമേരിക്കയും തമ്മിലുള്ള ബന്ധം വഷളായത്. ‘ആവശ്യമെങ്കില്‍ ആക്രമിക്കാന്‍ ഒരു സായുധ സേന തന്നെ വരുന്നുണ്ട്’ എന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്.
ഇതിന് മറുപടിയായി, ഇറാന്റെ വിപ്ലവ ഗാര്‍ഡ് (Revolutionary Guard) കമാന്‍ഡര്‍ ജനറല്‍ മുഹമ്മദ് പക്പൂര്‍ പറഞ്ഞത് തങ്ങള്‍ ‘ഏത് നിമിഷവും വെടിയുതിര്‍ക്കാന്‍ തയ്യാറായി (Finger on the trigger)’ നില്‍ക്കുകയാണെന്നാണ്.
ഇന്ത്യയ്ക്ക് ‘നന്ദി’ അറിയിച്ച് ഇറാന്‍
അമേരിക്കയുമായുള്ള തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍, ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ ഇന്ത്യ എടുത്ത നിലപാടിന് ഇറാന്റെ ഇന്ത്യന്‍ അംബാസഡര്‍ പരസ്യമായി നന്ദി അറിയിച്ചു. ഇറാന്റെ മനുഷ്യാവകാശ റെക്കോര്‍ഡുകളെ നിരീക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുവന്ന പ്രമേയത്തെ ഇന്ത്യ എതിര്‍ത്തു വോട്ട് ചെയ്തിരുന്നു.
ഇറാന്‍-അമേരിക്കന്‍ സംഘര്‍ഷം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് ഇന്ത്യ സ്വീകരിച്ചത് ‘ഉറച്ചതും തത്വാധിഷ്ഠിതവുമായ’ നിലപാടാണെന്ന് അംബാസഡര്‍ മുഹമ്മദ് ഫതാലി പറഞ്ഞു.
ഇറാനില്‍ നിലവില്‍ നടക്കുന്നത്
സാമ്പത്തിക പ്രതിസന്ധി: ഡിസംബര്‍ അവസാനം മുതല്‍ സാമ്പത്തിക തകര്‍ച്ചയ്ക്കും ഇറാനിയന്‍ കറന്‍സിയായ ‘റിയാലിന്റെ’ വിലയിടിവിനുമെതിരെ ഇറാനില്‍ വ്യാപക പ്രതിഷേധങ്ങള്‍ ആരംഭിച്ചു.
ഇന്റര്‍നെറ്റ് വിച്ഛേദനം: പ്രതിഷേധങ്ങള്‍ ശക്തമായതോടെ വാര്‍ത്താവിനിമയം തടയാന്‍ ഇറാന്‍ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തി. ഇത് വിവരങ്ങള്‍ പുറംലോകമറിയുന്നത് തടഞ്ഞു.
ആള്‍നാശം: ഇറാന്റെ അടിച്ചമര്‍ത്തലില്‍ അയ്യായിരത്തോളം പേര്‍ കൊല്ലപ്പെട്ടതായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. എന്നാല്‍ ഇറാന്‍ ഔദ്യോഗികമായി ഇത് സ്ഥിരീകരിച്ചിട്ടില്ല.
പതിഷേധങ്ങളുടെ കുറവ്: ജനുവരി ആദ്യവാരത്തോടെ പ്രതിഷേധങ്ങള്‍ കുറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇന്റര്‍നെറ്റ് നിരോധനം ഉള്ളതുകൊണ്ട് യഥാര്‍ത്ഥ വിവരങ്ങള്‍ ലഭ്യമല്ല.
ട്രംപിന്റെ നീക്കം: അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ ഇറാന് നേരെ നീങ്ങുന്നതായി ട്രംപ് പ്രഖ്യാപിച്ചതോടെ സാഹചര്യം വീണ്ടും വഷളായിരിക്കുകയാണ്.




