22
Mar 2026
Sun
22 Mar 2026 Sun
Karattt Razak

മുന്‍ ഇടത് എംഎല്‍എ കാരാട്ട് റസാഖ് മുസ്ലിം ലീഗിലേക്ക് മടങ്ങുന്നു. ഇന്ന് പാണക്കാട് എത്തി മെമ്പര്‍ഷിപ്പ് സ്വീകരിക്കും. തിരഞ്ഞെടുപ്പിന് 18 ദിവസം മാത്രം ശേഷിക്കേയുണ്ടായ ഈ നീക്കം കൊടുവള്ളി മണ്ഡലത്തില്‍ എല്‍ഡിഎഫിന് കനത്ത തിരിച്ചടിയാവും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലീഗ് നേതാവായിരുന്ന കാരാട്ട് റസാഖ് നേരത്തേ ീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് ലീഗില്‍ നിന്ന് പിണങ്ങി ഇടത് പാളയത്തിലെത്തിയത്. തുടര്‍ച്ചയായി കൊടുവള്ളിയില്‍ ഇടത് സ്വതന്ത്രനായി മല്‍സരിക്കുകയും പിന്നീട് എംഎല്‍എ ആവുകയും ചെയ്തിരുന്നു. 2006-2021ല്‍ ആണ് എംഎല്‍എ ആയത്. 2021ല്‍ എംകെ മുനീറിനോട് പരാജയപ്പെടുകയായിരുന്നു.

2016 ല്‍ മുസ്‌ലിം ലീഗിന്റെ എംഎ റസാഖിനെ 573 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫിന് വേണ്ടി കാരാട്ട് റസാഖ് അട്ടിമറിച്ചത്. എന്നാല്‍ 2021 ല്‍ എതിരാളിയായി എം.കെ. മുനീര്‍ എത്തി. ഇതോടെ 6344 വോട്ടുകള്‍ക്ക് തോറ്റു. ഇക്കുറി കാരാട്ട് റസാഖ് വീണ്ടും മല്‍സരിക്കാന്‍ എത്തുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു.

എന്നാല്‍, കാരാട്ട് റസാഖിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ പരിഗണിച്ച് എല്‍എഡിഎഫ് മറ്റുള്ളവരെ പരിഗണിക്കുകയായിരുന്നു. സിപിഎം ജില്ലാ നേതൃത്വവുമായി കാരാട്ട് റസാഖ് ഇതിനിടയില്‍ ഒന്നിടഞ്ഞുവെങ്കിലും പ്രശ്‌നങ്ങളെല്ലാം പറഞ്ഞ് പരിഹരിച്ചിരുന്നു.

ഇത്തവണ എല്‍ഡിഎഫ് സീറ്റ് നല്‍കാത്തതിനെ തുടര്‍ന്നാണ് വീണ്ടും ലീഗിലേക്ക് മടങ്ങുന്നതെന്നാണ് സൂചന. കൊടുവള്ളിയില്‍ വലിയ അനുയായി വൃന്ദമുള്ള കാരാട്ട് റസാഖിന്റെ ലീഗിലേക്കുള്ള തിരിച്ച് പോക്ക് ഇടതുപക്ഷത്തിന് തിരിച്ചടിയാവും.

മാതൃസംഘടനയിലേക്ക് പോകാന്‍ തീരുമാനിച്ചു

”പൊതുവെ സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ചേര്‍ത്തുപിടിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഒരുപാട് മുന്‍ എംഎല്‍എമാരും മന്ത്രിമാരും അതുക്കൊണ്ടാണ് ഇവിടെ നിന്നും പടിയിറങ്ങി പോയത്. ചേര്‍ത്തുപിടിക്കുന്നതില്‍ താല്‍പര്യം കാണിക്കാത്ത സാഹചര്യമാണ്. സഹയാത്രികര്‍ക്കും രക്ഷയില്ലാത്ത അവസ്ഥയാണ്. അതുക്കൊണ്ടാണ് മാതൃസംഘടനയിലേക്ക് പോയി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്.

പെട്ടെന്നുള്ള തീരുമാനമാണിത്. ഇന്നലെയാണ് ലീഗ് നേതൃത്വവുമായി ചര്‍ച്ച നടത്തിയത്. പാണക്കാട് സയ്യിദ് സാദ്ദിഖലി ശിഹാബ് തങ്ങളുമായും കുഞ്ഞാലിക്കുട്ടി സാഹിബുമായും എം.കെ. മുനീറുമായാണ് സംസാരിച്ചത്. എനിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ട്. അതുക്കൊണ്ട് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമില്ലായിരുന്നു. എല്‍ഡിഎഫിന്റെ സീറ്റ് ചര്‍ച്ചകളില്‍ നിന്നും ഒഴിഞ്ഞുമാറിയതാണ്. നേരത്തെ എല്‍ഡിഎഫ് ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതാണ്. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ പോകാന്‍ കഴിഞ്ഞില്ലന്നേയുള്ളൂ” കാരാട്ട് റസാഖ് പറഞ്ഞു.