Yelahanka bulldozer raj victims കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയിലെ ബുള്‍ഡോസര്‍ രാജിലെ ഇരകള്‍ക്ക് ഫ്ളാറ്റ് കൈമാറി പുനരധിവസിപ്പിക്കുമെന്ന # പ്രഖ്യാപനം ഒരു മാസമായിട്ടും നടപ്പായില്ല. പാവപ്പെട്ട മനുഷ്യരുടെ വീടുകളിലേക്ക് ബുള്‍ഡോസര്‍ ഇടിച്ചുകയറ്റിയിട്ട് ഒരുമാസം പിന്നിട്ടിട്ടും ഒരാളെപ്പോലും സര്‍ക്കാര്‍ പുനരധിവസിപ്പിച്ചിട്ടില്ല.
|
കീറിപ്പറിഞ്ഞ ചെറിയ ടര്‍പ്പോളിന്‍ കഷണങ്ങള്‍ കൊണ്ട് തണലുണ്ടാക്കി കഴിയുന്ന ആ സാധുക്കള്‍ക്ക് ഒരു നേരത്തെ ആഹാരമോ മരുന്നോ പോലും നല്കാന് ഈ നിമിഷം വരെ കര്‍ണാടക സര്‍ക്കാര്‍ തയ്യാറായിട്ടില്ല. സന്നദ്ധ സംഘടനകളുടെയും ചില രാഷ്ട്രീയ പാര്‍ട്ടികളുടെയും സഹായത്തിലാണ് അവര്‍ ജീവിതം തള്ളി നീക്കുന്നത്.
തകര്‍ക്കപ്പെട്ട കല്ലിന് കൂനകള്‍ക്കിടയില്‍, കീറിപ്പറിഞ്ഞ ചെറിയ ടാര്പ്പോളിന് കഷണങ്ങള്‍ കൊണ്ട് തണലുണ്ടാക്കിയാണ് കുഞ്ഞുങ്ങളും ഗര്‍ഭിണികളും ഉള്‍പ്പെടെയുള്ള നൂറുകണക്കിനാളുകള്‍ കഴിയുന്നത്.

ജനുവരി ഒന്നു മുതല്‍ ഫ്ളാറ്റുകള്‍ കൈമാറി തുടങ്ങുമെന്നായിരുന്നു കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഇതു സംബന്ധിച്ച് ജനുവരി 21 ആയിട്ടും നടപടികളൊന്നും ഉണ്ടായില്ല. അര്‍ഹരായവര്‍ക്ക് ബൈയപ്പനഹള്ളിയില്‍ ജനുവരി ഒന്നു മുതല്‍ വീട് കൈമാറുമെന്നായിരുന്നു മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചത്.
ബൈയപ്പനഹള്ളിയില്‍ നിര്‍മാണം പൂര്‍ത്തിയായ ഫ്ളാറ്റ് കുടിയിറക്കപ്പെട്ടവരില്‍ നിന്ന് അഞ്ചുലക്ഷം കൈപറ്റി നല്‍കുമെന്നായിരുന്നു ആദ്യ തീരുമാനം.
11.8 ലക്ഷത്തോളം വില വരുന്ന ഫ്ളാറ്റ് വിവിധ സബ്സിഡികള്‍ കഴിച്ച് 5 ലക്ഷം നല്‍കണമെന്നായിരുന്നു തീരുമാനം. എന്നാല്‍ ആക്രി വിറ്റും ഭിക്ഷയെടുത്തും ജീവിക്കുന്ന ആയിരക്കണക്കിന് മനുഷ്യര്‍ക്ക് ഇത് അസാധ്യമായതിനാല്‍ തീരുമാനം വിവാദമായി. ഇതോടെ സര്‍ക്കാര്‍ മലക്കം മറിഞ്ഞു.

കേരളത്തില്‍ നിന്നുള്ള എംപി, എംഎല്‍എമാരും രാഷ്ട്രീയ നേതാക്കളും കര്‍ണാടകയിലെ എസ്ഡിപിഐ നേതൃത്വവും പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് ബുള്‍ഡോസര്‍ രാജ് രാഷ്ട്രീയ വിവാദമായത്. കേരളമുഖ്യമന്ത്രി പിണറായി വിജയന് കത്തയക്കുകയും കൂടി ചെയ്തതോടെയാണ് സര്‍ക്കാര്‍ അനങ്ങിയത്.
മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെ നേരിട്ട് ഉന്നത യോഗം വിളിച്ച് പുനരധിവാസം ഉറപ്പാക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും അര്‍ഹരായവരെ കണ്ടെത്തുന്നതിനുള്ള സര്‍വേ പോലും ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ഇവിടെ വര്‍ഷങ്ങളായി താമസിക്കുന്നവരില്‍ പലരും പുനരധിവാസ പട്ടികയിലില്ലെന്നതും ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
മൂന്ന് പതിറ്റാണ്ടോളം അവിടെ ജീവിച്ചവരെ കൈയേറ്റക്കാര്‍ എന്നാരോപിച്ച് ഒറ്റരാത്രിയില്‍ കുടിയൊഴിപ്പിക്കുകയായിരുന്നു. ആധാര്‍ കാര്‍ഡും റേഷന്‍ കാര്‍ഡും ഉള്‍പ്പെടെയുള്ള രേഖകള്‍ കാണിച്ചെങ്കിലും ഫലമുണ്ടായില്ല. ഉത്തരേന്ത്യയില്‍ നടക്കുന്ന ബുള്‍ഡോസര്‍ രാജിന്റെ തനിയാവര്‍ത്തനമാണ് ബംഗളൂരുവിലും കണ്ടത്.





