കാസര്‍കോഡ് ജില്ലയിലെ തൃക്കരിപ്പൂരില്‍ 16കാരി പീഡനത്തിനിരയായ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. പെണ്‍കുട്ടിയുടെ ബന്ധുവിന്റെ അറിവോട് കൂടിയാണ് പീഡനം നടന്നതെന്ന് പോലീസ് പറയുന്നു.
|
സോഷ്യല്‍ മീഡിയയില്‍ പരിചയപ്പെട്ട 15 വയസ്സുകാരനാണ് പെണ്‍കുട്ടിയെ ആദ്യമായി പീഡിപ്പിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടിയെ മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തിയത് 15കാരനാണ്. ഈ രീതിയില്‍ ചുരുങ്ങിയത് 5 പേരെങ്കിലും 16കാരിയെ പീഡനത്തിനിരയാക്കിയതായാണ് അറിയുന്നത്.
പീഡകരുടെ കൂട്ടത്തില്‍ പെണ്‍കുട്ടിയുടെ ബന്ധുവും ഉണ്ടായിരുന്നു. മറ്റുള്ളവര്‍ പെണ്‍കുട്ടിയെ ഉപയോഗിക്കുന്നത് ഇയാള്‍ക്ക് അറിയാമായിരുന്നുവെന്നും പോലീസ് പറയുന്നു. വിവിധയിടങ്ങളില്‍ വച്ച് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ സാമ്പത്തിക ഇടപാട് ഉള്‍പ്പെടെ നടന്നിട്ടുണ്ടോ എന്ന കാര്യം പോലീസ് അന്വേഷിച്ച് വരികയാണ്.
രണ്ടു പേര് അറസ്റ്റില്‍
ചന്തേര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പതിനഞ്ചുകാരന് ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ പോലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ വയക്കര പോത്താംകണ്ടത്തെ നൗഷാദ് (42), തൃക്കരിപ്പൂരിലെ ഫായിസ് (40) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
തൃക്കരിപ്പൂരിലെ റാഷിദ്, ഉദിനൂര്‍ സ്വദേശിയായ പതിനഞ്ചുകാരന്, പെണ്‍കുട്ടിയുടെ സഹോദരീ ഭര്‍ത്താവായ 45-കാരന് എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. ഇതില്‍ റാഷിദ് നിലവില്‍ ദുബായിലാണുള്ളത്. സഹോദരീ ഭര്‍ത്താവ് രണ്ട് മാസം മുന്‍പ് അസുഖബാധിതനായി മരണപ്പെട്ടിരുന്നു.
കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ വിവിധ സമയങ്ങളിലായാണ് പെണ്‍കുട്ടി അതിക്രൂരമായ പീഡനത്തിനിരയായത്. വീട്ടില്‍ കോഴി എത്തിച്ചു നല്കുന്ന നൗഷാദ് പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നത് കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ നടത്തിയ കൗണ്‍സിലിംഗിലാണ് ഒരു വര്‍ഷത്തോളമായി നടന്ന ക്രൂരമായ ലൈംഗിക ചൂഷണത്തിന്റെ വിവരങ്ങള്‍ പെണ്‍കുട്ടി വെളിപ്പെടുത്തിയത്.
പോലീസ് നടപടി
അറസ്റ്റിലായ നൗഷാദിനെയും ഫായിസിനെയും വൈദ്യപരിശോധനയ്ക്ക് ശേഷം ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വിദേശത്തുള്ള പ്രതിയെ നാട്ടിലെത്തിക്കാനും പതിനഞ്ചുകാരനെ കണ്ടെത്താനുമുള്ള അന്വേഷണം ചന്തേര പോലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ മാതാവ് മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയായതിനാല്‍ വിവരം പുറത്തറിയാന്‍ വൈകിയെന്നാണ് പ്രാഥമിക നിഗമനം.




