26
Mar 2026
Thu
26 Mar 2026 Thu
Kerala assembly election 2026

നിയമസഭാ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള അവസാന തീയതി ഇന്ന്. 140 മണ്ഡലങ്ങളിലായി 985 പേരാണ് ഇപ്പോള്‍ മത്സരരംഗത്തുള്ളത്. സൂക്ഷമപരിശോധനക്ക് ശേഷമുള്ള കണക്കാണിത്. ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് പത്രിക പിന്‍വലിക്കാനുള്ള സയമം അവസാനിക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അപരന്‍മാര്‍, വിമതര്‍ എന്നിവരെ പിന്തിരിപ്പിക്കാനുള്ള മുന്നണികളുടെ ശ്രമം എത്രകണ്ട് ഫലം കാണുമെന്ന് വൈകിട്ട് അറിയാം. നിലവില്‍ ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ കൊടുവള്ളിയിലാണ്, 17 പേര്‍. തിരുവനന്തപുരത്ത് 16 പേരും മഞ്ചേശ്വരത്ത് 14 പേരും മത്സരരംഗത്തുണ്ട്.

ജില്ലതിരിച്ചുള്ള കണക്കുകള്‍ പ്രകാരം 115 സ്ഥാനാര്‍ഥികള്‍ മത്സര രംഗത്തുള്ള തിരുവനന്തപുരമാണ് മുന്നില്‍. കൊല്ലത്ത് 68, പത്തനംതിട്ടയില്‍ 25, ആലപ്പുഴയില്‍ 53, കോട്ടയം 62, ഇടുക്കി 32, എറണാകുളത്ത് 93, തൃശൂര്‍ 83, പാലക്കാട് 83, മലപ്പുറത്ത് 112, കോഴിക്കോട് 112, വയനാട് 22, കണ്ണൂരില്‍ 88, കാസര്‍കോട് 37 എന്നിങ്ങനെയാണ് ഓരോ ജില്ലകളിലും സൂക്ഷ്മ പരിശോധനയ്ക്ക് ശേഷമുള്ള സ്ഥാനാര്‍ഥികളുടെ കണക്കുകള്‍.

മഞ്ചേശ്വരത്ത് എസ്ഡിപിഐ പിന്മാറുമോ?

മഞ്ചേശ്വരം മണ്ഡലത്തില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥി പിന്മാറുമോ എന്ന ആകാംക്ഷയിലാണ് മൂന്ന് മുന്നണികളും ഒപ്പം എസ്ഡിപിഐ പ്രവര്‍ത്തകരും. പത്രിക സമര്‍പ്പിക്കുന്നതിന്റെ അവസാന മണിക്കൂറുകളിലാണ് എസ്ഡിപിഐ സ്ഥാനാര്‍ഥി കെഎം അഷറഫ് മല്‍സര രംഗത്തിറങ്ങിയത്. അതോടെ മഞ്ചേശ്വരം സംസ്ഥാനത്ത് തന്നെ ശ്രദ്ധിക്കപ്പെടുന്ന മണ്ഡലമായി മാറി.

എസ്ഡിപി സ്ഥാനാര്‍ഥിത്വം ബിജെപിയെ സഹായിക്കുമെന്ന് ആരോപിച്ച് യുഡിഎഫും ചില ചാനലുകളുമാണ് പ്രധാനമായും വിഷയം കത്തിച്ചു നിര്‍ത്തുന്നത്. സ്ഥാനാര്‍ഥിയെ പിന്‍വലിപ്പിക്കുന്നതിന് അവസാന നിമിഷവും യുഡിഎഫ് കേന്ദ്രങ്ങളില്‍ നിന്ന് കടുത്ത സമ്മര്‍ദ്ദം ഉയരുന്നുണ്ട്.

അഷ്‌റഫിന്റെ പത്രിക പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് നേതാക്കള്‍ ബന്ധപ്പെട്ടതായി ഇന്നലെ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപി അബ്ദുല്‍ ലത്തീഫ് വെളിപ്പെടുത്തിയിരുന്നു. സ്ഥാനാര്‍ഥിത്വം പുനപ്പരിഗണിക്കാവുന്നതാണെന്നും അദ്ദേഹം സൂചന നല്‍കി.

എന്നാല്‍, താന്‍ പ്രചാരണ രംഗത്ത് സജീവമാണെന്നും പിന്‍വലിക്കുന്നതിനെ കുറിച്ച് സംസ്ഥാന നേതൃത്വം ഇതുവരെ നിര്‍ദേശമൊന്നും തന്നിട്ടില്ലെന്നും കെഎം അഷ്‌റഫ് വ്യക്തമാക്കി. കൂടിയാലോചനകള്‍ക്കായി എസ്ഡിപിഐ സംസ്ഥാന നേതാക്കള്‍ ഇന്ന് മണ്ഡലത്തില്‍ എത്തുന്നുണ്ടെന്നാണ് അറിയുന്നത്.

മുഖ്യമന്ത്രി ഇന്ന് എറണാകുളത്ത്

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് എറണാകുളം ജില്ലയില്‍, വിവിധ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ പങ്കെടുക്കും. രാവിലെ 10നു കോതമംഗലത്ത് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും. തുടര്‍ന്നു കോതമംഗലം മാര്‍ബേസില്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന എല്‍.ഡി.എഫ് തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പങ്കെടുക്കും. വൈകീട്ട് 4ന് തൃപ്പൂണിത്തുറ, 5നു വൈപ്പിന്‍, 6നു കളമശ്ശേരി എന്നിവിടങ്ങളിലും തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പങ്കെടുക്കും.