31
Jan 2026
Thu
31 Jan 2026 Thu
Kerala budget 2026 KN Balagopal

Kerala budget 2026 തിരഞ്ഞെടുപ്പു മുന്നില്‍ക്കണ്ട് വിവിധ വിഭാഗങ്ങള്‍ക്ക് സന്തോഷംപകരുന്ന ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. ക്ഷേമപെന്‍ഷന്റെ പരിധി വര്‍ധിപ്പിക്കാനും വിവിധ ക്ഷേമപെന്‍ഷനുകളുടെ പരിധിയില്‍ പരമാവധി പേരെ ഉള്‍ക്കൊള്ളിക്കാനും ബജറ്റില്‍ ശ്രമിച്ചിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേന്ദ്ര സര്‍ക്കാര്‍ തൊഴിലുറപ്പ് പദ്ധതിയില്‍ മാറ്റം വരുത്തിയെങ്കിലും കേരളം പദ്ധതി മുന്നോട്ട് കൊണ്ടു പോകുമെന്ന് ധനകാര്യ മന്ത്രി വ്യക്തമാക്കി. തൊഴിലുറപ്പ് പദ്ധതിക്കായി സംസ്ഥാനത്തിന്റെ അധിക വിഹിതമായി 1000 കോടി രൂപ കൂടി നീക്കി വെയ്ക്കുന്നതായി ധനകാര്യ മന്ത്രി വ്യക്തമാക്കി. ആശ വര്‍ക്കര്‍മാര്‍ക്കും അങ്കണവാടി ജീവനക്കാര്‍ക്കും ഓണറോറിയം വര്‍ദ്ധിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.

കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്നുവെന്നും ധനകാര്യ മന്ത്രി കുറ്റപ്പെടുത്തി. വോട്ട് ചോരി മാത്രമല്ല നോട്ട് ചോരിയും നടക്കുന്നുണ്ടെന്ന് ധനകാര്യ മന്ത്രി ചൂണ്ടിക്കാണിച്ചു. മറ്റ് സംസ്ഥാനങ്ങള്‍ക്ക് 50 ശതമാനം നല്‍കുമ്പോള്‍ കേന്ദ്രം നികുതി വിഹിതമായി കേരളത്തിന് 25 ശതമാനം മാത്രമാണ് നല്‍കുന്നതെന്നും ധനകാര്യ മന്ത്രി ചൂണ്ടിക്കാണിച്ചു.

വിഴിഞ്ഞം പോര്‍ട്ടിന് ആയിരം കോടി, പിഡബ്ല്യുഡി റോഡുകള്‍ക്ക് 1882 കോടി, പാലം വികസനത്തിന് 1100 കോടി എന്നിങ്ങനെ അടിസ്ഥാന സൗകര്യവികസനത്തിനുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടായിട്ടുണ്ട്. പുതുതായി പ്രഖ്യാപിച്ച റാപ്പിഡ് റെയില്‍ പദ്ധതിക്ക് 100 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്.

ശമ്പള പരിഷ്‌കരണ കമ്മീഷന്‍

ശമ്പള പരിഷ്‌കരണ കമ്മീഷന്‍, അഷ്വേര്‍ഡ് പെന്‍ഷന്‍ പദ്ധതി, ഡിഎ കുടിശ്ശിക മൂന്നുമാസത്തിനകം കൊടുത്തുതീര്‍ക്കുമെന്ന പ്രഖ്യാപനം, മെഡിസെപ് 2.0, സഹകരണ-പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കടക്കം ഇന്‍ഷുറന്‍സ് പദ്ധതി തുടങ്ങിയ പ്രഖ്യാപനങ്ങളുമുണ്ട്. ശബരിമല മാസ്റ്റല്‍ പ്ലാള്‍ 30 കോടിയാക്കിയതും ശ്രദ്ധേയമാണ്.

വയോജനങ്ങള്‍ക്കും താഴേത്തട്ടിലുള്ളവര്‍ക്കും പ്രയോജനകരമായ നിലപാടാണ് സര്‍ക്കാരിന്റേതെന്ന് വ്യക്തമാക്കിയായിരുന്നു ധനമന്ത്രി ബജറ്റ് അവതരണത്തിന് തുടക്കമിട്ടത്. തുടര്‍ന്ന്, 2026-27 വര്‍ഷത്തേക്ക് ക്ഷേമപെന്‍ഷന്‍ വിതരണത്തിന് 14,500 കോടിരൂപ വകയിരുത്തുമെന്ന് മന്ത്രി പ്രഖ്യാപിച്ചു.

ക്ഷേമപെന്‍ഷന്‍ കൂടാതെ പൊതുജനാരോഗ്യ മേഖലയിലും ഈ കാഴ്ചപ്പാട് മുന്‍നിര്‍ത്തിയുള്ള പ്രഖ്യാപനങ്ങളാണ് ഉണ്ടായത്. മുതിര്‍ന്ന പൗരന്മാരുടെ കമ്മ്യൂണിറ്റി ലിവിങ് ക്ലസ്റ്ററുകളും റിട്ടയര്‍മെന്റ് ഹബുകളും നിര്‍മ്മിക്കുന്നതിന് ആദ്യ രണ്ട് വര്‍ഷം മൂന്ന് ശതമാനം പലിശ സബ്‌സിഡിയോടെ 20 കോടി രൂപവരെ വായ്പ നല്‍കുന്ന പദ്ധതിയുടെ പ്രഖ്യാപനമുണ്ടായി. ഇതിനായി 30 കോടി രൂപ നീക്കിവച്ചു. നഗരസഭകളിലും കോര്‍പ്പറേഷനുകളിലും നടപ്പിലാക്കുന്ന വയോമിത്രം പദ്ധതിക്ക് 27.50 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്.

വൈദ്യശുശ്രൂഷ-പൊതുജനാരോഗ്യ മേഖലയ്ക്കുള്ള പദ്ധതിവിഹിതം വര്‍ധിപ്പിച്ച് 2500.31 കോടിയായി വകയിരുത്തി. കേരളത്തിലെ വയോധികര്‍ക്കിടയില്‍ ന്യൂമോകോക്കല്‍ വാക്‌സിനേഷന്‍ പരിപാടി നടപ്പിലാക്കുമെന്നും പ്രഖ്യാപനമുണ്ട്. ബി.പി.എല്‍ കുടുംബങ്ങളിലെ അറുപതുവയസ്സും അതിനുമുകളിലും പ്രായമുള്ളവര്‍ക്കാണ് പദ്ധതിയില്‍ പ്രാധാന്യം നല്‍കുക. ഇതിനായി അമ്പതുകോടിരൂപ മാറ്റിവെച്ചു. ഡയാലിസിസ് സൗകര്യമില്ലാത്ത എല്ലാ താലൂക്കുതല ആശുപത്രികളിലും ഡയാലിസിസ് യൂണിറ്റുകള്‍ സ്ഥാപിക്കും.

സര്‍ക്കാര്‍, പൊതുമേഖലാ ജീവനക്കാരുടെ കുടിശ്ശികയുള്ള മുഴുവന്‍ ഡിഎയും നല്‍കാനുള്ള തീരുമാനമാണ് തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള മറ്റൊരു സുപ്രധാന പ്രഖ്യാപനം. ആദ്യ ഗഡു ഡി.എ. ഫെബ്രുവരി മാസത്തെ ശമ്പളത്തോടൊപ്പം വിതരണംചെയ്യുമെന്നാണ് വാഗ്ദാനം. ബാക്കിയുള്ള കുടിശ്ശിക മാര്‍ച്ച് മാസത്തെ ശമ്പളത്തോടൊപ്പം നല്‍കും. ഹൗസ് ബില്‍ഡിങ് അഡ്വാന്‍സ് പുനഃസ്ഥാപിക്കും. സര്‍ക്കാര്‍ ജീവനക്കാരുടെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്ക് പകരമായി അഷ്വേര്‍ഡ് പെന്‍ഷന്‍ പദ്ധതി നടപ്പാക്കുമെന്നും ഇത് ഏപ്രില്‍ ഒന്നിന് നടപ്പില്‍ വരുത്തുമെന്നുമുള്ള പ്രഖ്യാപനവും സുപ്രധാനമാണ്.

കൂടുതല്‍ പാക്കേജുകളും ആശുപത്രികളെയും ഉള്‍പ്പെടുത്തി മെഡിസെപ് 2.0 ഫെബ്രുവരി ഒന്നു മുതല്‍ നിലവില്‍ വരുമെന്ന് മന്ത്രി പറഞ്ഞു. പൊതുമേഖലാ- സഹകരണ സ്ഥാപനങ്ങളില്‍ ജോലിയെടുക്കുന്നവര്‍ക്കും വിരമിച്ചവര്‍ക്കുമായി മെഡിസെപ് മാതൃകയില്‍ ഇന്‍ഷുറന്‍സ് പദ്ധതി ആവിഷ്‌കരിക്കും. ഹരിത കര്‍മ സേനാംഗങ്ങള്‍, ഓട്ടോ ടാക്സി തൊഴിലാളികള്‍, ക്ഷേമനിധി അംഗങ്ങളായ ലോട്ടറി തൊഴിലാളികള്‍ എന്നിവര്‍ക്ക് ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കും. 12-ാം ക്ലാസ് വരെ പഠിക്കുന്ന സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അപകട ലൈഫ് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുമെന്ന പ്രഖ്യാപനവും എടുത്തുപറയേണ്ടതാണ്.

ഗതാഗത മേഖലയില്‍ വന്‍ മാറ്റങ്ങള്‍ ലക്ഷ്യമിട്ട് തിരുവനന്തപുരം മുതല്‍ അങ്കമാലി വരെയുള്ള എം.സി റോഡ് 24 മീറ്റര്‍ വീതിയില്‍ നാലുവരിയായി പുനര്‍നിര്‍മിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്. ഒന്നാം ഘട്ടത്തിനായി കിഫ്ബി വഴി 5217 കോടി രൂപ വകയിരുത്തി. ഇടുക്കി ജില്ലയിലെ കട്ടപ്പനയില്‍നിന്ന് തമിഴ്നാട്ടിലെ തേനിയിലേക്കുള്ള കട്ടപ്പന-തേനി തുരങ്കപാതയ്ക്ക് സാധ്യതാ പഠനം നടത്തുന്നതിന് 10 കോടി അനുവദിച്ചു. ചാമ്പ്യന്‍സ് ബോട്ട് ലീഗിന് 10.4 കോടി നീക്കിവെച്ചതായും കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന് 79 കോടി വകയിരുത്തി.

കാര്‍ഷിക മേഖലയ്ക്ക് വമ്പന്‍ പ്രഖ്യാപനങ്ങളൊന്നും ഇല്ലെങ്കിലും ലോക ബാങ്ക് സഹായത്തോടെ നടപ്പിലാക്കുന്ന ‘കേരള ക്ലൈമറ്റ് റെസിലിയന്റ് അഗ്രി വാല്യൂ ചെയിന്‍ മോഡേണൈസേഷന്‍’ പദ്ധതിക്കായി ബജറ്റില്‍ 100 കോടി രൂപ നീക്കിവച്ചത് എടുത്തുപറയേണ്ടതാണ്. പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കാന്‍ 78.45 കോടി രൂപ അനുവദിച്ചു. ഇതില്‍ വി.എഫ്.പി.സി.കെ വഴിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് 18 കോടി രൂപയും ഉള്‍പ്പെടുന്നു.

തെങ്ങ് കൃഷിയുടെ ഉന്നമനത്തിനായി 73 കോടി രൂപ നീക്കിവച്ചു. ഹൈടെക്/പ്രിസിഷന്‍ ഫാമിങ് സംരംഭങ്ങള്‍ക്ക് മൂന്ന് ശതമാനം പലിശ സബ്സിഡിയോടെ വായ്പ നല്‍കും. തൊഴിലാളി ക്ഷാമം പരിഹരിക്കാന്‍ കാര്‍ഷിക കര്‍മ്മ സേനകള്‍ക്കും കസ്റ്റം ഹയറിങ് സെന്ററുകള്‍ക്കുമായി 10 കോടി രൂപ അനുവദിച്ചു. വിള ഇന്‍ഷുറന്‍സ്: സംസ്ഥാന വിള ഇന്‍ഷുറന്‍സ് പദ്ധതിക്കായി 33.14 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

വനിതാക്ഷേമം മുന്‍നിര്‍ത്തിയുള്ള ചില പദ്ധതികളും ബജറ്റിലുണ്ട്. 35-നും 60-നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കും ട്രാന്‍സ്വുമണുകള്‍ക്കും പ്രതിമാസം 1,000 രൂപ ധനസഹായം നല്‍കുന്ന സ്ത്രീ സുരക്ഷാ പദ്ധതിക്കായി 3,720 കോടി രൂപ ബജറ്റില്‍ വകയിരുത്തി. കുടുംബശ്രീ എ.ഡി.എസുകള്‍ക്ക് പ്രവര്‍ത്തന ഗ്രാന്റായി പ്രതിമാസം 1,000 രൂപയും കുടുംബശ്രീയുടെ ആധുനികവത്കരണത്തിനും വിപണനത്തിനുമായി ആകെ 275 കോടിയും ബജറ്റില്‍ നീക്കിവെച്ചിട്ടുണ്ട്.

കേരള ബജറ്റ് -2026-27 ഹൈലൈറ്റ്‌സ്

  • 1.82 ലക്ഷം കോടി രൂപ റവന്യൂ വരവും 2.4 ലക്ഷം കോടി രൂപ ആകെ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ്.
  • എഫക്ടീവ് മൂലധന ചെലവ് 30961.48 കോടി രൂപ
  • റവന്യൂ കമ്മി 34,587 കോടി രൂപ (സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 2.12 ശതമാനം)
  • ധനക്കമ്മി 55,420 കോടി (ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 3.4 ശതമാനം)
  • റവന്യൂ വരുമാനത്തില്‍ 45,889.49 കോടി രൂപയുടെ വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നു.
  • തനത് നികുതി വരുമാനത്തില്‍ 10,271.51 കോടി രൂപയുടെയും നികുതിയേതര വരുമാനത്തില്‍ 1595.05 കോടി രൂപയുടെയും വര്‍ദ്ധനവ് ലക്ഷ്യമിടുന്നു.
  • അങ്കണവാടി വര്‍ക്കര്‍മാരുടെ പ്രതിമാസ വേതനം 1000 രൂപ ഉയര്‍ത്തി
  • അങ്കണവാടി ഹെല്‍പ്പര്‍മാരുടെ പ്രതിമാസ വേതനം 500 രൂപ ഉയര്‍ത്തി
  • ആശ വര്‍ക്കര്‍മാരുടെ പ്രതിമാസ വേതനം 1000 രൂപ ഉയര്‍ത്തി
    പ്രീ-പ്രൈമറി അധ്യാപകരുടെ പ്രതിമാസ വേതനം 1000 രൂപ ഉയര്‍ത്തി
  • സ്‌കൂള്‍ പാചക തൊഴിലാളികളുടെ പ്രതിദിന വേതനത്തില്‍ 25 രൂപ വര്‍ധിപ്പിച്ചു.
  • സാക്ഷരതാ പ്രേരക്മാരുടെ പ്രതിമാസ വേതനം 1000 രൂപ ഉയര്‍ത്തി
    കരാര്‍/ദിവസവേതന ജീവനക്കാരുടെ പ്രതിദന വേതനത്തില്‍ 5 ശതമാനം വര്‍ധനവ് വരുത്തി
  • പത്രപ്രവര്‍ത്തക പെന്‍ഷന്‍ പ്രതിമാസം 1500 രൂപ വര്‍ധിപ്പിച്ചു
    ലൈബ്രേറിയന്‍മാരുടെ പ്രതിമാസ അലവന്‍സില്‍ 1000 രൂപ വര്‍ധിപ്പിച്ചു
  • കാന്‍സര്‍, ലെപ്രസി, എയ്ഡ്‌സ്, ക്ഷയ രോഗബാധിതരുടെ പ്രതിമാസ പെന്‍ഷന്‍ 1000 രൂപ വര്‍ധിപ്പിച്ചു.
  • ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തില്‍ അഞ്ചുവര്‍ഷതത്വം പാലിക്കുക ഇടതുപക്ഷ സര്‍ക്കാരുകളുടെ നയം.
  • 12th Pay Revision കമ്മീഷന്‍ പ്രഖ്യാപിച്ചു. 3 മാസത്തിനകം റിപ്പോര്‍ട്ട് വാങ്ങി സമയബന്ധിതമായി നടപ്പാക്കും.
  • സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും അവശേഷിക്കുന്ന DA, DR ഗഡുക്കള്‍ പൂര്‍ണ്ണമായും നല്‍കും.
  • ഒരു ഗഡു ഡി.എ ഫെബ്രുവരി മാസത്തെ ശമ്പളത്തോടൊപ്പം
    അവശേഷിക്കുന്ന ഡി.എ, ഡി.ആര്‍ ഗഡുക്കള്‍ മാര്‍ച്ച് മാസത്തെ ശമ്പളത്തോടൊപ്പം.
  • ഡി.എ, ഡി.ആര്‍ കുടിശ്ശിക ഘട്ടം ഘട്ടമായി കൊടുത്തുതീര്‍ക്കും. ആദ്യ ഗഡു ബജറ്റ് വര്‍ഷം നല്‍കും.
  • സര്‍ക്കാര്‍ ജീവനക്കാരുടെ ഹൗസ് ബില്‍ഡിംഗ് അഡ്വാന്‍സ് സ്‌കീം പുനഃസ്ഥാപിക്കും.
  • പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയ്ക്ക് പകരം അഷ്വേര്‍ഡ് പെന്‍ഷന്‍ പദ്ധതി ഏപ്രില്‍ 1 മുതല്‍.
  • അഷ്വേര്‍ഡ് പെന്‍ഷനില്‍ അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം തുക പരമാവധി പെന്‍ഷന്‍ ഉറപ്പാക്കും.
  • അഷ്വേര്‍ഡ് പെന്‍ഷനില്‍ ഡി.ആര്‍ അനുവദിക്കും.
  • നിലവിലെ NPS-ല്‍ നിന്നും അഷ്വേര്‍ഡ് പെന്‍ഷനിലേക്ക് മാറാന്‍ ഓപ്ഷന്‍ ഉണ്ടാകും.
  • മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ സ്മരണ നിലനിര്‍ത്താന്‍ തിരുവനന്തപുരത്ത് വി.എസ് സെന്റര്‍ സ്ഥാപിക്കുന്നതിന് 20 കോടി.
  • കട്ടപ്പന – തേനി തുരങ്കപാതയുടെ സാധ്യതാ പഠനത്തിന് 10 കോടി
    ഇസ്ലാമിക പണ്ഡിതനും സാമൂഹിക പരിഷ്‌കര്‍ത്താവുമായിരുന്ന ശൈഖ് സൈനുദീന്‍ മഖദൂം രണ്ടാമന്റെ പേരില്‍ പൊന്നാനിയില്‍ ചരിത്ര ഗവേഷണ സെന്റര്‍ സ്ഥാപിക്കാന്‍ 3കോടി രൂപ.
  • അയ്യങ്കാളി പഠന കേന്ദ്രത്തിന് 1.5 കോടി
  • കാവാരികുളം കണ്ടന്‍ കുമാരന്‍ പഠന കേന്ദ്രത്തിന് 1.5 കോടി
    മാര്‍ ഇവാനിയോസ് മ്യൂസിയത്തിന് 1.5 കോടി
  • ജില്ലാ ആശുപത്രികളില്‍ MENOPAUSE ക്ലിനിക്കുകള്‍ സ്ഥാപിക്കാന്‍ 3 കോടി
  • കുടുംബശ്രീ ഉല്‍പ്പന്നങ്ങളുടെ പ്രചാരണവും വിതരണവും ലക്ഷ്യമിട്ട് മാര്‍ക്കറ്റിംഗ് വിതരണ ശൃംഖലയ്ക്ക് 22.27 കോടി.
    റോഡപകടത്തില്‍പ്പെടുന്നവര്‍ക്കായി ലൈഫ് സേവര്‍ പദ്ധതി. ആദ്യത്തെ 5 ദിവസം പണരഹിത ചികിത്സ.
  • അപൂര്‍വ്വയിനം രോഗങ്ങള്‍ക്കുള്ള ചികിത്സാ പദ്ധതിയായ KARE-ല്‍ സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി രോഗത്തിന് മരുന്ന് ലഭ്യമാക്കാന്‍ 30 കോടി.
  • തിരുവനന്തപുരം-അങ്കമാലി എം.സി റോഡ് വികസനത്തിന് 5217 കോടി രൂപയുടെ കിഫ്ബി പദ്ധതി.
  • കിളിമാനൂര്‍, നിലമേല്‍, ചടയമംഗലം, ആയൂര്‍, പന്തളം, ചെങ്ങന്നൂര്‍ പട്ടണങ്ങളില്‍ ബൈപാസുകള്‍. വിവിധ ജംഗ്ഷനുകളുടെ വികസനവും പദ്ധതിയുടെ ഭാഗം.
  • തിരുവനന്തപുരം – കാസര്‍ഗോഡ് റീജിയണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം (RRTS) പദ്ധതി പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 100 കോടി.
    ധനകാര്യ ഭരണസംവിധാനം ശക്തിപ്പെടുത്തുന്നതിന് കൊച്ചിയില്‍ ഫിനാന്‍സ് ടവര്‍ സ്ഥാപിക്കും.
  • വില്‍പ്പനനികുതി ചെക്ക് പോസ്റ്റുകളുടെ അടിസ്ഥാന സൗകര്യങ്ങളെ ജി.എസ്.ടി സമ്പ്രദായത്തിലെ അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളാക്കും.
  • കാര്‍ഷിക, അനുബന്ധ മേഖലയ്ക്ക് 2071.95 കോടി.
    മുഖ്യമന്ത്രിയുടെ സ്ത്രീ സുരക്ഷാ പദ്ധതിയ്ക്ക് 3720 കോടി
    മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക്ക് സ്‌കോളര്‍ഷിപ്പ് പദ്ധതിയ്ക്ക് 400 കോടി
  • ക്ഷേമപെന്‍ഷന്‍ നല്‍കുന്നതിനായി 14,500 കോടി
    നികുതിദായകരെ ആദരിക്കാനും പുരസ്‌കാരം നല്‍കുന്നതിനും 5 കോടി
  • കേരളത്തിലെ എല്ലാ പൗരന്മാര്‍ക്കും നേറ്റിവിറ്റി കാര്‍ഡ് നല്‍കുന്ന പദ്ധതിയ്ക്ക് 20 കോടി
  • തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ജനറല്‍ പര്‍പ്പസ് ഫണ്ട് 3237 കോടിയും മെയിന്റനന്‍സ് ഫണ്ട് 4316 കോടിയും പ്ലാന്‍ ഫണ്ട് 10,189 കോടിയും.
  • പഞ്ചായത്ത് മെമ്പര്‍മാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവരുടെ ഓണറേറിയം വര്‍ധിപ്പിക്കും.
  • തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മുന്‍ജനപ്രതിനിധികളുടെ ക്ഷേമത്തിനായി ക്ഷേമനിധി രൂപീകരിക്കും.
  • വിഴിഞ്ഞം തുറമുഖത്തുനിന്നും ചവറയെയും കൊച്ചിയെയും ബന്ധിപ്പിക്കുന്ന റെയര്‍ എര്‍ത്ത് കോറിഡോര്‍ ചവറയില്‍ സ്ഥാപിക്കും. ഇതിലൂടെ 42,000 കോടി രൂപയുടെ നിക്ഷേപങ്ങളും 50,000 കോടിയുടെ തൊഴിലവസരങ്ങളും സൃഷ്ടിക്കും.
    ക്രിറ്റിക്കല്‍ മിനറല്‍ മിഷന് 100 കോടി.
  • പ്രതിരോധ ഇടനാഴിയ്ക്ക് 50 കോടി
  • പി.പി.പി മാതൃകയില്‍ കൊച്ചി ഇന്‍ഫോ പാര്‍ക്കില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും മറ്റ് സാങ്കേതികവിദ്യകളും ചേര്‍ന്ന സൈബര്‍ വാലിയ്ക്ക് 30 കോടി.
  • തൊഴില്‍ പരിശീലനത്തിനും നൈപുണി സമ്പാദനത്തിനും ആഗോള സ്‌കൂളിന് 10 കോടി.
  • വര്‍ക്ക് നിയര്‍ ഹോം വ്യാപിപ്പിക്കുന്നതിന് 150 കോടി.
    ഗോത്ര മേഖലകളിലെ ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിനായി 60 കോടി ചെലവില്‍ സ്‌പെഷ്യല്‍ എന്റിച്ചമെന്റ് പദ്ധതിയ്ക്ക് 60 കോടി.
  • ഗിഗ് തൊഴിലാളികള്‍ക്ക് ആധുനിക സൗകര്യങ്ങളോടുകൂടിയ ഗിഗ് ഹബ് – 20 കോടി.
  • പഴയ പെട്രോള്‍, ഡീസല്‍ ഓട്ടോറിക്ഷകള്‍ പൊളിച്ച് ഇലക്ട്രിക് ഓട്ടോകള്‍ വാങ്ങുന്നവര്‍ക്ക് ഒറ്റത്തവണ സ്‌ക്രാപ്പേജ് ബോണസ് 40,000 രൂപ.
  • ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ വാങ്ങുന്നതിനായുള്ള വായ്പകള്‍ക്ക് 2% പലിശയിളവ്
  • ഓട്ടോ സ്റ്റാന്‍ഡുകളില്‍ സോളാര്‍ അധിഷ്ഠിത ചാര്‍ജിംഗ് യൂണിറ്റുകള്‍ സ്ഥാപിക്കാന് 20 കോടി.
  • തൊഴിലുറപ്പ് പദ്ധതിയ്ക്കായി മുന്‍വര്‍ഷത്തില്‍ നിന്നും അധികമായി 1000 കോടി.
  • റിട്ടയര്‍മെന്റ് ഹോമുകള്‍ സജ്ജമാക്കാന്‍ സംഘടനകള്‍ക്കും ഗ്രൂപ്പുകള്‍ക്കും സ്വകാര്യ വ്യക്തികള്‍ക്കും സര്‍ക്കാര്‍ സബ്‌സിഡി. ഇതിനായി 30 കോടി.
  • വീടുകളില്‍ ഒറ്റപ്പെട്ടുപോകുന്ന മുതിര്‍ന്ന വ്യക്തികള്‍ക്ക് ഓണ്‍ കോള്‍ വോളന്റിയര്‍മാരുടെ സേവനം ലഭ്യമാക്കും. ഇതിനായി 10 കോടി.
  • അഡ്വക്കേറ്റ് വെല്‍ഫെയര്‍ ഫണ്ട് 20 ലക്ഷമായി ഉയര്‍ത്തും.
    1 മുതല്‍ 12-ാം ക്ലാസ്സ് വരെയുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അപകട ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിയ്ക്ക് 15 കോടി.
  • കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയുടെ മാനദണ്ഡങ്ങളുടെ പരിധിയ്ക്ക് പുറത്തുള്ള കുടുംബങ്ങള്‍ക്ക് പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി – 50 കോടി.
  • കുടുംബശ്രീ ഉല്‍പ്പന്നങ്ങളുടെ വിപുലമായ പ്രചാരവും വിതരണവും ലക്ഷ്യമിട്ടുള്ള മാര്‍ക്കറ്റിംഗ് വിതരണ ശൃംഖലയ്ക്ക് 22.27 കോടി.
  • സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ് (CDS)-നെ രാജ്യത്തെ മുന്‍നിര മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിന് 10 കോടി
    കേരള കലാകേന്ദ്രം സ്ഥിരം വേദികള്‍ സ്ഥാപിക്കാന്‍ 10 കോടി