Kerala gold price down fall പിടിവിട്ടുള്ള കുതിച്ചു കയറ്റത്തിനൊടുവില്‍ കേരളത്തിലെ സ്വര്‍ണവിലയില്‍ അപ്രതീക്ഷിത ട്വിസ്റ്റ്. സംസ്ഥാനത്ത് പവന് ഒറ്റയടിക്ക് 1,400 രൂപ കുറഞ്ഞ് 95,960 രൂപയായി. ഗ്രാമിന് 175 രൂപ കുറഞ്ഞ് 11,995 രൂപയിലാണ് വ്യാപാരം. ഒരാഴ്ചയ്ക്കിടെ 5,640 രൂപ വര്‍ധിച്ച് 97,360 രൂപ വരെയെത്തിയ ശേഷമാണ് സ്വര്‍ണ വിലയില്‍ ഇടിവ് വന്നത്.
|
ഇന്നത്തെ വിലയില്‍ ഒരു പവന്‍ സ്വര്‍ണം 10 ശതമാനം പണിക്കൂലിയില്‍ വാങ്ങാന്‍ 1,08,772 രൂപയോളം നല്‍കണം. 9,596 രൂപയാണ് പണിക്കൂലി. സ്വര്‍ണ വിലയോടൊപ്പം ഹാള്‍മാര്‍ക്കിങ് ചാര്‍ജായ 53 രൂപയും (45 രൂപ+ 18% ജിഎസ്ടി) മൂന്ന് ശതമാനം ജിഎസ്ടിയും അടങ്ങുന്നതാണ് സ്വര്‍ണാഭരണത്തിന്റെ വില.
രാജ്യാന്തര വില കുറഞ്ഞതാണ് സ്വര്‍ണ വില കുറയാന്‍ കാരണം. 4,378 ഡോളറിലെത്തി റെക്കോര്‍ഡിട്ട സ്വര്‍ണ വില രണ്ട് ശതമാനത്തോളം ഇടിഞ്ഞു. ഡോളര്‍ ശക്തമായതും ചൈനയ്‌ക്കെതിരെ പൂര്‍ണതോതിലുള്ള തീരുവ ചുമത്തുന്നത് സുസ്ഥിരമാകില്ലെന്ന ട്രംപിന്റെ പ്രസ്താവനയുമാണ് സ്വര്‍ണ വിലയെ താഴേക്ക് എത്തിച്ചത്.
ഇനിയും കുറയുമോ സ്വര്‍ണ വില?
സ്വര്‍ണത്തിന്റെ ഗതിയെന്താകുമെന്നതിനെ ചൊല്ലി അനലിസ്റ്റുകള്‍ ക്കിടയില്‍ രണ്ടഭിപ്രായമുണ്ട്. ബാങ്ക് ഓഫ് അമേരിക്കയുടെ പുതിയ പ്രവചനം പ്രകാരം 2026 ഓടെ സ്വര്‍ണ വില 5,000 ഡോളര്‍ കടക്കും. ജെ.പി മോര്‍ഗാന്റെ നിഗമന പ്രകാരം 2026 ലെ ശരാശരി വില 4500 ഡോളറാകും. എന്നാല്‍ യു.എസില്‍ പണപ്പെരുപ്പം 2.50 ശതമാനത്തില്‍ താഴെ എത്തിയാലോ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് പിന്‍വലിക്കുന്നത് നിര്‍ത്തുന്നു എന്ന സൂചന നല്‍കിയാലോ സ്വര്‍ണ വില 4,000 ഡോളറിന് താഴേക്ക് പോകുമെന്നാണ് പ്രവചനം.




