തിരുവനന്തപുരം: കേരളത്തിന്റെ ആരോഗ്യമേഖലയില്‍ സമഗ്രമായ മാറ്റങ്ങള്‍ ലക്ഷ്യമിട്ട് രൂപീകരിച്ച ടാസ്ക് ഫോഴ്സിന്റെ ആദ്യ യോഗത്തില്‍ അവതരിപ്പിച്ച നിര്‍ദ്ദേശങ്ങള്‍ വലിയ വിവാദങ്ങളിലേക്കും ദുരൂഹതകളിലേക്കും വഴിതുറക്കുന്നു. പൊതുമേഖലയ്ക്ക് പ്രാധാന്യം നല്‍കുമെന്ന അവകാശവാദത്തിനിടയില്‍, സ്വകാര്യ മൂലധന നിക്ഷേപവും ‘കേരള പ്രിവന്റീവ് ഹെല്‍ത്ത് പാസ്പോര്‍ട്ടും’ (കെപാസ്) സംബന്ധിച്ച പവര്‍ പോയിന്റ് പ്രസന്റേഷനിലെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
|
ആരോഗ്യമേഖല വന്‍കിട കോര്‍പ്പറേറ്റുകള്‍ക്കും സ്വകാര്യ വ്യക്തികള്‍ക്കും തീറെഴുതാനുള്ള കരുനീക്കമാണ് സമിതി നടത്തുന്നതെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്.
1000 കോടിയുടെ നോര്‍ക്ക ഗ്ലോബല്‍ ഹെല്‍ത്ത് ഫണ്ടും സ്വകാര്യ നിക്ഷേപവും
ടാസ്ക് ഫോഴ്സിന്റെ ആദ്യ യോഗത്തില്‍ അവതരിപ്പിച്ച നിര്‍ദ്ദേശങ്ങള്‍ പ്രകാരം, നോര്‍ക്ക ഗ്ലോബല്‍ ഹെല്‍ത്ത് ഫണ്ട് വഴി ആരോഗ്യമേഖലയിലേക്ക് 1000 കോടി രൂപയുടെ നിക്ഷേപം സമാഹരിക്കാനാണ് പദ്ധതിയിടുന്നത്. ഇതിനായി 10,000 ഗ്ലോബല്‍ അംഗങ്ങളെ കണ്ടെത്തുമെന്നും, ഒരാള്‍ 10 ലക്ഷം രൂപ വീതം നിക്ഷേപിക്കുന്ന രീതിയില്‍ പദ്ധതി നടപ്പിലാക്കുമെന്നും നിര്‍ദ്ദേശമുണ്ട്. ഈ ഫണ്ട് ഉപയോഗിച്ച് അടിസ്ഥാന സൗകര്യ വികസനവും പുതിയ ആരോഗ്യ പദ്ധതികളും നടപ്പിലാക്കാനാണ് നീക്കം.
എന്നാല്‍, ഫണ്ട് ശേഖരിക്കുന്ന കേന്ദ്രങ്ങളിലും പദ്ധതിയുടെ നടത്തിപ്പിലും സ്വകാര്യ വ്യക്തികളും വന്‍കിട ഇന്‍ഷുറന്‍സ് കമ്പനികളും മറ്റ് പ്രൈവറ്റ് ശൃംഖലകളും പങ്കാളികളാകുമെന്നത് പ്രഥമദൃഷ്ട്യാ തന്നെ ആരോഗ്യരംഗത്തെ സ്വകാര്യവല്‍ക്കരണത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
കേരള പ്രിവന്റീവ് ഹെല്‍ത്ത് പാസ്പോര്‍ട്ടും ഡാറ്റാ സുരക്ഷയും
ആരോഗ്യമേഖലയിലെ പുതിയ ആശയമായി അവതരിപ്പിച്ച ‘കേരള പ്രിവന്റീവ് ഹെല്‍ത്ത് പാസ്പോര്‍ട്ട്’ (കെപാസ്) മറ്റൊരു പ്രധാന ചര്‍ച്ചാ വിഷയമാണ്. ഓരോ വ്യക്തിയുടെയും ആരോഗ്യ വിവരങ്ങള്‍, ലബോറട്ടറി പരിശോധനാ ഫലങ്ങള്‍ തുടങ്ങിയവ ഡിജിറ്റല്‍ രേഖയായി ഏകോപിപ്പിച്ച് തുടക്കത്തില്‍ തന്നെ രോഗങ്ങള്‍ കണ്ടെത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. എങ്കിലും, ഈ ഡാറ്റാ ശേഖരണവും ഡിജിറ്റല്‍ ഏകോപനവും സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പിലാക്കുമ്പോള്‍ സാധാരണക്കാരായ ജനങ്ങളുടെ സ്വകാര്യ ആരോഗ്യ വിവരങ്ങള്‍ (Personal Health Data) എത്രകണ്ട് സുരക്ഷിതമായിരിക്കും എന്ന വലിയ ആശങ്ക ഉയരുന്നുണ്ട്.
നിലവില്‍ സര്‍ക്കാരിന്റെ കീഴില്‍ ‘ഇ-ഹെല്‍ത്ത്’ അടക്കമുള്ള സംവിധാനങ്ങള്‍ നിലവിലിരിക്കെ, സമാനമായ മറ്റൊരു പാസ്പോര്‍ട്ടിന്റെ ആവശ്യകത എന്താണെന്ന ചോദ്യവും പ്രസക്തമാകുന്നു.
കോര്‍പ്പറേറ്റ് പ്രീണനവും സമിതിയുടെ ഘടനയും
മുഖ്യമന്ത്രി അധ്യക്ഷനായുള്ള 16 അംഗ ടാസ്ക് ഫോഴ്സിന്റെ ഘടന ആദ്യം മുതല്‍ തന്നെ വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. സമിതിയിലെ കൂടുതല്‍ അംഗങ്ങളും വന്‍കിട കോര്‍പ്പറേറ്റ് ലാബ് ഉടമകളും സ്വകാര്യ ആശുപത്രി വ്യവസായികളുമാണെന്നത് ആശങ്ക ഇരട്ടിയാക്കുന്നു. പൊതുജനാരോഗ്യ വിദഗ്ധരെ ഉള്‍പ്പെടുത്താതെ, കച്ചവട താല്‍പ്പര്യമുള്ളവരെ മാത്രം കുത്തിനിറച്ചാണ് സമിതി രൂപീകരിച്ചിരിക്കുന്നതെന്ന ആക്ഷേപമാണ് ഇതിനകം ഉയര്‍ന്നിട്ടുള്ളത്.
ചില സമിതി അംഗങ്ങള്‍ക്കെതിരെ മുന്‍പ് അഴിമതി ആരോപണങ്ങള്‍ പോലും ഉയര്‍ന്നിട്ടുള്ള പശ്ചാത്തലത്തില്‍, ഈ ടാസ്ക് ഫോഴ്സ് രൂപീകരണത്തിന് പിന്നില്‍ ജനക്ഷേമത്തേക്കാള്‍ ഉപരി കച്ചവട താല്‍പ്പര്യങ്ങളാണോ എന്ന സംശയമാണ് ശക്തമാകുന്നത്. സര്‍ക്കാരും ആരോഗ്യ വകുപ്പും ഈ ആരോപണങ്ങളോട് എന്തുനിലപാട് സ്വീകരിക്കുമെന്നാണ് ഇനി കണ്ടറിയേണ്ടത്.
Tags: Kerala Health Task Force, Preventive Health Passport Kerala, Norka Global Health Fund, Kerala Health Sector Controversy, Medical News Malayalam, News Malayalam
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



