30
Mar 2024
Sat
30 Mar 2024 Sat

ബംഗളുരു: കര്‍ണാടകയിലെ ബിജെപി പോസ്റ്ററിൽ കേരളത്തിലെ എൽഡിഎഫ് മന്ത്രിയും നേതാക്കളും. എൽഡിഎഫ് മുന്നണിയിലുളള ജെഡിഎസിന്റെ സംസ്ഥാന അധ്യക്ഷൻ മാത്യു ടി തോമസിന്റെയും മന്ത്രി കെ കൃഷ്ണൻ കുട്ടിയുടെയും ചിത്രങ്ങളാണ് കർണാടകയിലെ ബിജെപിയുടെ പോസ്റ്ററിലുളളത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബംഗളുരു റൂറലിൽ ബിജെപി സ്ഥാനാർഥിയായ ദേവഗൗഡയുടെ മരുമകൻ ഡോ. മഞ്ജുനാഥയ്ക്ക് സ്വീകരണം നൽകുന്നുവെന്ന പോസ്റ്ററിലാണ് എൽഡിഎഫ് നേതാക്കളുടെ ചിത്രങ്ങളുളളത്. ജെഡിഎസിന്റെ സേവാദൾ നേതാവ് ബസവരാജാണ് പോസ്റ്റർ ഇറക്കിയിരിക്കുന്നത്. ജെഡിഎസ് ദേശീയ തലത്തിൽ എൻഡിഎയ്ക്ക് ഒപ്പമാണെങ്കിലും കേരളത്തിൽ എൽഡിഎഫിനൊപ്പമാണ്.

വ്യാഴാഴ്ച ബംഗളുരുവിലെ റെയിൽവേ ലേ ഔട്ടിൽ നടത്തിയ പരിപാടിയുടെ പോസ്റ്ററിൽ ആയിരുന്നു കേരളത്തിലെ ജെഡിഎസ് നേതാക്കളുടെ ചിത്രങ്ങൾ ഉണ്ടായിരുന്നത്. എന്നാൽ പരിപാടി നടത്തിയപ്പോൾ സ്റ്റേജിൽ ഇവരുടെ ചിത്രങ്ങൾ ഉണ്ടായിരുന്നില്ല. ഇത് സേവാദൾ സ്വന്തം നിലയ്ക്ക് ഇറക്കിയ പോസ്റ്റർ ആണെന്നും പാർട്ടിക്ക് ബന്ധമില്ലെന്നുമാണ് ബിജെപി പ്രതികരിച്ചത്.