Kerala SIR draft കേരളത്തിലെ എസ്.ഐ.ആര്‍ കരട് വോട്ടര്‍ പട്ടികയില്‍നിന്ന് നീക്കം ചെയ്യപ്പെട്ടവര്‍ക്ക് പരാതി സമര്‍പ്പിക്കാനുള്ള സമയം നീട്ടിനല്‍കുന്ന കാര്യം പരിഗണിക്കണമെന്ന് സുപ്രീംകോടതി. വെട്ടിമാറ്റപ്പെട്ടവരുടെ പേരുവിവരങ്ങള്‍ ഔദ്യോഗിക വെബ്‌സൈറ്റിന് പുറമെ കേരളത്തിലെ എല്ലാ ഗ്രാമപഞ്ചായത്ത് ഓഫിസുകളിലും സര്‍ക്കാര്‍ ഓഫിസുകളിലും പ്രസിദ്ധീകരിക്കണമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടു.
|
24 ലക്ഷം പേരാണ് പുതിയ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടത്. ഇതില്‍ പലരും യഥാര്‍ഥ വോട്ടര്‍മാരാണെന്നും അവര്‍ക്ക് തങ്ങളുടെ എതിര്‍വാദം സമര്‍പ്പിക്കാന്‍ സമയം നല്‍കേണ്ടതുണ്ടെന്നും ഹരജിക്കാരുടെ അഭിഭാഷകര്‍ വാദിച്ചു. നിലവില്‍ വെട്ടിമാറ്റപ്പെട്ടവരുടെ പട്ടിക ലഭ്യമാക്കിയിട്ടില്ല. അത് കിട്ടിയശേഷം എന്തുകൊണ്ട് വെട്ടിമാറ്റിയെന്ന് വോട്ടര്‍മാര്‍ക്ക് കമീഷനോട് ചോദിക്കാന്‍ അവസരം നല്‍കേണ്ടതുണ്ടെന്നും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍, ഈ വാദത്തെ എതിര്‍ത്ത തെരഞ്ഞെടുപ്പ് കമീഷന്റെ അഭിഭാഷകന്‍ നേരത്തേയുള്ള സുപ്രീംകോടതി ഉത്തരവ് പ്രകാരം വെട്ടിമാറ്റിയവരുടെ പട്ടിക ലഭ്യമാക്കിയിട്ടുണ്ടെന്ന് അറിയിച്ചു. എന്നാല്‍, ഇത് ഗൗനിക്കാതെ സുപ്രീംകോടതി ഉത്തരവ് നല്‍കുകയായിരുന്നു.
കരട് പട്ടികയില്‍നിന്ന് വെട്ടിമാറ്റപ്പെട്ടവരുടെ പട്ടിക എല്ലാ ഗ്രാമപഞ്ചായത്ത് ഓഫിസുകളിലും അതത് ഗ്രാമങ്ങളിലെ മറ്റു സര്‍ക്കാര്‍ ഓഫിസുകളിലും പ്രദര്‍ശിപ്പിക്കണമെന്ന് ബെഞ്ച് നിര്‍ദേശിച്ചു. ഔദ്യോഗിക വെബ്‌സൈറ്റിലും പ്രസിദ്ധീകരിക്കണം. ജനങ്ങള്‍ക്ക് വലിയതോതില്‍ പ്രയാസങ്ങളുണ്ടാകുന്നത് കണക്കിലെടുത്ത് വെട്ടിമാറ്റപ്പെട്ടവര്‍ക്ക് പരാതികള്‍ സമര്‍പ്പിക്കാനുള്ള തിയതി നീട്ടിനല്‍കുന്ന കാര്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിഗണിക്കണമെന്നും ഉത്തരവിലുണ്ട്.





