31
Dec 2025
Mon
31 Dec 2025 Mon
KLOO APP

KLOO APP  ദീര്‍ഘദൂര യാത്രകളില്‍ ശുചിമുറികള്‍ കണ്ടെത്തുക എന്നത് വലിയ വെല്ലുവിളിയാണ്. ഇതിനൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ് ശുചിത്വ മിഷന്‍. ‘മാലിന്യമുക്ത നവകേരളം’ പദ്ധതിയുടെ ഭാഗമായി ശുചിത്വ മിഷന്‍ സജ്ജമാക്കിയ ‘ക്ലൂ’ (KLOO) മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറങ്ങുന്നു. ചൊവ്വാഴ്ച ഉച്ചക്കുശേഷം മൂന്നിന് മാസ്‌കറ്റ് ഹോട്ടലില്‍ മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം നിര്‍വഹിക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യാത്രക്കാര്‍ക്ക് അവരുടെ ലൊക്കേഷന് തൊട്ടടുത്തുള്ള ശുചിമുറികള്‍ ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ എളുപ്പം കണ്ടെത്താനുള്ളതാണ് ഈ ആപ്പ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള പൊതുശുചിമുറികള്‍ക്ക് പുറമെ കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റാറന്റ് അസോസിയേഷനുമായി സഹകരിച്ച് മികച്ച നിലവാരം പുലര്‍ത്തുന്ന സ്വകാര്യ ഹോട്ടലുകളിലെയും റസ്റ്റാറന്റുകളിലെയും ശുചിമുറികള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ശൃംഖല വിപുലീകരിക്കുന്നത്. ഓരോ ശുചിമുറി കേന്ദ്രത്തിന്റെയും പ്രവര്‍ത്തന സമയം, അവിടത്തെ പാര്‍ക്കിങ് സൗകര്യം തുടങ്ങിയവയും ഉപയോക്താക്കളുടെ റേറ്റിങ്ങുകളും ആപ്പിലൂടെ തത്സമയം അറിയാം.

ഫ്രൂഗല്‍ സയന്റിഫിക് പ്രൈവറ്റ് ലിമിറ്റഡിന്റെ സാങ്കേതിക സഹകരണത്തോടെയാണ് ആപ് തയാറാക്കിയത്. സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര പാതകളെയും ദേശീയ പാതകളെയും കേന്ദ്രീകരിച്ചാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത്. വരും മാസങ്ങളില്‍ കൂടുതല്‍ തദ്ദേശ സ്ഥാപനങ്ങളെയും സ്വകാര്യ പങ്കാളികളെയും ഉള്‍പ്പെടുത്തി കേരളത്തിലുടനീളം വ്യാപിപ്പിക്കും.