24
Jan 2026
Thu
24 Jan 2026 Thu
Bengaluru airport sexual assault

Korean Woman Sexually Assaulted ബംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പരിശോധനയുടെ മറവില്‍ കൊറിയന്‍ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച വിമാനത്താവള ജീവനക്കാരന്‍ അറസ്റ്റിലായി. തിങ്കളാഴ്ച (ജനുവരി 19) കൊറിയയിലേക്ക് പോകാനായി വിമാനത്താവളത്തിലെത്തിയപ്പോഴാണ് യുവതിക്ക് ദുരനുഭവം ഉണ്ടായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്:
ഇമിഗ്രേഷന്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കി ടെര്‍മിനലിലേക്ക് നടക്കുകയായിരുന്ന യുവതിയെ മുഹമ്മദ് അഫാന്‍ എന്ന ജീവനക്കാരന്‍ സമീപിച്ചു. വിമാന ടിക്കറ്റ് കാണാന്‍ ആവശ്യപ്പെട്ട ഇയാള്‍, യുവതിയുടെ ചെക്ക്-ഇന്‍ ലഗേജില്‍ എന്തോ പ്രശ്‌നമുണ്ടെന്നും അതില്‍ നിന്ന് ‘ബീപ്’ ശബ്ദം കേട്ടതായും വിശ്വപ്പിച്ചു. സാധാരണ പരിശോധനാ കൗണ്ടറിലേക്ക് മടങ്ങിപ്പോകുന്നത് സമയം വൈകിപ്പിക്കുമെന്നും അതിനാല്‍ വിമാനം നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും ഇയാള്‍ യുവതിയെ പേടിപ്പിച്ചു.

തുടര്‍ന്ന്, പ്രത്യേക പരിശോധന വേണമെന്ന് നിര്‍ബന്ധിച്ച് യുവതിയെ പുരുഷന്മാരുടെ ശുചിമുറിക്ക് സമീപത്തേക്ക് കൊണ്ടുപോയി. യുവതിയുടെ എതിര്‍പ്പുകള്‍ അവഗണിച്ച് ഇയാള്‍ മോശമായ രീതിയില്‍ സ്പര്‍ശിക്കുകയും ബലമായി കെട്ടിപ്പിടിക്കുകയും ചെയ്തു. പിന്നീട് ‘താങ്ക്യൂ’ എന്ന് പറഞ്ഞ് അവിടെനിന്ന് നടന്നുപോയി.

ALSO READ: ലൈംഗിക അതിക്രമം നേരിട്ടുവെന്ന മൊഴിയില്‍ ഉറച്ച് ഷിംജിത; മൊബൈല്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും

യുവതി ഉടന്‍ തന്നെ വിമാനത്താവള സുരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. ഉദ്യോഗസ്ഥര്‍ പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസിന് കൈമാറി. വിമാനത്താവളത്തിലെ സിസിടിവി (CCTV) ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് ലൈംഗിക അതിക്രമം സ്ഥിരീകരിച്ചു. യുവതിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത എയര്‍പോര്‍ട്ട് പൊലീസ് അഫാനെ അറസ്റ്റ് ചെയ്തു.

കമ്പനിയുടെ പ്രതികരണം

വിമാനത്താവളങ്ങളില്‍ ഗ്രൗണ്ട്, കാര്‍ഗോ സേവനങ്ങള്‍ നല്‍കുന്ന ‘എയര്‍ ഇന്ത്യ സാറ്റ്സ്’ (Air India SATS) എന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു അഫാന്‍. സംഭവം ‘ക്ഷമിക്കാനാവാത്തതാണെന്ന്’ വിശേഷിപ്പിച്ച കമ്പനി ഇയാളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു.

‘കെംപെഗൗഡ വിമാനത്താവളത്തില്‍ നടന്ന സംഭവം അങ്ങേയറ്റം അപലപനീയമാണ്. കുറ്റക്കാരനായ ജീവനക്കാരനെ ഉടന്‍ തന്നെ പിരിച്ചുവിടുകയും നിയമനടപടികള്‍ക്കായി അധികൃതര്‍ക്ക് കൈമാറുകയും ചെയ്തു. യാത്രക്കാരിക്കുണ്ടായ മാനസിക വിഷമത്തില്‍ ഞങ്ങള്‍ ഖേദിക്കുന്നു. സുരക്ഷാ മാനദണ്ഡങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നതിനായി സമഗ്രമായ അന്വേഷണം നടന്നു വരികയാണ്,’ എന്ന് എയര്‍ ഇന്ത്യ സാറ്റ്സ് പ്രസ്താവനയില്‍ അറിയിച്ചു.