അഴീക്കോട് തിരഞ്ഞെടുപ്പ് കേസില്‍ കെ എം ഷാജിക്കെതിരായി ഹൈക്കോടതി വിധിച്ച അയോഗ്യത പ്രാബല്യത്തില്‍ വരുത്തണമെന്ന് ആവശ്യപ്പെട്ട് എം വി നികേഷ് കുമാര്‍ സുപ്രിംകോടതിയെ സമീപിച്ചു. നികേഷ് കുമാറിന്റെ ഹരജിയില്‍ സുപ്രിംകോടതി വിശദമായ വാദം കേള്‍ക്കും. 2016ലെ തിരഞ്ഞെടുപ്പ് ഹരജിയിലെ മറ്റ് ആവശ്യങ്ങള്‍ അപ്രസക്തമായെങ്കിലും ഷാജിക്ക് ഹൈക്കോടതി വിധിച്ച ആറു വര്‍ഷത്തെ അയോഗ്യത പ്രാബല്യത്തിലാക്കണമെന്നാണ് നികേഷിന്റെ ആവശ്യം.
|
2016ലെ നിയമസഭാ തിരഞ്ഞടുപ്പില്‍ മതസ്പര്‍ധ വളര്‍ത്തുന്ന ലഘുലേഖകള്‍ വിതരണം ചെയ്‌തെന്നും മറ്റുമായിരുന്നു ഷാജിക്കെതിരേ നികേഷ് കുമാര്‍ നല്‍കിയിരുന്ന കേസിലെ പ്രധാന ആരോപണം. കേസ് പരിഗണിച്ച ഹൈക്കോടതി ആറു വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പുകളില്‍ മല്‍സരിക്കുന്നതില്‍ നിന്ന് ഷാജിയെ വിലക്കിയിരുന്നു. എന്നാല്‍ ഇത് ഇടക്കാല ഉത്തരവിലൂടെ സുപ്രിംകോടതി സ്റ്റേ ചെയ്യുകയായിരുന്നു.
സംസ്ഥാനം മറ്റൊരു നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കാനിരിക്കെയാണ് കെ എം ഷാജിയെ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ നിന്ന് വിലക്കുവാനുള്ള സാധ്യത തേടി സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്.
2016ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ ഹരജിക്ക് ഇനി പ്രസക്തിയില്ലെന്ന് കെ എം ഷാജിക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ നിഖില്‍ ഗോയല്‍ സുപ്രിംകോടതിയെ അറിയിച്ചു. എന്നാല്‍ ഹൈക്കോടതി ഉത്തരവില്‍ പുറപ്പെടുവിച്ച അയോഗ്യത സംബന്ധിച്ച വിഷയം ഇപ്പോഴും നിലനില്‍ക്കുകയാണെന്ന് നികേഷ് കുമാറിന്റെ അഭിഭാഷകന്‍ പി വി ദിനേശ് കോടതിയില്‍ ചൂണ്ടിക്കാട്ടി.
അയോഗ്യത സംബന്ധിച്ച വിഷയത്തില്‍ വിശദമായി നാളെ വാദം കേള്‍ക്കാമെന്ന് ജസ്റ്റിസ്മാരായ ബി വി നാഗരത്‌ന, ഉജ്ജ്വല്‍ ഭുയാന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. നികേഷ് കുമാറിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ പി വി ദിനേശ്, അഭിഭാഷക ആന്‍ മാത്യു എന്നിവരാണ് ഹാജരായത്. കെ എം ഷാജിക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ നിഖില്‍ ഗോയല്‍, അഭിഭാഷകരായ ഹാരിസ് ബീരാന്‍, അസര്‍ അസീസ് എന്നിവരാണ് ഹാജരായത്.
ALSO READ: വീട്ടുജോലിക്കെത്തിയ ദമ്പതികള്‍ 18 കോടി രൂപയുടെ സ്വര്‍ണവും പണവും കവര്‍ന്നുമുങ്ങി





