കോഴിക്കോട്: ജനക്ഷേമം മുന്‍നിര്‍ത്തി സാമൂഹികപ്രതിബദ്ധതാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കോര്‍പറേറ്റ് സ്ഥാപനങ്ങളെ ആദരിക്കുന്നതിന്റെ ഭാഗമായി ദേശീയതലത്തില്‍ സി.എസ്.ആര്‍. ടൈംസ് നല്‍കിവരുന്ന അവാര്‍ഡ് മലബാര്‍ ഗ്രൂപ്പിന്. മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ഉള്‍പ്പെടെ വിവിധ ബിസിനസ് സംരംഭങ്ങള്‍ക്ക് നേതൃത്വംനല്‍കുന്ന മലബാര്‍ ഗ്രൂപ്പിന്റെ ‘ഹംഗര്‍ ഫ്രീ വേള്‍ഡ്’ പദ്ധതിക്കാണ്് 2024-ലെ സിഎസ്ആര്‍ ടൈംസ് അവാര്‍ഡ്.
|
ഗോവ സര്‍ക്കാരുമായി സഹകരിച്ചായിരുന്നു സി.എസ്.ആര്‍. ടൈംസ് അവാര്‍ഡ്ദാന പരിപാടി സംഘടിപ്പിച്ചത്. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് മുഖ്യാതിഥിയായിരുന്നു. മലബാര്‍ ഗ്രൂപ്പിനുവേണ്ടി മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് റീട്ടെയില്‍ എക്സ്പാന്‍ഷന്‍ മേധാവിയും വെസ്റ്റ് ഇന്ത്യ റീജ്യനല്‍ ഹെഡ്ഡുമായ എ.ടി. ഫന്‍സീം അഹമ്മദ്, മലബാര്‍ ഗ്രൂപ്പ് സി.എസ്.ആര്‍. വിഭാഗം സീനിയര്‍ മാനേജര്‍ പി.കെ. ഷബീര്‍, ബിസിനസ് ഹെഡ് (കോര്‍പറേറ്റ് ഗിഫ്റ്റിങ്) മിലിന്‍ഡ് ഉമാട്ടേ എന്നിവര്‍ ചേര്‍ന്ന് ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്തില്‍നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.
റിട്ട. എയര്‍മാര്‍ഷല്‍ വി.പി.എസ്. റാണ, ഡല്‍ഹി സി.എസ്.ആര്‍. ടൈംസ് എഡിറ്റര്‍ ഹരീഷ് ചന്ദ്ര, ഗോവ സി.എസ്.ആര്‍. അതോറിറ്റി ജോയിന്റ് സി.ഇ.ഒ. വിജയ് സക്‌സേന, ഗോവ സി.എസ്.ആര്‍. അതോറിറ്റി പ്രിന്‍സിപ്പല്‍ അഡൈ്വസര്‍ ഡോ. എം.ബി. ഗുരുരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.
വിശക്കുന്നവര്‍ക്ക് ഒരുനേരത്തെ ഭക്ഷണമെത്തിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കിവരുന്നതാണ് ‘ഹംഗര്‍ ഫ്രീ വേള്‍ഡ്’ പദ്ധതി.
പദ്ധതിപ്രകാരം ഇന്ത്യയിലെ 16 സംസ്ഥാനങ്ങളിലെ 69 നഗരങ്ങളിലായി ദിനംപ്രതി 41,000 പേര്‍ക്ക് പോഷകസമൃദ്ധമായ ഭക്ഷണപ്പൊതികള്‍ വിതരണംചെയ്യുന്നുണ്ട്. ഇതിനുപുറമെ ആഫ്രിക്കന്‍രാജ്യമായ സാംബിയയിലെ സ്‌കൂള്‍വിദ്യാര്‍ഥികള്‍ക്ക് ദിനംപ്രതി 10,000 ഭക്ഷണപ്പൊതികളും വിതരണംചെയ്യുന്നുണ്ട്. സാമൂഹികസേവനരംഗത്ത് പ്രവര്‍ത്തിക്കുന്ന ‘തണല്‍’ എന്ന സന്നദ്ധസംഘടനയുമായി സഹകരിച്ചാണ് മലബാര്‍ ഗ്രൂപ്പ് ‘ഹംഗര്‍ ഫ്രീ വേള്‍ഡ്’ പദ്ധതി നടപ്പാക്കുന്നത്.


