ചൊവ്വയില്‍ ബേക്കല്‍ കോട്ടയും പെരിയാറും വലിയ മലയുമൊക്കെയുണ്ടെന്ന് കേട്ടാല്‍ അത് തള്ളാണെന്ന് തോന്നില്ലേ? എന്നാല്‍ സംഗതി സത്യമാണ്. ഇനി ചൊവ്വയില്‍ വിവിധ പ്രദേശങ്ങള്‍ കേരളത്തിലെ സ്ഥലനാമങ്ങളിലാണ് അറിയപ്പെടുക.
|
3.5 ബില്യണ്‍ വര്‍ഷം പഴക്കമുള്ള ചൊവ്വ ഗ്രഹത്തിലെ ഗര്‍ത്തം ഇനിമുതല്‍ അറിയപ്പെടുക ഇന്ത്യന്‍ ഭൂഗര്‍ഭശാസ്ത്രജ്ഞനായ എം.എസ്. കൃഷ്ണന്റെ പേരിലാണ്. ചൊവ്വ ഗ്രഹത്തില്‍ കേരളത്തിന്റേതായ വിവിധ പേരുകള്‍ നിര്‍ദേശിച്ച് അതിന് അംഗീകാരം നേടിയെടുത്തത് രണ്ടു മലയാളികളാണ്.
മതിലകം പുതിയകാവ് സ്വദേശിയും കാസര്‍കോട് ഗവ. കോളജ് ജിയോളജി വിഭാഗം അസി. പ്രഫസറുമായ ഡോ. ആസിഫ് ഇഖ്ബാല്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ (ഐ.ഐ.എസ്.ടി) പ്രഫ. ഡോ. വി.ജെ. രാജേഷ് എന്നിവരാണ് ചൊവ്വയിലൊരു കേരളമുണ്ടാക്കിയത്.
ചൊവ്വാ ഗ്രഹത്തിലെ ഗര്‍ത്തത്തിന് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര യൂനിയന്‍ (ഐ.എ.യു) ‘കൃഷ്ണന്‍ ക്രേറ്റര്‍’ എന്ന പേര് ഔദ്യോഗികമായി അംഗീകരിച്ചു. ഇതോടൊപ്പം കേരളത്തിന്റെ ശാസ്ത്ര-സംസ്‌കാര പൈതൃകത്തെ ആദരിക്കുന്നതിന്റെ ഭാഗമായി നിര്‍ദേശിച്ച അഞ്ചുപേരുകള്‍ക്കും ഐ.എ.യു അംഗീകാരം നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരത്തെ വലിയമല (ഐ.ഐ.എസ്.ടി ആസ്ഥാനം), തുമ്പ (വി.എസ്.എസ്.സി ആസ്ഥാനം), വര്‍ക്കല -ജിയോളജിക്കല്‍ മൊനുമെന്റ് (വര്‍ക്കല ക്ലിഫ്), ബേക്കല്‍-ഹിസ്റ്റോറിക്കല്‍ (ബേക്കല്‍ ഫോര്‍ട്ട്), പെരിയാര്‍ വാലീസ് (ചാനല്‍ വിത്ത് ദി പ്ലെയ്ന്‍), കൃഷ്ണന്‍ പാലുസ് (ദി പ്ലെയ്ന്‍ ഇന്‍ ഇന്‍സൈസ് കൃഷ്ണന്‍ ക്രേറ്റര്‍) എന്നീ പേരുകളാണ് ഐ.എ.യു അംഗീകരിച്ചത്.
ചൊവ്വയിലെ ഉപരിതല ഭൂരൂപങ്ങള്‍ക്ക് കേരളത്തില്‍നിന്നുള്ള പേരുകള്‍ അംഗീകരിക്കപ്പെടുന്നത് ഇതാദ്യമാണ്. പുതിയകാവ്, മതിലകം, കൊടുങ്ങല്ലൂര്‍, കൊച്ചി തുടങ്ങിയ സ്ഥലനാമങ്ങളും പ്രമുഖ വ്യക്തിത്വങ്ങളുടെ പേരുകളും ആദ്യഘട്ടത്തില്‍ നിര്‍ദേശിച്ചിരുന്നെങ്കിലും ഉച്ചാരണത്തിലുള്ള ബുദ്ധിമുട്ടും മാനദണ്ഡങ്ങളും കണക്കിലെടുത്ത് നിരസിക്കുകയായിരുന്നു. മതിലകം പുതിയകാവിലെ കാക്കശ്ശേരി മുഹമ്മദ് ഇഖ്ബാലിന്റെയും അധ്യാപിക സൈനയുടെയും മകനാണ് ഡോ. ആസിഫ് ഇക്ബാല്‍. ഭാര്യ: ഫര്‍സാന ബീഗം (പിഎച്ച്.ഡി ഗവേഷക ഡെയറി മൈക്രോബയോളജി). മകന്‍: ആസാദ്.





