നിര്‍മിത ബുദ്ധി(എഐ)ഉപയോഗിച്ച് തന്റെ മൂന്നു സഹോദരിമാരുടെ അശ്ലീലവീഡിയോകള്‍ നിര്‍മിച്ചവര്‍ പണം ആവശ്യപ്പെട്ട് ബ്ലാക്ക് മെയിലിങ് ചെയ്തതോടെ 19കാരന്‍ ജീവനൊടുക്കി. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ രാഹുല്‍ ഭാരതിയാണ് ആത്മഹത്യ ചെയ്തത്.
|
രാഹുലിന്റെ മൊബൈല്‍ ഫോണ്‍ ഹാക്ക് ചെയ്താണ് ആരോ എഐ ഉപയോഗിച്ച് യുവാവിന്റെ മൂന്നു സഹോദരിമാരുടെയും അച്ഛന്റെയും അശ്ലീല വീഡിയോകളും ഫോട്ടോകളും നിര്‍മിച്ചത്. ഇതു പുറത്തുവിടാതിരിക്കണമെങ്കില്‍ യുവാവിനോട് പണം നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് രാഹുല്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു. ദിവസങ്ങളായി യുവാവ് ഭക്ഷണം കഴിക്കുക പോലും ചെയ്തിരുന്നില്ലെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു.
രാഹുലുമായി സഹില്‍ എന്ന പേരുള്ളയാള്‍ നടത്തിയ വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്. ലൊക്കേഷന്‍ അയച്ചുനല്‍കിയ സഹില്‍ പണവുമായി അവിടേക്ക് വരാന്‍ രാഹുലിനോട് ആവശ്യപ്പെട്ടിരുന്നു. ശനിയാഴ്ച രാത്രിയാണ് രാഹുല്‍ ജീവനൊടുക്കാനായി അമിത അളവില്‍ ഗുളികകള്‍ കഴിച്ചത്. വീട്ടുകാര്‍ രാഹുലിനെ ആശുപത്രിയിലേക്ക് നീക്കിയെങ്കിലും രക്ഷിക്കാനായില്ല. നീരജ് ഭാരതിയെന്നയാള്‍ക്ക് രാഹുലിന്റെ മരണത്തിലും എഐ വീഡിയോകള്‍ക്കു പിന്നിലും ബന്ധമുണ്ടെന്ന് കുടുംബം പരാതി നല്‍കിയിട്ടുണ്ട്.





