എടിഎമ്മില്‍ നിന്ന് പതിനായിരം രൂപ പിന്‍വലിക്കാനെത്തിയ ആള്‍ക്ക് ബാങ്ക് നല്‍കേണ്ടത് മൂന്നുലക്ഷത്തിലേറ രൂപ. ഗുജറാത്തിലെ സൂററ്റിലാണ് സംഭവം. 2017 ഫെബ്രുവരി 18ന് എസ്ബിഐയുടെ ഉദ്‌നയിലെ എടിഎമ്മില്‍ നിന്ന് പതിനായിരം രൂപ പിന്‍വലിക്കാനെത്തിയ ആള്‍ക്ക് പണം ലഭിച്ചില്ലെന്ന് മാത്രമല്ല പണം അക്കൗണ്ടില്‍ നിന്ന് കുറച്ചതായ സന്ദേശവും ലഭിച്ചു.
|
ബാങ്ക് ഓഫ് ബറോഡയുടെ ഡംഭാല്‍ ശാഖയിലായിരുന്നു യുവാവിന്റെ അക്കൗണ്ട്. തന്റെ പണം നഷ്ടപ്പെട്ട വിഷയം ചൂണ്ടിക്കാട്ടി യുവാവ് ബാങ്കിനെ സമീപിക്കുകയും പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ പണം ലഭിച്ചില്ല. ഇതിനു ശേഷം നിരവധി തവണ ഇമെയിലായും അല്ലാതെയും ബാങ്കിന് പരാതി നല്‍കുകയും ആശയവിനിമയം നടത്തുകയും ചെയ്തിട്ടും അനുകൂല നടപടിയുണ്ടായില്ല. പിന്നീട് ആര്‍ബിഐക്ക് വരെ പരാതി നല്‍കി. ഇതിലും നിരാശയായിരുന്നു ഫലം. എസ്ബിഐ എടിഎമ്മില്‍ നിന്നുള്ള സിസിടിവി ദൃശ്യത്തിനായി യുവാവ് ബാങ്കിനെ സമീപിച്ചെങ്കിലും ഇതും കിട്ടിയില്ല. ഒടുവില്‍ 2017 ഡിസംബര്‍ 20ന് യുവാവ് ഉപഭോക്തൃതര്‍ക്കപരിഹാര കോടതിയെ സമീപിച്ചു.
കോടതി മുമ്പാകെ എത്തിയ ബാങ്ക് ഓഫ് ബറോഡ് അധികൃതര്‍ യുവാവ് ഉപയോഗിച്ച എടിഎം എസ്ബിഐയുടേതാണെന്നും ട്രാന്‍സാക്ഷന്‍ വിജയകരമെന്നാണ് അവരുടെ രേഖകള്‍ കാണിക്കുന്നതെന്നും വാദിച്ചു. എന്നാല്‍ ഈ വാദം തള്ളിയ കോടതി ഇതിനുള്ള സാധുവായ തെളിവ് ബാങ്ക് നല്‍കണമെന്നു ചൂണ്ടിക്കാട്ടി. പണം പിന്‍വലിക്കുമ്പോള്‍ ഫെയിലര്‍ ആയാല്‍ അഞ്ചുദിവസത്തിനകം റീഫണ്ട് ചെയ്യണമെന്നാണ് ആര്‍ബിഐ നിയമമെന്നും കോടതി വ്യക്തമാക്കി.
യുവാവില്‍ നിന്ന് അനധികൃതമായി പിടിച്ച പതിനായിരം രൂപ 9 ശതമാനം വാര്‍ഷിക പലിശ സഹിതം തിരികെ നല്‍കണമെന്നു വിധിച്ച കോടതി പണം നല്‍കാന്‍ വീഴ്ച വരുത്തിയതിനാല്‍ പ്രതിദിനം 100 രൂപ വീതം നഷ്ടപരിഹാരം നല്‍കാനും നിര്‍ദേശിക്കുകയായിരുന്നു. 2026 ഫെബ്രുവരി 26 വരെ 3288 ദിവസമാണ് പണം നല്‍കുന്നതില്‍ ബാങ്ക് വീഴ്ച വരുത്തിയത്. ഇതുമാത്രം 328800 രൂപയുണ്ട്. ഇതിനു പുറമേ മൂവായിരം രൂപ നഷ്ടപരിഹാരവും 2000 രൂപ കോടതിച്ചെലവായും നല്‍കാന്‍ ബാങ്കിനോട് കോടതി ഉത്തരവിട്ടു.
ALSO READ: കുവൈത്തിലെ നാഷനല്‍ പെട്രോളിയം കമ്പനിയുടെ കേന്ദ്രങ്ങള്‍ക്കു നേരെ ഡ്രോണ്‍ ആക്രമണം





