
കുവൈത്തില്‍ നൂറുകണക്കിനു തൊഴിലാളികളെ അനധികൃതമായി റിക്രൂട്ട് ചെയ്ത സംഘത്തെ പിടികൂടി. തൊഴില്‍ റിക്രൂട്ട്‌മെന്റ് കമ്പനികള്‍ക്ക് പണം വാങ്ങി ലൈസന്‍സ് നല്‍കിയിരുന്ന പ്രവാസികള്‍ ഉള്‍പ്പെടെയുള്ള ആറ് പേരടങ്ങുന്ന സംഘമാണ് അറസ്റ്റിലായത്.
![]() |
|
റെസിഡന്‍സി അഫയേഴ്സ് ഇന്‍വെസ്റ്റിഗേഷന്‍ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് നടത്തിയ അന്വേഷത്തിലാണ് മൂന്ന് കുവൈത്തി പൗരന്മാരും മൂന്ന് ഈജിപ്ഷ്യന്‍ പൗരന്മാരും ഉള്‍പ്പെടുന്ന സംഘം വലയിലായത്. അനധികൃതമായി തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനായി 28 കമ്പനികളുടെ ലൈസന്‍സുകളാണ് ഇവര്‍ ദുരുപയോഗം ചെയ്തത്.
അന്വേഷണത്തില്‍, പ്രതികള്‍ ഇതിനകം 382 തൊഴിലാളികളെ റിക്രൂട്ട് ചെയ്തതായി കണ്ടെത്തി. ഒരു തൊഴിലാളിയില്‍ നിന്ന് 800 മുതല്‍ 1,000 ദിനാര്‍ വരെയാണ് ഈടാക്കിയിരുന്നത്. തൊഴിലാളികളുടെ വിവരങ്ങള്‍ സിസ്റ്റത്തില്‍ വേഗത്തില്‍ രേഖപ്പെടുത്തുന്നതിന് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിലെ ജീവനക്കാര്‍ക്ക് 200 മുതല്‍ 250 ദിനാര്‍ വരെ കൈക്കൂലി നല്‍കിയിരുന്നതായും കണ്ടെത്തി.