28
Mar 2024
Sun
28 Mar 2024 Sun
boycott mcdonald

തെല്‍ അവീവ്: ഗസയില്‍ കൂട്ടക്കുരുതി നടത്തുന്ന ഇസ്രായേലി സൈന്യത്തിന് പിന്തുണ പ്രഖ്യാപിച്ച മക്‌ഡൊണാള്‍ഡ് നഷ്ടങ്ങളില്‍ നിന്ന് നഷ്ടങ്ങളിലേക്ക് കൂപ്പു കുത്തുന്നു. ലോകവ്യാപകമായി ഫലസ്തീന്‍ അനുകൂല സംഘടനകള്‍ ആഹ്വാനം ചെയ്ത ബഹിഷ്‌കരണ ആഹ്വാനത്തെ തുടര്‍ന്ന് ഫാസ്റ്റ് ഫുഡ് ഭീമന്‍ നേരിടുന്ന നഷ്ടം 700 കോടി ഡോളറിലെത്തി.

അറബ് മേഖലയിലും ഇസ്ലാമിക ലോകത്തും ബഹിഷ്‌കരണ കാമ്പയിന്‍ വിനയായെന്ന് മക്‌ഡൊണാള്‍ഡ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ഇയാന്‍ ബോര്‍ഡന്‍ ബുധനാഴ്ച വെളിപ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് മണിക്കൂറുകള്‍ക്കകമാണ് നഷ്ടം വീണ്ടും വര്‍ധിച്ചത്. ബുധനാഴ്ചത്തെ ട്രേഡിങ്ങില്‍ മക്‌ഡൊണാള്‍ഡിന്റെ ഓഹരികള്‍ മൂന്നു ശതമാനത്തിലധികം ഇടിഞ്ഞു. അഞ്ച് ആഴ്ചയ്ക്കുള്ളിലെ ഏറ്റവും വലിയ പ്രതിദിന നഷ്ടമാണ് കമ്പനി നേരിടുന്നതെന്ന് ജോര്‍ദാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
palestine boycott

ഇസ്രായേല്‍ അധിനിവേശ സൈനികര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കുമെന്ന് കഴിഞ്ഞ ഒക്ടോബറില്‍ ഇസ്രായേലിലെ മക്ഡൊണാള്‍ഡ് പ്രഖ്യാപിച്ചതാണ് കമ്പനിക്ക് വിനയായത്. ഇതിനെതിരേ പ്രതിഷേധം ശക്തമായതോടെ അറബ് മേഖലയിലെ ചില മക്ഡൊണാള്‍ഡ് ശാഖകള്‍ ഗസാ ദുരിതാശ്വാസത്തിന് സംഭാവനകള്‍ പ്രഖ്യാപിച്ചെങ്കിലും അതൊന്നും ഗുണം ചെയ്തില്ല.

ബഹിഷ്‌കരണത്തെ തുടര്‍ന്ന് ബര്‍ഗര്‍ കിംഗ്, കെഎഫ്‌സി, പിസ്സ ഹട്ട്, കൊക്കകോള, പെപ്‌സി, പ്യൂമ, സ്റ്റാര്‍ബക്സ്, സാറ തുടങ്ങിയ ബ്രാന്‍ഡുകളും അറബ്, ഇസ്ലാമിക ലോകത്ത് വലിയ പ്രതിസന്ധി നേരിടുന്നുണ്ട്.

അതേസമയം, ഗസയില്‍ ഇസ്രായേല്‍ തുടരുന്ന മനുഷ്യത്വരഹിതമായ ക്രൂരതകള്‍ ഈത്തപ്പഴ കയറ്റുമതിയിലും തിരിച്ചടിയായി. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഈത്തപ്പഴം ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇസ്രായേല്‍.
boycott israeli dates

തെക്കുകിഴക്കന്‍ ഏഷ്യയിലെ മുസ്ലിം രാഷ്ട്രങ്ങളിലുടനീളം ഇസ്രായേലില്‍ നിന്നുള്ള ഈത്തപ്പഴം ജനങ്ങള്‍ ബഹിഷ്‌കരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ മുസ്ലിം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയിലെ പരമോന്നത മുസ്ലിം സംഘം ഇസ്രായേലില്‍നിന്നുള്ള ഈത്തപ്പഴം നിഷിദ്ധമാണെന്ന് മതവിധി പുറപ്പെടുവിച്ചിട്ടുണ്ട്. മലേഷ്യയില്‍ ഇസ്രായേലി ഈത്തപ്പഴ വില്‍പ്പന തടയാന്‍ അധികൃതര്‍ ശക്തമായ പരിശോധന നടത്തുന്നുണ്ട്.

ഇസ്രായേലിലെ ജനപ്രിയമായ മെദ്ജൂള്‍ ഈത്തപ്പഴത്തിന്റെ വില്‍പ്പന ഇത്തവണ കുത്തനെ ഇടിഞ്ഞു. ഇസ്രായേലില്‍നിന്നുള്ള വാര്‍ഷിക ഈത്തപ്പഴ കയറ്റുമതിയുടെ മൂന്നിലൊന്നും റമദാന്‍ മാസത്തിലാണ് നടക്കുന്നത്. അധിനിവേശ വെസ്റ്റ് ബാങ്കിലെ അനധികൃത ഇസ്രായേലി കുടിയേറ്റക്കാരാണ് മെദ്ജൂള്‍ ഈത്തപ്പഴത്തില്‍ ഭൂരിഭാഗവും കൃഷി ചെയ്യുന്നത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 2022ല്‍ മാത്രം ഇസ്രായേലില്‍ നിന്ന് 338 മില്യണ്‍ ഡോളറിന്റെ ഈത്തപ്പഴ കയറ്റുമതിയാണ് നടത്തിയത്. ഇത്തവണ അതില്‍ വലിയ തോതില്‍ കുറവ് വരും.